Aug 9, 2010

മൂന്നാം നിലയിലെ കാന്‍സര്‍ വാര്‍ഡ്‌..


സന്ദര്‍ശക സമയത്തിന്റെ അവസാനമായിരുന്നു സുഹൃത്തിനൊപ്പം മുകുന്ദേട്ടനെ കാണാന്‍ ആശുപത്രിയില്‍ എത്തിയത്. സത്യം പറഞ്ഞാല്‍ മുകുന്ദേട്ടനെ അറിയാം എന്നതില്‍ കവിഞ്ഞു അദ്ദേഹത്തിന്റെ കൂടുതല്‍ കാര്യങ്ങള്‍ ഒന്നും എനിക്ക് അറിയില്ലായിരുന്നു. ഒറ്റപ്പെട്ട ഒരു സ്ഥലത്തായിരുന്നു കാന്‍സര്‍ വാര്‍ഡ്‌ സ്ഥിതി ചെയ്തിരുന്നത്. മൂന്നാമത്തെ നിലയിലേക്ക് കയറിചെന്നപ്പോഴേക്കും ഞങ്ങള്‍ കിതച്ചു... വരിവരിയായി കിടത്തിയിരുന്ന രോഗികള്ക്കിടയിലൂടെ പേ വാര്‍ഡിലേക്ക് നടക്കുമ്പോള്‍ എവിടെനിന്നോ ഒരുചെറിയകരച്ചില്‍ കേട്ടു.ചിലപോള്‍ രോഗിയുടെതെവാം അല്ലെങ്കില്‍ ഞങ്ങളെപോലെ കാണാന്‍ ആരെയെങ്കിലും കാണാന്‍ വന്നവരുടെതാവാം .




മരണം കാത്തു കഴിയുന്ന ഒരാളെ എങ്ങനെ നേരിടണം എന്ന് ‍ അറിയാന്‍ ഉള്ള പക്വത സത്യത്തില്‍ അന്ന് എനിക്ക് ഉണ്ടായിരുന്നില്ല. എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നതിനെപറ്റി ഒരു രൂപവും .മരണത്തിന്റെ കാലൊച്ച കേട്ടു കിടക്കുന്ന ഒരാളെ ആദ്യമായിആണെന്ന് തോന്നുന്നു ഞാന്‍ കാണുന്നത്. ഞങ്ങള്‍ ചെന്നപ്പോള്‍ മുകുന്ദേട്ടന്‍ മൂന്നാം നിലയിലുള്ള ജനലിലൂടെ അകലേക്ക്‌ നോക്കി കിടക്കുകയായിരുന്നു




ഏകദേശം ഒരേ പ്രായക്കാരായിരുന്നു എന്‍റെ സുഹൃത്തും മുകുന്ദേട്ടനും . അതുകൊണ്ടുതന്നെ വല്ലാത്തൊരു ആത്മബന്ധം അവര്‍ തമ്മില്‍ ഉണ്ടായിരുന്നു എന്നും ഞാന്‍ അനുമാനിച്ചു.അവര്‍ ഒന്നും സംസാരിച്ചില്ല.അര്‍ബുദ രോഗം പിടിപെട്ടു ഒന്നും ചെയ്യാനില്ലാത്ത ഒരു അവസ്ഥയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു ഞങ്ങള്‍ എത്തിയത്. സന്ദര്‍ശക സമയം കഴിഞ്ഞു എന്ന് ഒരാള്‍ വന്നു അറിയിച്ചു. മുകുന്ദേട്ടന്‍ ചോദിച്ചു ...പോകാറായി അല്ലെ..എനിക്കും പോകാറായി...ഇനി എത്ര ദിവസം കൂടി എന്നെ ഉള്ളു. ആദ്യമായി ആയിരുന്നു എന്റെ സുഹൃത്ത്‌ കരയുന്നത് ഞാന്‍ കാണുന്നത്..മുകുന്ദേട്ടന്റെരണ്ടു കൈയും കൂട്ടിപിടിച്ചു ശബ്ദമില്ലാതെ അയാള്‍ കരഞ്ഞു.എനിക്കും പിടിച്ചു നില്‍ക്കാനായില്ല..പക്ഷെ മുകുന്ദേട്ടന്‍ കരയുന്നുണ്ടായിരുന്നില്ല .. മുകുന്ദേട്ടന്റെ ഭാര്യയും മക്കളും അവിടെ ഉണ്ടായിരുന്നു. നിസ്സഹായത മാത്രം ഞങ്ങള്‍ അവിടെ കണ്ടു. ഇനി എന്ത് എന്ന ചിന്തയാണോ അവരെ അലട്ടിയിരുന്നത് ?




ആശുപത്രി സെക്യൂരിറ്റി വീണ്ടും എത്തി .ഞങ്ങളോട് പുറത്തു കടക്കാന്‍ പറഞ്ഞു. അപ്പോഴും സുഹൃത്തിന്റെ കൈകളില്‍ തന്നെ ആയിരുന്നു മുകുന്ടെട്ടന്റെ കൈകള്‍. ആ കണ്ണുകള്‍ എന്തോ അപേക്ഷിക്കുന്നതുപോലെ എനിക്ക് തോന്നി... ചിലപ്പോള്‍ തന്‍റെ കുടുംബത്തിന്റെ സംരക്ഷണം ആവാം.




ഒടുവില്‍ ഇറങ്ങുമ്പോള്‍ മുകുന്ദേട്ടന്‍ സുഹൃത്തിന്റെ കൈയ്യില്‍ എന്തോ കൊടുക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. ‍ മുകുന്ദേട്ടന്റെ കൈകളില്‍പിടിച്ചപ്പോള്‍ അസാധാരണമായ ഒരുതണുപ്പ് എനിക്ക് അനുഭവപ്പെട്ടു ഒന്നും മുകുന്ദേട്ടനോട് പറയാന്‍ എനിക്ക് സാധിച്ചില്ല .




തിരിയെ പോകുമ്പോള്‍ ഞാന്‍ മുകുന്ദേട്ടനെ പറ്റി കൂടുതല്‍ ചോദിച്ചു..എന്റെ സുഹൃത്ത്‌ ജോലി ചെയ്തിരുന്ന ഡല്‍ഹിയിലേക്കു അദ്ദേഹം കൊണ്ടുപോയ അനേകം പേരില്‍ ഒരാള്‍ എന്നതില്‍ ഉപരി ബാല്യകാല സുഹൃത്ത്‌ കൂടി ആയിരുന്നു മുകുന്ദേട്ടന്‍...പ്രൈമറി സ്കൂളില്‍ തുടങ്ങിയ അവരുടെ സ്നേഹബന്ധം നാല് പതിറ്റാണ്ടില്‍ എത്തിനില്‍ക്കുന്നു എന്ന് പറഞ്ഞപ്പോഴേക്കും സുഹൃത്തിന്റെ തൊണ്ട ഇടറി എന്ന് എനിക്ക് തോന്നി....ഡല്‍ഹിയില്‍ വെച്ചായിരുന്നു അസുഖം കണ്ടെത്തിയത്.പത്തു വര്‍ഷത്തെ ഡല്‍ഹി ജീവിതം അദ്ദേഹത്തിന് രോഗമല്ലാതെ ഒന്നും നേടികൊടുതില്ല...ജോലി ചെയ്യാന്‍ ആവാത്ത അവസ്ഥയില്‍ ഭാര്യയും മക്കളും ആയി നാട്ടിലേക്കു തിരിച്ചു പോരാന്‍ തന്നെ നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായം വേണ്ടി വന്നു .




ചോദിക്കേണ്ട എന്ന് കരുതിയിട്ടും എനിക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല...എന്തായിരുന്നു മുകുന്ദേട്ടന്‍ ഇറങ്ങുമ്പോള്‍ തന്നത്...സുഹൃത്ത്‌ ഒരു ചെറിയ കവര്‍ നീട്ടി...അതിനുള്ളില്‍ ഒരു ബ്ലാക്ക്‌ & വൈറ്റ് ചിത്രം ആയിരുന്നു...ആലിംഗാനബധാരായ രണ്ടു സുഹൃത്തുക്കളുടെ ഒരു പഴയ ചിത്രം.