Jul 3, 2010

രാഘവേട്ടന്‍ c/o സുരഭി സ്റ്റോര്‍

രാത്രിയില്‍ കിടക്കും മുന്‍പ് അലമാരിയില്‍ ഇരിക്കുന്ന ടിക്കറ്റ്‌ രാഘവേട്ടന്‍ ഒന്നുകൂടി എടുത്തു നോക്കി...ഇനി നാലു നാള്‍ കൂടി മാത്രം.മൂന്നുവര്‍ഷത്തെ പ്രവാസ ജീവിതനിനു ഒരു ചെറിയ ഇടവേള...സൂപ്പര്‍ വൈസര്‍ കനിഞ്ഞു തന്ന എഴുപത്തി അഞ്ചു നാളുകള്‍. നാട്ടിലെ അത്യാവശ്യങ്ങളുടെ പേരില്‍ നീട്ടിയ ലീവ് കിട്ടാന്‍ ഒരു വര്ഷം കൂടി കാത്തിരിക്കേണ്ടി വന്നു..... ടിക്കറ്റ്‌ ബുക്ക്‌ ചെയ്തപോല്‍ മുതലുള്ള ദിവസം എന്ന്നല്‍ ഇപ്പോള്‍ വെറും നാലു നാള്‍ അകലെ എത്തിയിരിക്കുന്നു...ഓണം വരുന്നു...ചിലവുകളും. എന്നാണ് നാട്ടില്‍ അവസാനം ഓണം കൂടിയത്? ഒരു പാടായി .എന്ന് തോന്നുന്നു ..അല്ലെങ്കില്‍ തന്നെ സദാശിവന്‍ സാര്‍ പറയുന്നപോലെ കാട്ടുകോഴിക്കെന്തു ഓണവും സംക്രാന്തിയും

മെസ്സ് ഹാളില്‍ ഇപ്പോഴും തട്ടലും മുട്ടലും കേള്‍ക്കാം .വറുഗീസും രാജുവും കിടന്നിട്ടില്ല...പ്രഭാത ഭക്ഷണം ഉണ്ടാക്കുകയാവാം...മെസ്സ് ഹാള്‍ നാലരക്ക് തുറക്കും...ഷിഫ്റ്റ്‌ ജോലിക്കാര്‍ പോകാന്‍ തുന്ടങ്ങുന്ന സമയം... ഈയാഴ്ച വേണ്ടുന്ന എല്ലാ സാധനങ്ങളും വാങ്ങി കണക്കു കൃത്യമായി മെസ്സ് ഉടമയെ ഏല്പിച്ചു..നാളെ ഒന്നാം തീയതി..വാടക കൂടി പിരിച്ചു നല്‍കിയാല്‍ സമാധാനമായി നാട്ടില്‍ പോകാം..എഴുപതന്ന്ച് ദിവസത്തെ കാര്യം അവരാച്ചനെ ആണ് ഏല്പിച്ചിരിക്കുന്നത്..അവരാച്ചന്‍ മെസ്സില്‍ താമസം തുടങ്ങിയിട്ട് അഞ്ചു വര്‍ഷത്തിനു മേലായി..ഒരു ഉപദ്രവവും ഇല്ല...ഉപകാരവും..സ്വന്തം കാര്യം മാത്രം..ഒരുകണക്കിന് അത് നല്ലതാണു..തന്നെ പോലെ ആളുകളെ സഹായിച്ചു വെറുതെ കുഴപ്പതിലവില്ലല്ലോ..അവരച്ചാണ് മിനിസ്ട്ര്യില്‍ ആണ് ജോലി ഉച്ചക്ക് ഒരുമണി ആകുമ്പോള്‍ ആളു മെസ്സില്‍ ഉണ്ടാവും..പിന്നെ ഉറക്കവും ടിവി കാണലും തന്നെ..മുറിയില്‍ നിന്നും പുറത്തിറങ്ങുന്നത് ഭക്ഷണം കഴിക്കാന്‍ മാത്രം..വാടക കൃത്യമയിട്ടും തരും..


മൂന്നു വര്‍ഷമായി മെസ്സിന്റെ ചുമതല കിട്ടിയിട്ട്...മെസ്സ് ഉടമ നാട്ടുകാരന്‍ തന്നെ....നേരത്തെ നടത്തിയ ആള്‍ മെസ്സ് കൊടുത്തു നാട്ടില്‍ പോയി..മെസ്സ് നടത്താന്‍ ആളു അന്വേഷിക്കുന്നതിനിടെയാണ് ഒരിക്കല്‍ ബക്കാലയില്‍ വെച്ച് അവിചാരിതമായി സേവ്യറെ കാണുന്നത്...ഭക്ഷണവും താമസവും സൌജന്യം എന്ന് കേട്ടപ്പോള്‍ ആ വകയില്‍ സമ്പാദിക്കാവുന്ന തുകയുടെ വലിപ്പതെക്കള്‍ നാട്ടിലെ അത്യാവശ്യങ്ങള്‍ ആയിരുന്നു മനസ്സില്‍..നൂറ്റിയിരുപതു ദിനാറു ശംബലക്കാരന് നാല്‍പ്പതു ദിനാറു ലാഭിക്കാന്‍ കഴിയുന്നത്‌ വലിയ കാര്യമല്ലേ...മെസ്സിലെ പിള്ളേരൊക്കെ കളിയാക്കും.. താമസോം ഭക്ഷണോം ഫ്രീ അല്ലെ.....പിന്നെ എന്നാ വേണം എന്ന്....ഒരു മെസ്സ് നോക്കി നടത്തുന്നതിന്റെ ബുദ്ധിമുട്ടൊന്നും പിള്ളേര്‍ക്ക് അറിയില്ലല്ലോഅവര്‍ക്ക് വെറുതെ വന്നിരുന്നു കുറ്റം പറഞ്ഞ മതിയല്ലോ..വാടക മുഴുവന്‍ പിരിച്ചെടുക്കാന്‍ തന്നെ പെടപ്പടാണ്...കാശു ചോദിക്കുമ്പോള്‍ ഭക്ഷണം മോശം... റൂമില്‍ തണുപ്പില്ല..അങ്ങനെ അങ്ങനെ നൂറു കുറ്റം..


ആകെപ്പാടെ തന്നോട് അല്പം അടുപ്പം കാട്ടുന്നത് സദാശിവന്‍ സാര്‍ ആണ്..ഇടയ്ക്കു വെറുതെ റൂമില്‍ വരും..കാര്യങ്ങള്‍ ഒക്കെ ചോദിച്ചറിയും..സദാശിവന്‍ സാര്‍ ആണ് ടിക്കറ്റ്‌ കടം എടുത്തു തന്നത്..നാട്ടില്‍ പോയി വന്നിട്ട് തന്നാല്‍ മതി എന്ന് പറഞ്ഞു..അത്രേം ഭാഗ്യം..

അങ്ങനെ പോകുന്ന നാള്‍ വന്നെത്തി...കണക്കു പുസ്തകം ഏല്പിച്ചു അവരച്ചന്റെ ഒപ്പും വാങ്ങി എല്ലാം സേവ്യറെ എല്പിച്ചപ്പോള്‍ സേവ്യര്‍ എന്തെകിലും തരും എന്ന് കരുതി...എന്നാല് ശരി അച്ചായ... പോയിട്ട് വാ....സെവ്യര്‍ക്ക് എല്ലാരും അച്ചയന്മാരാന്..സെവ്യര്‍ക്ക് നല്ല ജോലി ആണ്..ഭാര്യക്കും ഉണ്ട് ജോലി..നല്ല ഒരു ബക്കാല. സുരഭിസ്റ്റോര്‍..മെസ്സും നന്നായി നടക്കുന്നു..ഒരിക്കലും ഒഴിവുണ്ടാവില്ല..ഓരോരുത്തരുടെ സമയം!



സദാശിവന്‍ സാര്‍ ആയിരുന്നു എയര്‍പോര്‍ട്ടില്‍ കൊണ്ട് വിട്ടത്..എന്തോ , ഇത്രയും ദിവസങ്ങില്‍ ഉണ്ടായിരുന്ന ഒരു സന്തോഷം അന്ന് ഇല്ലാത്തപോലെ...നാട്ടിലെ കാര്യങ്ങള്‍ ഒര്താവം..രോഗിയായ ഭാര്യ..കല്യാണം ഒന്നും ആവാത്ത മൂന്നു പെണ്‍ മക്കള്‍ ..വീട് പുതുക്കാന്‍ കഴിഞ്ഞിട്ടില്ല ഇതേവരെ....പതിനഞ്ചു വര്‍ഷത്തെ പട്ടാള ജീവിതത്തിനും പത്തു വര്‍ഷത്തെ പ്രവാസ ജീവിതിനും മാറ്റാന്‍ കഴിയാത്ത ചില കാര്യങ്ങള്‍..


എഴുപത്തഞ്ചു ദിവസങ്ങള്‍ പെട്ടെന്ന് പോയി.... ഈ തവണ എങ്ങും പോയില്ല...മക്കളോടും ഭാര്യയോടും ഒപ്പം വീട്ടില്‍ തന്നെ..അല്ലെകിലും പണം ചിലവാക്കാന്‍ പറ്റുന്ന അവസ്ഥയില്‍ അല്ലല്ലോ ..എയര്‍പോര്‍ട്ടില്‍ നിന്നും ഒരു ടാക്സി പിടിച്ചു മെസ്സില്‍ എത്തി...


സദാശിവന്‍ സാര്‍ വിളിച്ചു മുറിയില്‍ കൊണ്ടുപോയി....നാട്ടിലെ വിവരങ്ങള്‍ ഒക്കെ ചോദിച്ചറിഞ്ഞു...മെസ്സിലെ കാര്യങ്ങള്‍ ഒക്കെ എങ്ങനെ നടക്കുന്നു എന്ന് ചോദിച്ചപോള്‍ അല്പം മൌനിയായി॥അല്‍പ നേരത്തിനു ശേഷം പറഞ്ഞു ..രാഘവേട്ടന്‍ വിഷമിക്കല്ലേ ..അവരാച്ചനെ സ്ഥിരമായി മെസ്സ് എല്പ്പിക്കാനാണ് സെവ്യരുടെ തീരുമാനം എന്ന്..രാഘവേട്ടന്‍ പോയപ്പോള്‍ അവരാച്ചന്‍ സേവ്യറെ പറഞ്ഞു തിരിച്ചത്രേ..ഒന്നും മിണ്ടാന്‍ പറ്റിയില്ല..കണ്ണില്‍ ഒരു പുകമറ പോലെ..കട്ടിലിലേക്ക് ചാരി ഇരുന്നപോള്‍ സദാശിവന്‍ സാര്‍ ഒന്ന് കൂടി പറഞ്ഞു..ഇവിടെ തന്നെ താമസിക്കാനാനെങ്കില്‍ രാഘവേട്ടന് അഞ്ചു ദിനാര്‍ കുറച്ചു തരാന്‍ അവരാച്ചന്‍ സെവ്യരോട് പറഞ്ഞിടുണ്ടത്രേ..കണ്ണിലൂടെ ഒഴുകിവന്നത്‌ തടയാന്‍ ആകുന്നില്ല...ഭാര്യയും മക്കളും കടങ്ങളുടെ വലിപ്പവും എല്ലാം മാറി മാറി തെളിയുന്നു...


അല്പനെരത്തിന് ശേഷം മൊബൈല്‍ എടുത്തു വീട്ടിലേക്കു വിളിച്ചു...സുഖമായി എത്തി ചേര്‍ന്നു എന്ന് പറഞ്ഞപോള്‍ സ്വരം ഇടറിയോ ..സുരഭി സ്റ്റോര്‍ എന്ന വിലാസത്തിലേക്ക് ഇനി കത്ത് അയക്കണ്ട എന്ന് പറഞ്ഞപ്പോള്‍ അവരാച്ചന്റെ അഞ്ചു ദിനാറിന്റെ സൌജന്യം ഇനി ആവശ്യമില്ല എന്ന ചിന്തയയിരുന്നോ മനസ്സില്‍?

..