Nov 21, 2011

കുന്തി ജോസഫും കുചേലന്‍ ജോയിമോനും.

ഹിസ്റ്ററി ക്ലാസിലേക്ക് പ്യൂണ്‍ കടന്നു വന്നപ്പോഴേ അത് ഫീസ്‌ കൊടുക്കാതവരുടെ ലിസ്റ്റ് വായിക്കാനെന്നു എനിക്ക് ഉറപ്പായിരുന്നു . പതിവുപോലെ ഞാനും ജോസഫും എഴുന്നേറ്റു നിന്നു. നാളെ മുതല്‍ ഫീസ്‌ കൊടുക്കാത്തവര്‍ ക്ലാസില്‍ ഇരിക്കേണ്ട എന്ന് സാര്‍ പറഞ്ഞു . മുന്നിലത്തെ ബഞ്ചില്‍ നിന്നും തിരിഞ്ഞിരുന്നു ഞങ്ങളുടെ മുഖത്ത് തന്നെ നോക്കിക്കൊണ്ടിരിക്കുന്ന ഫീസ്‌ കൊടുത്ത കുട്ടികളുടെ മുഖത്ത് നോക്കാനാകാതെ ജോസഫ്‌ മുഖം താഴ്ത്തി .കുന്തി എന്നായിരുന്നു കുട്ടികള്‍ ജോസഫിനെ വിളിച്ചിരുന്നെങ്കിലും ,രൂപം കൊണ്ട് കുചേലന്‍ എന്ന പേരായിരുന്നു ജോസഫിന് ചേരുക എന്ന് ഞാന്‍ ഓര്‍ത്തു . അപ്പോള്‍ ശരിക്കും കുചേലനായ എന്നെ എന്ത് പേരു വിളിക്കും എന്ന് ഞാന്‍ വെറുതെ ആലോചിച്ചു .കുചേലന്‍ ജോയിമോന്‍ എന്ന പേരു നന്നായി ഇണങ്ങുമെന്ന് തോന്നി.

ഫീസ്‌ കൊടുക്കാനാവാതെയുള്ള ഈ നില്‍പ്പ് എനിക്ക് പുത്തരിയല്ലായിരുന്നു .നാല് മാസങ്ങളുടെ കൃത്യമായ ഇടവേളയില്‍ സംഭവിക്കുന്ന ഒരു കാര്യം എന്നതില്‍ കവിഞ്ഞു ഞാന്‍ അതിനു വലിയ പ്രാധാന്യം കൊടുക്കാഞ്ഞതിനാലാവണം എനിക്ക് മുഖം താഴ്ത്താന്‍ തോന്നിയില്ല .

പ്യൂണ്‍ പോയതിനു ശേഷം അടുത്തിരുന്ന ജിജോ ചോദിച്ചു ." എന്താടാ , ഫീസ്‌ സമയത്തും കാലത്തും കൊടുക്കാന്‍ മേലെ" എന്ന്‍ . അതൊക്കെ വീട്ടില്‍ നിന്നും വാങ്ങിയെന്നും , പുട്ടടിച്ചു തീര്‍ന്നൂന്നും പറഞ്ഞത് ജിജോ വിശ്വസിച്ചില്ല എന്ന് എനിക്ക് തോന്നി .


കാലത്ത് അമ്മച്ചിയോട്‌ ഫീസ്‌ കൊടുക്കാനുള്ള അവസാന ദിവസം ഇന്നാണ് എന്നു പറയുമ്പോള്‍ ,അമ്മച്ചി കഴുത്തില്‍ കിടന്ന നേരിയ മിന്നുമാലയില്‍ വിരലോടിച്ചുകൊണ്ട് പറഞ്ഞു . " എന്നതേലും ഒരു വഴി ദൈവം തമ്പുരാന്‍ കാണിക്കും " എന്ന് . അമ്മച്ചിക്ക് ആകെപ്പാടെ ഉള്ള ഒരു തരി സ്വര്‍ണ്ണം വിറ്റോ പണയം വെച്ചോ ഫീസ്‌ കൊടുക്കാന്‍ മാത്രം പഠിപ്പില്‍ ഞാന്‍ വലിയ മിടുക്കനല്ല്ല എന്നു എനിക്ക് തന്നെ അറിയാമായിരുന്നെങ്കിലും അങ്ങനെ പറഞ്ഞു അമ്മച്ചിയെ വേദനിപ്പിക്കാന്‍ എനിക്ക് തോന്നിയില്ല . പകരം ക്ലാസ്സില്‍ പോകാതെയും പരീക്ഷ മാത്രം എഴുതാം എന്നു ഞാന്‍ പറഞ്ഞത് പൂര്‍ത്തിയാക്കാന്‍ അമ്മച്ചി അനുവദിച്ചില്ല .


ഞായറാഴ്ച പള്ളി പിരിഞ്ഞു വരുമ്പോഴായിരുന്നു കടുത്തുരുത്തി ടൌണില്‍ അരിക്കട നടത്തുന്ന സേവ്യര്‍ ചേട്ടനെ കണ്ടത് . കടയിലെ കണക്കു എഴുതി കൊടുത്താല്‍ മാസം നൂറു രൂപ തരാം എന്നു സേവ്യര്‍ ചേട്ടന്‍ പറഞ്ഞു . പിറ്റേന്ന് കാലത്തെ കടയില്‍ ചെല്ലാന്‍ പറഞ്ഞത് അമ്മച്ചിയോട്‌ പറഞ്ഞപ്പോള്‍ അമ്മച്ചി." ഹെന്റെ ദൈവമേ " എന്നു ആകാശത്തേക്ക് നോക്കി പറഞ്ഞു


വളരെ നാളുകള്‍ക്കു ശേഷം അപ്പച്ചന്‍ വണ്ടി പെരിയാറില്‍ നിന്ന് വന്നു എന്ന് കാലത്തെ വാതില്‍ പടിയില്‍ ചെരുപ്പ് കണ്ടപ്പോള്‍ ആയിരുന്നു മനസ്സിലായത്‌ . ചുവന്ന എയര്‍ ബാഗില്‍ നിന്നും , മുഷിഞ്ഞ തുണികള്‍ അലക്കാനായി എടുക്കുമ്പോള്‍ അമ്മയുടെ മുഖം പതിവിലുമേറെ വേദന നിരഞ്ഞതാണല്ലോ എന്നു ഞാന്‍ ഓര്‍ത്തു. അല്‍പ്പം കഴിഞ്ഞു, തുണി അലക്കിക്കൊണ്ടുനില്‍ക്കുന്ന അമ്മച്ചിയുടെ അടുത്ത് പല്ലും തേച്ചു നില്‍ക്കുന്ന അപ്പച്ചനെ കണ്ടു . അപ്പച്ചന്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അമ്മച്ചി എന്തൊകെയോ നിഷേധിക്കുന്നതും . പിന്നെ കുറെ കഴിഞ്ഞു അരകല്ലില്‍ അരച്ചും കൊണ്ട് നില്‍ക്കുന്ന അമ്മച്ചിയുടെ അടുത്തും പതിവില്ലാതെ അപ്പച്ചനെ കണ്ടു . അപ്പച്ചന്‍ കുറെ നേരത്തിനു ശേഷം പുറത്തേക്കു പോയപ്പോള്‍ അമ്മച്ചിയുടെ കഴുത്തില്‍ അസാമാന്യമാം വിധം തിളങ്ങുന്ന ഒരു മിന്നുമാല ഞാന്‍ കണ്ടു . അമ്മച്ചിക്ക് എവിടെ നിന്നും പുതിയ മാല എന്നു ഞാന്‍ അതിശയിച്ചു .


കാലത്തെ ക്ലാസില്‍ പോകുന്നതിനു പകരം ഞാന്‍ സേവ്യര്‍ ചേട്ടന്റെ കടയില്‍ പോയി . സേവ്യര്‍ ചേട്ടന്റെ ഭാര്യ എന്നെ ഇഷ്ട്ടപ്പെടതതുപോലെ ഒരു നോട്ടം നോക്കി . സുന്ദരനായ സേവ്യര്‍ ചേട്ടന് ഒട്ടും ചെരാത്തവളായിരുന്നു ആ സ്ത്രീ . ചെറിയ ഒരു സ്വര്‍ണ്ണക്കടയിലോ ഒരു പട്ടുസാരിക്കടയിലോ പ്രതിഷ്ട്ടിക്കാന്‍ പറ്റുന്ന ഒരു ഇരുണ്ട രൂപമായിരുന്നു അവര്‍ .അത് പണക്കാരനായ ഒരാളുടെ മകളാണെന്നും ,സേവ്യര്‍ ചേട്ടനെ ഇഷ്ട്ടപ്പെട്ടു ,പണം ഇല്ലാഞ്ഞിട്ടും അവരെ അവരുടെ അപ്പന്‍ കെട്ടിച്ചു കൊടുത്തതാണെന്നും , അരി എടുത്തു കൊടുക്കുന്ന ജോണിക്കുട്ടി , ഇടക്കെപ്പോഴോ ശബ്ദം താഴ്ത്തി പറഞ്ഞു .

സേവ്യര്‍ ചേട്ടന്‍ അന്ന് മുഴുവന്‍ എന്നെ കൊണ്ട് കണക്കെഴുതിപ്പിച്ചു . പിറ്റേന്ന് കാലത്തെ ചെന്നപ്പോള്‍ പറഞ്ഞു ,ഇന്നലെ നീ കുറെ എഴുതിയല്ലോ , ഇനി വേണ്ടപ്പോള്‍ പറയാമെന്നു. എന്നിട്ട് കാഷ് കൌണ്ടറില്‍ ഇരിക്കുന്ന ഭാര്യയെ ഇത് പോരെ എന്ന അര്‍ത്ഥത്തില്‍ നോക്കി .എന്റെ പേര് വെട്ടി എന്ന് എനിക്ക് മനസ്സിലായി .വിവരം പറഞ്ഞപ്പോള്‍ അമ്മച്ചിയുടെ കൈകള്‍ പതിവുപോലെ മിന്നുമാലയില്‍ തെരുപ്പിടിച്ചില്ല.സേവ്യര്‍ ചെട്ടറെ കടയിലെ ജോലി പോയതിനെക്കാള്, എങ്ങനെയെങ്കിലും ഫീസ്‌ കൊടുക്കാനുള്ള വഴി അടഞ്ഞതിലുള്ള വിഷമമായിരുന്നു അമ്മച്ചിയുടെ മുഖത്ത് .


ഉച്ചക്ക് ചോറ് വിളമ്പിക്കൊണ്ടിരുന്ന അമ്മച്ചിയുടെ കഴുത്തിലെ മാലയുടെ നിറം കുറഞ്ഞു എന്ന് എനിക്ക് തോന്നി . ഒരാഴ്ച കഴിഞ്ഞപ്പോള്‍ അത് കറുത്ത് തുടങ്ങി . അപ്പച്ചന്‍ മാല വിറ്റോ അതോ പണയം വെച്ചോ എന്ന് ഞാന്‍ ചോദിച്ച് അമ്മച്ചിയെ ഞാന്‍ വിഷമിപ്പിച്ചില്ല . എന്തെല്ലാമാണെങ്കിലും അപ്പച്ചനെ കുറ്റപ്പെടുത്താനും അമ്മച്ചി സമ്മതിക്കില്ല എന്നെക്കറിയാമായിരുന്നു.

അമ്മച്ചിയുടെ പ്രാര്‍ഥനയുടെ ശക്തിയെന്നോണം ഒരു മണി ഓര്‍ഡര്‍ ആയിട്ടായിരുന്നു ദൈവം ആ തവണ ഞങ്ങളെ അതിശയിപ്പിച്ചത് .പട്ടാളത്തില്‍ ജോലിയുള്ള കൊച്ചപ്പന്‍ പണം അയച്ചപ്പോഴേക്കും ,ഫീസ്‌ കൊടുക്കേണ്ട അവസാന തീയതിയും കഴിഞ്ഞു വീണ്ടും ഒരാഴ്ച കൂടി കഴിഞ്ഞിരുന്നു .

ഫീസ്‌ കൊടുക്കുമ്പോള്‍ ഞാന്‍ ആലോചിച്ചത് മൂന്നര മാസത്തിനു ശേഷം എന്ത് അത്ഭുതമാണ് സംഭവിക്കാന്‍ ബാക്കി ഉണ്ടാവുക എന്നായിരുന്നു .

കുന്തി ജൊസഫ് പക്ഷെ ക്ലാസ്സില്‍ ഉണ്ടായിരുന്നില്ല.എന്തിനാണ് ദൈവം കുന്തിയെ മറന്നത് ?

Oct 6, 2011

പാണ്ടിച്ചിയുടെ പല്ലിമിട്ടായികള്‍

ഈ അവധിക്കാലത്ത്‌നാട്ടിലെത്തിയപ്പോള്‍, തൊടിയില്‍ നിന്നും പഴയ സാധനങ്ങള്‍ പെറുക്കാന്‍ വന്നവരെ കണ്ടപ്പോഴാണ് പാണ്ടിച്ചിയെപ്പറ്റി വീണ്ടും ഓര്‍മ്മ വന്നത്.



കൃത്യമായി മാസത്തില്‍ രണ്ടുതവണ വരാറുണ്ടായിരുന്ന തമിഴത്തി ആയിരുന്നു പാണ്ടിച്ചി എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന രാക്കമ്മ. കുട്ടികളായ ഞങ്ങള്‍ വിളിച്ചു വിളിച്ചു എല്ലാവര്ക്കും രാക്കമ്മ, പാണ്ടിച്ചി ആയി. കൈയില്‍ ചതുരാകൃതിയില്‍ ഉള്ള ഒരു ഓലകൊണ്ട് മെടഞ്ഞ വട്ടിയും, തോളില്‍ തുണിയുടെ ഒരു ഭാണ്ടക്കെട്ടും ആയി അവര്‍ വരും. ഒരു കാലിനു എന്തോ കുഴപ്പം ഉണ്ടായിരുന്നതുകൊണ്ടാവണം, ചട്ടി ചട്ടി ആയിരുന്നു അവര്‍ നടന്നിരുന്നത് മിക്കവാറും പത്തുമണിയോടെ ആയിരുന്നു പാണ്ടിച്ചി ഞങ്ങളുടെ വീട്ടില്‍ എത്തുക.



ഭര്‍ത്താവ് ഉപേക്ഷിച്ച ഒരു സ്ത്രീ ആയിരുന്നു പാണ്ടിച്ചി. സ്വന്തക്കാരോ ബന്ധക്കാരോ അവര്‍ക്ക് ഉണ്ടായിരുന്നില്ല. വീടുകളില്‍ നിന്നും കിട്ടുന്നത് കഴിച്ചു,പലര്‍ കൊടുക്കുന്ന വസ്ത്രങ്ങള്‍ ഉടുത്തു നാടോടിയായി നടക്കുന്ന ഒരു സ്ത്രീ. കൊടുക്കുന്നത് വാങ്ങും. ഒന്നും ചോദിക്കില്ല, ഒരു പരാതിയും ഇല്ലാത്ത എല്ലാവരെയും അയ്യാ എന്നും, അമ്മാ എന്നും മാത്രം വിളിക്കുന്ന ഒരു പാവം .


പാണ്ടിച്ചിയെ ഞങ്ങള്‍ കുട്ടികള്‍ക്ക് വളരെ ഇഷ്ട്ടമായിരുന്നു. കാരണം വരുമ്പോള്‍ എല്ലാം അവര്‍ പല്ലി മിട്ടായികള്‍ എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന ചെറിയ മിട്ടായികള്‍ തരും. വീട്ടുകാര്‍ ആരും കാണാതെ ഞങ്ങള്‍ അത് ശാപ്പിടും. പാണ്ടിച്ചി വല്ല വീട്ടില്‍ നിന്നും കൊണ്ട് തരുന്നതാ, എന്തിനാ അതൊക്കെ മേടിക്കണേ എന്ന് അമ്മ ചോദിക്കും.

അച്ഛന്റെ ജോലി സ്ഥലത്തേക്ക് ഞങ്ങള്‍ താമസം മാറ്റുന്ന ദിവസമായിരുന്നു പാണ്ടിച്ചി അന്നൊരുനാള്‍ വന്നത്. കൂട്ടുകാരെയും ബന്ധുക്കാരെയും വിട്ടു പോകുന്നതിന്റെ സങ്കടത്തില്‍ ആയിരുന്നു ഞാന്‍. അതുകൊണ്ട് തന്നെ പല്ലി മിട്ടായികള്‍ അന്നെന്നെ സന്തോഷിപ്പിച്ചില്ല. സാധനങ്ങള്‍ എല്ലാം ഒരു ചെറിയ ലോറിയില്‍ കയറ്റി, ഒരു ജീപ്പില്‍ ആയിരുന്നു ഞങ്ങള്‍ പാമ്പാടി എന്നാ സ്ഥലത്തേക്ക് പോയത്. അച്ഛന്റെ കൂട്ടുകാരനായ കുട്ടിച്ചേട്ടന്‍ ആയിരുന്നു സഹായത്തിനു. കുട്ടിച്ചേട്ടന്‍ വെറുതെ ചോദിച്ചു." പാണ്ടിച്ചീ , നീ വരുന്നോ ?" ചോദിക്കേണ്ട താമസം, പാണ്ടിച്ചി ജീപ്പിനുള്ളില്‍ കയറി.

വാടക വീട്ടില്‍ സാധനങ്ങള്‍ അടുക്കാനും പെറുക്കാനും പാണ്ടിച്ചി കൂടി.അച്ഛനും, കുട്ടിച്ചേട്ടനും പുറത്തേക്കു പോയിരുന്നു.ഞങ്ങള്‍ അടുത്ത വീട്ടിലെ കുട്ടിയുമായി ചങ്ങാത്തം സ്ഥാപിച്ചു.എന്നെക്കാള്‍ ചെറിയ മണിക്കുട്ടന്‍.പാണ്ടിച്ചി തന്ന പല്ലിമിട്ടായി ഞാന്‍ മണിക്കുട്ടന് കൊടുത്തു. ആരാ പാണ്ടിച്ചി എന്ന മണിക്കുട്ടന്റെ ചോദ്യത്തിന് " അത് പാണ്ടിച്ചി" എന്നതില്‍ കൂടുതല്‍ എനിക്ക് പറയാന്‍ ഉണ്ടായിരുന്നില്ല.

വൈകുന്നേരമായിരുന്നു അപ്പോഴേക്കും.പുറത്തു പോയ അച്ഛനും,കുട്ടിച്ചേട്ടനും തിരിച്ചു വന്നു.അവരുടെ കണ്ണുകളും മുഖവും ചുവന്നു തുടുത്തിരുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായില്ല.വന്നയുടനെ ഒട്ടും മയമില്ലാതെ കുട്ടിച്ചേട്ടന്‍ ചോദിച്ചു," നിങ്ങള്‍ക്ക് പോകാറായില്ലേ തള്ളെ" എന്ന്."അയ്യാ, നീങ്ക താന്‍ എന്നെ ഇവിടെ കൊണ്ടു വന്താച്ച്, നാന്‍ എപ്പടി തിരുമ്പി പോറെന്‍ " എന്ന് പാണ്ടിച്ചി ചോദിച്ചു. കുട്ടി ചേട്ടന്‍ അവരെ പിടിച്ചു പുറത്താക്കി എന്നിട്ട് പറഞ്ഞു, തള്ളെ,എവിടെയെങ്കിലും പോ എന്ന്. എന്തൊക്കെയോ ശാപവാക്കുകളും കുട്ടിച്ചേട്ടന്‍ പറഞ്ഞു.

പാണ്ടിച്ചിയുടെ കണ്ണുകള്‍ നിറഞ്ഞു. അവര്‍ തിരിയെ വീടിന്റെ പിന്നില്‍ വന്നു. അമ്മയോട് വണ്ടിക്കൂലിക്കുള്ള പണം ചോദിച്ചു. അമ്മയുടെ കൈവശം പണം ഒന്നും ഉണ്ടായിരുന്നില്ല. വിഷു കൈനീട്ടം കിട്ടിയതില്‍ നിന്നും ഒരു വെള്ളി രൂപ കൊടുക്കാന്‍ അമ്മ എന്നോട് പറഞ്ഞു. ഞാന്‍ പൈസ കൊടുത്തില്ല. ഒരു ഒന്‍പതു വയസ്സുകാരന് പാണ്ടിച്ചിയുടെ അവസ്ഥ എങ്ങനെ മനസ്സിലാകാന്‍. അവരുടെ കൈയില്‍ തിരിയെ പോകാന്‍ ബസ് കൂലി ഇല്ലായിരുന്നു എന്ന് അമ്മ പിന്നീട് പറഞ്ഞു. ബസ് കൂലി ഇല്ലാതെ ബസില്‍ കയറാന്‍ പറ്റില്ല എന്ന് എനിക്ക് അന്നറിയില്ലായിരുന്നു.

പാണ്ടിച്ചി പിന്നീട് പാമ്പാടിയിലെ ആ വീട്ടില്‍ വന്നില്ല. മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ ഇടുക്കി ജില്ലയിലെ കുളമാവ് എന്ന സ്ഥലത്തേക്ക് മാറി. വളരെ അവിചാരിതമായി ഒരു ദിവസം പാണ്ടിച്ചി ഞങ്ങളെ തേടി അവിടെ എത്തി. പതിവുപോലെ മിട്ടയികലുമായി.പല്ലി മിട്ടായികളല്ല,മഞ്ഞ നിറത്തില്‍ നാരങ്ങ അല്ലികളുടെ രൂപത്തില്‍ നാല് മിട്ടായികള്‍ .

പാണ്ടിച്ചിയെ സ്വീകരിക്കാനുള്ള ചുറ്റുപാടില്‍ ആയിരുന്നില്ല ഞങ്ങള്‍ . ഞങ്ങളുടെ ഏക സ്വത്തായ പശു ,മേയാന്‍ വിട്ടിരുന്ന സ്ഥലത്ത് എന്തോ വിഷം തീണ്ടി ചത്തു കിടന്നതറിഞ്ഞ വിഷമത്തില്‍ ആയിരുന്നു അമ്മയും ഞങ്ങളും. ഊണുമേശയില്‍ തലചെരിച്ചിരുന്നു കരയുകയായിരുന്നു അമ്മ.

മൂന്നു വര്‍ഷം എന്നില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയിരുന്നു. കലത്തില്‍ ഉണ്ടായിരുന്ന ചോറ് ആരും പറയാതെ തന്നെ ഞാന്‍ പാണ്ടിച്ചിക്ക് കൊടുത്തു. പോകാന്‍ നേരം ഒരു വെള്ളിരൂപ കൊടുക്കണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും, അത് എന്റെ കൈയിലോ അമ്മയുടെ കൈവശമോ ഉണ്ടായിരുന്നില്ല."പണമൊന്നും കൊടുത്തില്ലല്ലോ ആ പാവത്തിന്, പാണ്ടിച്ചി എങ്ങനെ കുളമാവില്‍ നിന്നും തിരിയെ പോയിക്കാണും" എന്ന് ഒരാഴ്ച കഴിഞ്ഞു അമ്മ ചോദിച്ചു.



പാണ്ടിച്ചിയെ പിന്നീടു ഞങ്ങള്‍ കണ്ടിട്ടില്ല. അനാഥയായ അവര്‍ എവിടെ എങ്കിലും കിടന്നു മരിച്ചു പോയിരിക്കാം.

മുപ്പത്തി ഒന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും എന്റെ മനസ്സില്‍ പാണ്ടിച്ചിയുടെ രൂപം ഉണ്ട്. മിട്ടായികളുടെ മധുരം നാവിന്‍ തുമ്പിലും. സ്നിക്കെര്‍സിനും, മാര്‍സിനും, ഡയറി മില്‍ക്കിനും ഇല്ലാത്ത ആ സ്വാദ്.

Sep 2, 2011

കൊച്ചു തോമ ഓണ്‍ എമര്‍ജന്‍സി ലീവ് ( ലാന്‍ഡിംഗ് )


ഇരുപതു വര്‍ഷം മുന്‍പേ മരിച്ചുപോയ വല്യപ്പച്ചനെ ഒന്നു കൂടി കൊല്ലേണ്ടി വന്നു എമര്‍ജന്‍സി ലീവ് കിട്ടാന്‍.അത്യാവശ്യമായി നാട്ടില്‍ പോകേണ്ടി വന്നാല്‍ പിന്നെ എന്തോ ചെയ്യും.കൊച്ചുതോമായോടു ല്യപ്പച്ചന്‍ ക്ഷമിച്ചോളും.സിപ്പൂനോട് ആവുന്നത് പറഞ്ഞതാ,ഇപ്പൊ പോകണ്ടാ,ടിക്കറ്റ് വില ഒക്കെ കൂടുതലാ എന്നൊക്കെ. അതെങ്ങനാ,അമ്മായി അപ്പനും അമ്മേം സില്‍വര്‍ ജൂബിലി കൊണ്ടാടുമ്പോള്‍ അതിനു സാക്ഷ്യം വഹിച്ചല്ലേ പറ്റു.ഭാര്യ സിപ്പു നേരത്തെ പോയി. നമ്മള് പിന്നെ പതുക്കെ ചെന്നാ മതിയല്ലോ.

ടിക്കറ്റ് നോക്കിയപ്പോ ഏറ്റവും കുറവ് ഉള്ളത് നോക്കി എടുത്തു.കുറെ കറങ്ങി പോയാലെന്താ, ദിനാര്‍ മുപ്പതാ ലാഭം.കഷ്ട്ടിച്ചു രണ്ടു സ്കോച് വാങ്ങാമല്ലോ.കുവൈറ്റ്-ദുബായ് പെട്ടെന്ന് ചെന്നു. അവിടന്ന് കേറിയപ്പോള്‍ റാന്നിക്കാരന്‍ ഒരച്ചായന്‍ അടുത്ത്.അങ്ങൊരു നല്ല ഫിറ്റാ.എന്നാലും വിമാനത്തേന്നു ഫ്രീ കിട്ടുന്നത് കളയാവോ.ഞാന്‍ കുടിക്കുന്നില്ല എന്ന് പറഞ്ഞപ്പോള്‍ "വെറുതെ കളയണ്ടാ, എനിക്ക് തന്നേക്ക്‌" എന്നൊരു കാച്ച്. അപ്പോള്‍ നിലവില്‍ രണ്ടും രണ്ടും നാല് ലാര്‍ജ്. എന്നിട്ടും പോരാഞ്ഞിട്ട് എയര്‍ ഹോസ്റ്റസ്സിനോട് വീണ്ടും കെഞ്ചുന്നു.ഇനി ഇല്ല എന്നൊക്കെ പറഞ്ഞിട്ടും,പ്ലീസ്,പ്ലീസ് എന്ന് പിന്നേം.മലയാളീസിന്‍റെ മുഴുവന്‍ മാനോം കപ്പലെ കേറ്റുന്നതു ഇതേപോലെയുള്ള പാമ്പാടുംപാറ നിവാസികളാണല്ലോ എന്റെ പള്ളീ.ചുമ്മാ കിട്ടുന്നതുകൊണ്ടാണോ ഈ ആക്രാന്തം,അതോ ഇവനൊക്കെ ആരേലും കള്ളില്‍ കൈവിഷം കൊടുതിട്ടുണ്ടാവുമോ ?

വിമാനം ഇറങ്ങാന്‍ തുടങ്ങുന്നു എന്ന ക്യാപ്റ്റന്റെ വിളി കേട്ടാ കണ്ണ് തുറന്നെ.നോക്കിയപ്പോ അച്ചായന്‍ നല്ല ഫിറ്റ്, ചാരിക്കിടക്കുന്നു.എന്നാലും,ദുബായില്‍ നിന്നും കള്ളും കുപ്പി വാങ്ങിക്കുമ്പോള്‍ കിട്ടുന്ന ബാഗ് ഭദ്രമായി കയ്യില്‍ തന്നെ വെച്ചിട്ടുണ്ട്.എങ്ങാനും പൊട്ടിപോയാലോ എന്നോര്‍ത്താവും മുകളില്‍ വെക്കാഞ്ഞത്.

ഇപ്പൊ ഇറങ്ങും,ഇപ്പൊ ഇറങ്ങും എന്ന് കരുതി ഇരിക്കുമ്പോഴാണ് ഒരു വലിയ കുലുക്കോം ബഹളോം ഒക്കെ കേട്ടത്.എന്റെ പള്ളീ, ഇനി അറബിക്കടലില്‍ എങ്ങാനും ആണോ ലാന്‍ഡ്‌ ചെയ്തത്?അതോ തൊട്ടടുത്തുള്ള ഗോള്‍ഫ് ക്ലബ്ബിലോ?ഇനി വിമാനം എങ്ങാനും പൊട്ടിത്തെറിക്കാന്‍ പോകുവാണോ.എന്റെ ദൈവമേ,അപ്പനേം അമ്മയേം ഒന്നുകൂടി കാണാന്‍ പറ്റിയാ മതിയാരുന്നു. സിപ്പു ആണേല്‍ കാരിയിംഗ് ആണ്.കുഞ്ഞിന്റെ മുഖം ഒന്ന് കാണാന്‍ പറ്റാതെ തട്ടിപ്പോകുമോ?ആരും പാനിക് ആവരുത് വിമാനം നിലത്തു തന്നെ ആണേ എന്നൊരു എയര്‍ ഹോസ്ടസ് അമ്മച്ചി വിളിച്ചു പറയുന്നു..ആര് ശ്രദ്ധിക്കാന്‍.എല്ലാരും കിടന്നു അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു.പിള്ളാരൊക്കെ കിടന്നു കീറുന്നു.ആകപ്പാടെ ബഹളം.മംഗലാപുരത്ത് പ്ലെയിന്‍ പൊട്ടിത്തെറിച്ചത് ഓര്‍ത്തിട്ടു ആരിക്കും,കുറെ പേര് കര്‍ത്താവിനെ വിളിക്കുന്നു.കുറെ പേര് കരയുന്നു. എമര്‍ജന്‍സി വാതിലിനടുത്ത് ഉന്തും തള്ളും.ഞാന്‍ ആദ്യം ഞാന്‍ ആദ്യം എന്നല്ലേ. ബീവറെജസ് കൌണ്ടറില്‍ മാന്യമായി നില്‍ക്കാന്‍ ഇവനൊക്കെ എന്തൊരു മിടുക്കാ.


രു വിധത്തില്‍ വാതിലിനു അടുതെത്തി.പുറത്തു കൂരാകൂരിരുട്ട്‌.സ്ഥലം എവിടാ എന്ന് മനസ്സിലാകുന്നില്ല.രണ്ടും കല്‍പ്പിച്ചു ഒരു ചാട്ടം ചാടി. ചതുപ്പിലെങ്ങാണ്ടാ വീണേന്നു തോന്നുന്നു.കണ്ണ് കാണുന്നില്ല.കാലിനൊക്കെ ഭയങ്കര വേദന.ഉളുക്കി എന്ന് തോന്നുന്നു.ദേഹത്തെ തൊലി ഒക്കെ ഉന്തിലും തള്ളിലും എവിടെയൊക്കെയോ പോയിട്ടുണ്ട്. എഴുന്നേല്‍ക്കും മുന്‍പ് പുറത്തേക്കു പിന്നേം പിന്നേം ആള്‍ക്കാര് ചാടുവല്ലേ.ഒരു തടിയന്‍ മേലെ വന്നു വീണിട്ടു അനങ്ങാനെ പറ്റുന്നില്ല.മേല് മുഴുവന്‍ ചെളി.ഹാന്‍ഡ്‌ ബാഗ്‌ കാണുന്നില്ല.എല്ലാരും ചാടിക്കഴിഞ്ഞപ്പോള്‍ എണീം ഒക്കെ ആയിട്ട് സാറന്മാര് വരുന്നു. ഒരു വിധത്തില്‍ വണ്ടിയേല്‍ വലിഞ്ഞു കയറി.


വണ്ടിക്കകത്തുവെച്ച് റാന്നിക്കാരന്‍ അച്ചായന്‍ കരച്ചിലോടു കരച്ചില്. ചാടിയപ്പോ കാലെങ്ങാനും ഒടിഞ്ഞോ എന്ന് ചോദിച്ചപ്പോ ഗല്‍ഗദതിനിടയില്‍ അച്ചായന്‍ പറഞ്ഞു."കാലൊടിഞ്ഞിരുന്നേല്‍ സാരമില്ലാരുന്നു .ഇതിപ്പോ ദുബായില്‍ നിന്ന് വാങ്ങിയ സ്കോച് ഒക്കെ പൊട്ടി പോയില്ലേ" എന്ന് !
ഒരു വിധത്തില്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോ പത്രക്കാരുടെ അയ്യരുകളി. ഇത്രേം പെട്ടെന്ന് എങ്ങനാ ഇവറ്റകള്‍ ഒക്കെ ഇതറിഞ്ഞേ. മേലാസകലം ചെളിയാ.ചെളി പറ്റിയവനെ ഒക്കെ പത്രക്കാര് ഓടിച്ചിട്ട്‌ പിടിക്കുന്നു.ഒരുത്തന്‍ ചോദിക്കുന്നു,താഴെ ചാടേണ്ടി വന്നപ്പോ എന്ത് തോന്നിയെന്ന്?ഒരു പരിപ്പുവട കിട്ടിയിരുന്നെങ്കില്‍ എന്ന് തോന്നി എന്ന് പറഞ്ഞു..അല്ല പിന്നെ.


ഞൊണ്ടി,ഞൊണ്ടി പുറത്തു വന്നപ്പോള്‍ സിപ്പു വന്നിട്ടില്ല.അമ്മായി അപ്പന്‍ മാത്രം.വല്ലോം പറ്റിയോടാ കൊച്ചു തോമ എന്ന് ചോദിക്കുന്നതിനു പകരം,സ്കോച് മേടിക്കാന്‍ പറ്റിക്കാണില്ല അല്ലെ എന്നൊരു ചോദ്യം..ദ്രോഹി.....വണ്ടിയേല്‍ കേറാന്‍ തുടങ്ങിയപ്പോ "വണ്ടിയുടെ സീറ്റ് കേടാകും,ഇവിടെ എങ്ങാനും നിര്‍ത്തി കഴുകിയേച്ചും പോവാന്ന്"...നല്ല ബെസ്റ്റ് അമ്മായപ്പന്‍ !

വീട്ടില്‍ വന്നപ്പോ സിപ്പു ടിവിയുടെ മുന്നില്‍.അവള്‍ എന്നെ ടിവിയില്‍ കണ്ടെന്നു.മേലാസകലം ചെളിയും വെച്ചോണ്ട് എന്തിനാ ടിവിക്കാരുടെ അടുത്ത് പോയെ എന്ന്.അവള്‍ക്കു നാണക്കേടായി പോയീന്നു.അമ്മായിയമ്മക്ക് അറിയേണ്ടത്,കൊണ്ടുവരാന്‍ പറഞ്ഞ ടാങ്ങും, നിഡോയും എപ്പോ കിട്ടുമെന്ന്.അളിയന്‍ ചെറുക്കന് അറിയേണ്ടത്,പുതിയ ഐപാഡ്-2 വാങ്ങിച്ചാരുന്നോന്നു.പുറത്തു നോക്കിയപ്പോ നാട്ടുകാരും അയല്‍ക്കാരും ഒക്കെ വീടിന്റെ മുന്നില്‍.എന്തായാലും വിമാനം തകര്‍ന്നില്ലല്ലോ എന്ന് ഒരുത്തന്‍..എന്നാ?തകരണം എന്നായിരുന്നോ നിനക്കൊക്കെ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു..വേണ്ട..ഭാര്യ വീടല്ലേ !

എന്‍റെ പുണ്യാളാ, പ്ലെയിന്‍ പൊട്ടിത്തെറിക്കുവാരുന്നു ഇതിലും ഭേദം .

Jul 28, 2011

ധനുമാസത്തിലെ തിരുവാതിര രാത്രി


പുഴകടന്ന് മുത്തോലിക്ക് അടുത്തുള്ള ബസ് സ്റ്റോപ്പില്‍ എത്തിയിട്ട് ഒരു മണിക്കൂര്‍ നേരം കഴിഞ്ഞിരുന്നു. വണ്ടി വരാനുള്ള സമയം കഴിഞ്ഞിട്ടും അത് വരാഞ്ഞിട്ടു വളരെയധികം അക്ഷമന്‍ ആയിരുന്നു ഞാന്‍.പാലായില്‍ നിന്നും എത്താനുള്ള വണ്ടി അവസാനത്തെ ട്രിപ്പ്‌ മുടക്കിയതായിരിക്കാമെന്ന് കവലയില്‍ ഉള്ള മുറുക്കാന്‍ കടയുടെ മുന്നില്‍ ബീഡി തെറുത്തിരുന്ന മെലിഞ്ഞു നീണ്ട മനുഷ്യന്‍ പറഞ്ഞു.ഇന്ന് നാരായണേട്ടന്റെ കൂടെ കൂടി,നാളെ രാവിലെ പാലാക്ക് പോകുന്നതാണ് നല്ലത് എന്ന് അയാള്‍ പറഞ്ഞു.ഒരു പരിചയവും ഇല്ലാതിരുന്ന ഒരു സ്ഥലമായിരുന്നു എന്നതിനാലും, ചെന്നിട്ടുള്ള അത്യാവശ്യങ്ങള്‍ ഓര്‍ത്തിട്ടും, കുറച്ചു നേരം കൂടി കാക്കാന്‍ ഞാന്‍ തീരുമാനിച്ചു. മുറുക്കാന്‍ കടയിലെ സാധനങ്ങള്‍ അടുക്കി വെക്കാന്‍ തുടങ്ങുകയായിരുന്നു കടക്കാരന്‍ നാരായണേട്ടന്‍.
 

അരമണിക്കൂറിനു ശേഷവും വണ്ടി എത്താതിരിക്കയും,വീട്ടിലേക്കു പോരുന്നോ എന്നുള്ള നാരായണേട്ടന്റെ ചോദ്യവും കൂടി ആയപ്പോള്‍ , ഇന്ന് ഇവിടെത്തന്നെ കൂടാം എന്ന് ഞാന്‍ തീരുമാനിച്ചു.അപരിചിതന്‍ ആയ ഒരാളുടെ വീട്ടില്‍ താമസിക്കുന്നതിന്റെ ഒരു വിഷമം ഉണ്ടായിരുന്നു എങ്കിലും,വേറെ മാര്‍ഗ്ഗം ഇല്ലാത്തതുകൊണ്ട് സമ്മതിക്കയായിരുന്നു.

വീട്ടിലേക്കു ഉള്ളവഴിയില്‍ നിറയെ നിലാവായിരുന്നു.കടയില്‍ നിന്നും നാരായണേട്ടന്‍ കൈയില്‍ കരുതിയിരുന്ന റാന്തല്‍ കത്തിക്കേണ്ടി വന്നിരുന്നില്ല. അങ്ങ് എവിടെ നിന്നോ തിരുവാതിര പാട്ടിന്റെ നേര്‍ത്ത സ്വരം കേട്ടു. "ഇന്ന് ധനുമാസത്തിലെ തിരുവാതിരയാണ്...പുഴക്കക്കരെ കളി ഉണ്ട്.. കാണാന്‍ താല്പര്യമുണ്ടാകുമോ" എന്നുള്ള നാരായണേട്ടന്റെ ചോദ്യത്തിന് എങ്ങനെ എങ്കിലും വീടണയുന്നതാണ് പ്രധാനം എന്ന എന്റെ ഉത്തരം ഉണ്ടാക്കിയ ചെറു ചിരി, നിലാവില്‍ ഞാന്‍ കണ്ടു.


തിണ്ണയില്‍ എന്നെ ഇരുത്തിയതിനു ശേഷം നാരായണേട്ടന്‍ വീടിലേക്ക്‌ കയറി. പിന്നീട് വെറുതെ കടയിലെയും, കവലയിലെയും കാര്യങ്ങള്‍ ആരോടോ വിവരിക്കുന്നത് കേട്ടു. മറുപടിയായി മൂളലുകള്‍ മാത്രം കേട്ടത് എന്നില്‍ ആശ്ചര്യം ഉളവാക്കി.പരിചയപ്പെടുത്താനായി ഉള്ളിലേക്ക് വിളിച്ചപ്പോള്‍, മെലിഞ്ഞ് ഒരു വശം തളര്‍ന്നു കൈകള്‍ കോച്ചി കിടക്കുന്ന ഒരു രൂപം ഞാന്‍ കണ്ടു.മുറിക്കുള്ളിലേക്ക് കയറുമ്പോള്‍, ഭിത്തിയില്‍ കണ്ട പഴയ ബ്ലാക്ക്‌ & വൈറ്റ് ചിത്രത്തിലെ സുന്ദരി തന്നെയോ ഇത് ? തലമുടി മൊട്ടയടിച്ചിരുന്നു. വായുടെ ഒരുവശം കോടിയിരുന്നു എങ്കിലും ഐശ്വര്യം തുടിക്കുന്ന ഒരു മുഖം ആയിരുന്നു അവര്‍ക്ക് ഉണ്ടായിരുന്നത്. തിളക്കമുള്ള വലിയ കണ്ണുകള്‍ കൊണ്ട് അവര്‍ എന്നെ കണ്ണിമക്കാതെ നോക്കി. ഒരു പരിചയ ഭാവം ഉണ്ടോ അതില്‍ ?

കുളിച്ചു വരുമ്പോഴേക്കും കഞ്ഞി ശരിയാവും എന്ന് പറഞ്ഞു അടുത്ത് തന്നെ ഉള്ള പുഴയിലേക്ക് നാരായണേട്ടന്‍ എന്നെ കൊണ്ടുപോയി. നിലാവ് നന്നായി ഉണ്ടായിരുന്നു. തിരുവാതിരപ്പാട്ട് ഇപ്പോള്‍ ശരിക്കും കേള്‍ക്കാവുന്ന രീതിയില്‍ ആയി.ദേവകിക്കു വലിയ ഇഷ്ടമാണ് തിരുവാതിര എന്നും, തിരുവാതിരപ്പുഴുക്ക് ഒക്കെ കഴിച്ചിട്ട് നാള്‍ എത്രയായി എന്നും പറഞ്ഞു നാരായണേട്ടന്‍ ഒരു നിശ്വാസം ഉതിര്‍ത്തു. നാല് വര്‍ഷമായത്രേ ദേവകി ചേച്ചി ഇതേ കിടപ്പ്. ഒരിക്കല്‍ പശുവിനെ കുളിപ്പിക്കാന്‍ കൂട്ടില്‍ കയറിയപ്പോള്‍ തെന്നി വീണു. പിന്നെ ആ കിടപ്പില്‍ നിന്നും എഴുന്നെറ്റിട്ടില്ലത്രേ. കുളിപ്പിക്കലും ഭക്ഷണം കൊടുക്കുന്നതും, വിസര്‍ജ്യങ്ങള്‍ എടുക്കുന്നതും ഒക്കെ നാരായണേട്ടന്‍ തന്നെ. കാലത്തും, ഉച്ചക്കും, കുറെ നേരം കട അടച്ചു വന്നു വീട്ടിലെ കാര്യങ്ങള്‍ ഒക്കെ നടത്തും.

കഞ്ഞി എടുത്തു തന്നതിന് ശേഷം, നാരായണേട്ടന്‍ അകത്തേക്ക് പോയി. കഞ്ഞി കുടിപ്പിക്കുന്നതിനു ഇടയിലും,എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. മറുപടിയായി മൂളലുകള്‍ ഉണ്ടായിരുന്നില്ല. ഏകദേശം അര മണിക്കൂറു കഴിഞ്ഞു കാലിയായ കഞ്ഞി പാത്രം കൊണ്ട് വരുമ്പോള്‍ ആ മുഖത്ത് ഒരു തരം സന്തോഷം ഉണ്ടായിരുന്നു. കുഞ്ഞിനെ നന്നായി ഊട്ടി കഴിയുമ്പോള്‍ അമ്മയുടെ മുഖത്ത് കാണാറുള്ള അതെ ഭാവം.

പാത്രങ്ങള്‍ എടുത്തു വെച്ചതിനു ശേഷം നാരായണേട്ടന്‍ റേഡിയോ ഓണ്‍ ചെയ്തു . ഞായറാഴ്ച ആയതിനാല്‍ " രഞ്ജിനി "എന്ന മലയാള ചലച്ചിത്ര ഗാന പരിപാടി ഉണ്ടാവും എന്ന് പറഞ്ഞു. ചില്ല് എന്ന പുതിയ ചിത്രത്തിലെ പോക്കുവെയില്‍ പൊന്നുരുകി എന്ന ഗാനം ചെറിയ ശബ്ദത്തില്‍ കേട്ടു. ചാവടിയില്‍ കിടക്ക വിരിച്ചു തന്നു എങ്കിലും ഞാന്‍ പുറത്തു തിണ്ണയില്‍ തന്നെ കിടന്നു. എപ്പോഴോ ഞാന്‍ ഉറങ്ങി.


ഉടുത്തൊരുങ്ങി ദേവകി ചേച്ചിയും, നാരായണേട്ടനും തിരുവാതിര കാണാന്‍ പോകാന്‍ വിളിച്ചപ്പോള്‍ പോയേക്കാം എന്ന് ഞാന്‍ വിചാരിച്ചു.ദേവകി ചേച്ചി തലമുടിയില്‍ ചൂടിയിരുന്ന ഗന്ധരാജന്‍ പൂവില്‍ നിന്നും, ഏതോ മാദക ഗന്ധം ആണ് വരുന്നത് എന്ന് എനിക്കുതോന്നി.പുഴക്കക്കരെ ആയിരുന്നു തിരുവാതിര നടക്കുന്ന വീട്. പുഴയുടെ രണ്ടു വശങ്ങളിലും ചെറുതായി വെള്ളം ഉണ്ടായിരുന്നു, പിന്നെ നടുക്ക് വിശാലമായ മണല്‍പ്പുറവും.മണലില്‍ കൂടി നടക്കാന്‍ ദേവകി ചേച്ചിക്ക് അല്‍പ്പം ബുദ്ധിമുട്ടുണ്ടായിരുന്നതിനാല്‍ ഇടയ്ക്കിടയ്ക്ക് അവര്‍ക്കായി നിന്നും നടന്നും ഞങ്ങള്‍ പുഴ കടന്നു. പൊന്തക്കാടുകളുടെ ഇടയില്‍ കൂടി നടന്നു വേണമായിരുന്നു തിരുവാതിര നടക്കുന്ന വീട്ടില്‍ എത്താന്‍ . പൊന്തക്കാട്ടില്‍ നിന്നും കപ്പ വേവിച്ച പോലെ ഒരു മണം വന്നപ്പോള്‍ , പാമ്പുകള്‍ വാ പൊളിക്കുന്ന മണം ആണെന്ന് ദേവകിചേച്ചി പറഞ്ഞു. എനിക്ക് അല്‍പ്പം പേടി തോന്നി. ഇഴ ജന്തുക്കളെ അത്രക്കും ഭയം ആയിരുന്നു എനിക്ക്. ജാതക വശാല്‍ എന്റെ ആയുസ്സ് തീരാന്‍ കേവലം മാസങ്ങള്‍ കൂടി മാത്രമേ ഉള്ളു എന്ന കാര്യവും, വിഷം തീണ്ടിയോ അപകട മരണമോ ആയിരിക്കും എനിക്ക് ഉണ്ടാവുക എന്ന് ജ്യോത്സ്യന്‍ എഴുതിയിരുന്നതും എന്തുകൊണ്ടോ മനസ്സിലേക്ക് വന്നു .


വൈദ്യുതി എത്താത്ത ഒരു വീടായിരുന്നു അത്.കത്തിച്ച നിലവിളക്കിനു ചുറ്റും തിരുവാതിര കളിക്കുന്ന സെറ്റുടുത്ത യുവതികള്‍.വീടിന്റെ തിണ്ണയിലും പരിസരത്തും നില്‍ക്കുന്ന സ്ത്രീകളും, അപൂര്‍വ്വം പുരുഷന്മാരും. ഇടവേളയില്‍ ഒരു പ്രൌഡയായ സ്ത്രീ ഇലയില്‍ തിരുവാതിരപുഴുക്ക് വിളമ്പി. ആദ്യമായി കഴിച്ച പുഴുക്കില്‍ എന്തൊക്കെ സാധനങ്ങള്‍ ഉണ്ടായിരുന്നിരിക്കാം എന്ന് അത് കഴിക്കുന്ന സ്വാദില്‍ എനിക്ക് തിരിച്ചറിയാന്‍ സാധിച്ചില്ല.

 

 

കളി തീരാന്‍ ഞങ്ങള്‍ നിന്നില്ല. .തിരിയെ വരുമ്പോഴേക്കും മഞ്ഞുണ്ടായിരുന്നു. ചെറിയ തണുപ്പ് ഉണ്ടായിരുന്നതിനാല്‍ ഞാന്‍ കൈകള്‍ പിന്നില്‍ കെട്ടി. പൊന്തക്കാടുകളുടെ ഇടയില്‍ കൂടി വരുമ്പോള്‍വഴി കാലില്‍ എന്തോ കടിച്ചതുപോലെ തോന്നി. ഏതോ ഒരു ഇഴജന്തു കാലില്‍ കൂടി പോയതുപോലെ. ദേഹം തളരുകയാണോ..അമ്മെ എന്ന് വിളിച്ചത് മാത്രം ഓര്‍മ്മയുണ്ട്.


നാരായണേട്ടന്റെ കരച്ചില്‍ കേട്ട് ഞാന്‍ ഞെട്ടി ഉണര്‍ന്നു.അകലെ നിന്നും അപ്പോഴും തിരുവാതിരപ്പാട്ട് കേള്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ വിയര്‍പ്പില്‍ കുളിച്ചിരുന്നു.പതിയെ ഞാന്‍ നാരായണേട്ടന്റെ മുറിയിലേക്ക് നടന്നു. ദേവകി ചേച്ചിയുടെ തല മടിയില്‍ വെച്ച് കരയുകയായിരുന്നു നാരായണേട്ടന്‍.
 
 

കാലത്തെ മരണം അറിഞ്ഞു വന്നവരോടെല്ലാം നാരായണേട്ടന്റെ ബന്ധു എന്ന് തോന്നിച്ച ഒരു സ്ത്രീ പറഞ്ഞു കൊണ്ടേ ഇരുന്നു."ഇന്നലെ വൈകുന്നേരവും ഒരു കുഴപ്പവും ഇല്ലായിരുന്നു.ഞാന്‍ വന്നു കണ്ടതല്ലേ".എല്ലാവരുടെയും മിഴികള്‍ എന്റെ നേര്‍ക്ക്. ഒരു അപരിചിതന്‍ വന്ന ദിവസം തന്നെഇങ്ങനെ സംഭവിച്ചതെന്തേ എന്ന് ഓര്‍ക്കുകയായിരിക്കുമോ അവരെല്ലാം?കാലന്റെ പ്രതിരൂപമായി അവിടെ കൂടിയിരുന്നവര്‍ തന്നെ കണ്ടു കാണുമോ എന്ന് എനിക്ക് ചെറുതായി സംശയം തോന്നി.സ്ത്രീയുടെ ഒപ്പം ഉണ്ടായിരുന്ന പതിമ്മൂന്നോ പതിന്നാലോ വയസ്സുള്ള ഒരു കുട്ടി എന്നെ കണ്ണുചിമ്മാതെ നോക്കി. നോട്ടം നേരിടാനാവാതെ ഞാന്‍ മുഖം തിരിച്ചു. വീണ്ടും നോക്കിയപ്പോഴും ആ കണ്ണുകള്‍ എന്നില്‍ തന്നെ ആയിരുന്നു. പതുക്കെ ഞാന്‍ വീടിന്റെ പിന്നിലേക്ക്‌ പോയി. എന്തുകൊണ്ടെന്നറിയില്ല , ചുണ്ടത് വെച്ച ബീഡി കത്തിക്കുമ്പോള്‍ എന്റെ കരം വിറച്ചു.




നാരായണേട്ടനോട് യാത്ര പറയാന്‍ ഞാന്‍ നിന്നില്ല. ദേവകി ചേച്ചിയെ അവസാനമായി ഒന്ന് കൂടി കാണാനും എന്ത് കൊണ്ടോ തോന്നിയില്ല.സ്വപ്നത്തില്‍ കണ്ട, ഗന്ധരാജന്‍ പൂ ചൂടിയ. ദേവകി ചേച്ചിയെ ഇഷ്ട്ടപ്പെട്ടത്‌ കൊണ്ടായിരുന്നോ അത് ?

വളരെ വര്‍ഷങ്ങള്‍ക്കു ശേഷം, ഒരിക്കല്‍ കൂടി എനിക്ക് മുത്തോലിയിലേക്ക് പോകേണ്ടി വന്നു.പതിവുപോലെ കടത്തു കടന്നു അക്കരയ്ക്കു പോകാനായി ഞാന്‍ ബസിറങ്ങി.മുത്തോലി ആകെ മാറിയിട്ടുണ്ടായിരുന്നു. നാരായണേട്ടന്റെ കട ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോള്‍ ഒരു കാണിക്ക മണ്ഡപം എനിക്ക് കാണാന്‍ സാധിച്ചു.തുലാമഴയില്‍ നനഞ്ഞു കിടക്കുകയായിരുന്നു മുത്തോലി .

ദേവകി ചേച്ചി മരിച്ച ആ ധനുമാസ രാത്രി വീണ്ടും എന്റെ മനസ്സില്‍ തെളിഞ്ഞു. ഏതോ മുന്‍ജന്മ ശാപം തീരാനെന്നോണം എന്റെ വരവിനായി കാത്തിരുന്നതായിരുന്നു ദേവകി ചേച്ചി എന്ന് പലപ്പോഴും എന്നതുപോലെ ഒരിക്കല്‍ കൂടി എന്റെ മനസ്സ് പറഞ്ഞു.തിരുവാതിര എന്ന് കേള്‍ക്കുമ്പോള്‍ തിരുവാതിരപ്പുഴുക്കിനെക്കാള്‍ മുന്‍പ് മനസ്സില്‍ വരാറുണ്ടായിരുന്നത് നിലാവുണ്ടായിരുന്ന ആ രാത്രിയിലെ അവിചാരിതമായ മരണം ആയിരുന്നു.

നാരായണേട്ടനെ ഒന്ന് കണ്ടാല്‍ കൊള്ളാം എന്നെനിക്കു തോന്നി.നാരായണേട്ടന്റെ വീട്ടിലേക്കു പോകുന്ന വഴിയില്‍ പുതുതായി വീടുകള്‍ വന്നിരുന്നു. വഴി ഉറപ്പു വരുത്താനായി ഒരു വീടിന്റെ വാതിലില്‍ ഞാന്‍ കൊട്ടി. പുറത്തു വന്ന ചെറുപ്പക്കാരനെ കണ്ടപ്പോള്‍ ഒരു പരിചയം പോലെ തോന്നി.

"ആരാ..എവിടെക്കാ" എന്നയാള്‍ ചോദിക്കുമ്പോഴും,ഓര്‍മ്മയില്‍ ആ മുഖം പരതുകയായിരുന്നു ഞാന്‍. ദേവകി ചേച്ചി മരിച്ച ദിവസം എന്നെ തുറിച്ചു നോക്കിയ ആ കണ്ണുകള്‍ തന്നെ അല്ലെ ഇത്? "നാരായണേട്ടന്റെ വീട്ടില്‍ ഇപ്പോള്‍ ആരുണ്ട്‌" എന്ന് ചോദിച്ചപ്പോള്‍,"നാരായണേട്ടനെ എങ്ങനെയാണ് പരിചയം" എന്ന മറുചോദ്യം ആയിരുന്നു അയാള്‍ ചോദിച്ചത്. ചോദ്യം കേള്‍ക്കാത്ത ഭാവത്തില്‍ ഞാന്‍ ഒരിക്കല്‍ കൂടെ ചോദിച്ചു." നാരായണേട്ടന്‍ "?

"അമ്മാവന്‍ വീണു കിടപ്പായിട്ടു വര്‍ഷങ്ങള്‍ ആയി" എന്നയാള്‍ പറഞ്ഞു. അമ്മായിയുടെ മരണ ദിവസം വീണതാണത്രേ." ഇന്നോ നാളെയോ എന്ന പോലെ കിടക്കുകയാണ് പാവം "എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ തിരികെ നടക്കാന്‍ തീരുമാനിച്ചു.നാരായണേട്ടന്റെ വീട്ടിലേക്കു മരണദൂതനായി ഒരിക്കല്‍ കൂടി കയറി ചെല്ലാന്‍ ഞാന്‍ അശക്തന്‍ ആയിരുന്നു. മറ്റൊരു തവണ കൂടി ഈ ചെറുപ്പക്കാരന്റെയും,നാട്ടുകാരുടെയും മിഴികളെ നേരിടാന്‍ എനിക്ക് സാധിക്കയില്ല എന്ന് ഞാന്‍ മനസ്സാ ഉറപ്പിച്ചു.

 
യാദൃചികമെന്നോണം ഇന്നത്തെ ദിവസംതുലാമാസത്തെ തിരുവാതിര നാള്‍ ആണ് എന്ന തിരിച്ചറിവ്എന്നില്‍ ഒരു ഞെട്ടല്‍ ഉണ്ടാക്കി.പുഴയിലേക്കുള്ള നീണ്ടുകിടക്കുന്ന വഴിയിലൂടെ അതിവേഗം നടക്കുമ്പോള്‍ ഒരു തിരുവാതിരപ്പാട്ട് ഒഴുകി വരുന്നതുപോലെ എനിക്ക് തോന്നി.എവിടെയോ ഒരു ഗന്ധരാജന്‍ പൂവിന്റെ മണം ഉണ്ടോ ?
 
 

Jul 25, 2011

പരിപ്പുവട ബ്ലോഗ്‌...ഒരു വിശദീകരണ കുറിപ്പ് .

പരിപ്പുവട ബ്ലോഗ്‌...ചില സുപ്രധാന തീരുമാനങ്ങള്‍ എന്ന പോസ്റ്റ്‌ ഇട്ടതിനു ശേഷം, രണ്ടു ദിവസം കഴിഞ്ഞു അല്പം കൂടെ മാന്യമായ രീതിയില്‍ ഏതാണ്ട് ഇതേ സന്ദേശം വരുന്ന മറ്റൊരു പോസ്റ്റ്‌ വായിക്കുകയുണ്ടായി.സമാന രീതിയില്‍ ചിന്തിക്കുന്ന പലരും ചാറ്റിലും മെയിലിലും പ്രതികരിക്കുകയുണ്ടായി.എന്നാല്‍ എന്റെ ബ്ലോഗില്‍ സ്ഥിരമായി കമന്റ് ഇടുന്ന പലരും പ്രതികരിച്ചില്ല എന്നതില്‍ വിഷമം ഉണ്ടായി. ചിലപ്പോള്‍ പരാമര്‍ശിക്കപ്പെട്ട ബ്ലോഗറുമായി നല്ല ബന്ധം അതില്‍ ഒരു കാരണം ആയിരുന്നിരിക്കാം. അപ്പോള്‍ ഈ പോസ്റ്റ്‌ തന്നെ കളയാം എന്ന് വിചാരിച്ചു. പക്ഷെ കമന്റുകള്‍ കിട്ടുന്നത് ഒരു തരത്തില്‍ ആസ്വദിക്കുന്ന ഒരാള്‍ ( അത് പറയാന്‍ ഒരു മടിയും ഇല്ല ) എന്ന നിലക്ക് കിടക്കട്ടെ എന്ന് വിചാരിച്ചു.

ഒരു ബ്ലോഗ്ഗര്‍ കമന്റു ബോക്സ്‌ അടക്കുകയോ തുറക്കുകയോ ചെയ്യുന്നത് അയാളുടെ സ്വന്തം കാര്യമാണ്.പക്ഷെ അതിനു കണ്ടെത്തിയ മുഖവിലക്കെടുക്കാനാവാത്ത ന്യായങ്ങളെ ചെറുതായി പരിഹസിക്കുക എന്നത് മാത്രമേ ഞാന്‍ ചെയ്തുള്ളൂ.

കമന്റ് എഴുതണം എന്ന് വാശി പിടിച്ചില്ല എന്ന് പറയുന്നു. വാശി പിടിച്ചാല്‍ കിട്ടുന്നതാണോ ഈ കമന്റുകള്‍ ?എഴുതുന്നത്‌ വായിച്ചു ഇഷ്ട്ടമായാല്‍ കമന്റും,ഇഷ്ട്ടമായില്ലെങ്കില്‍ ഒന്നും പറയാതെ പോകും, ഇനി തന്റെ വീക്ഷണം ആയി ചേരാത്തത് ആണെങ്കില്‍ എന്തുകൊണ്ടാണ് അങ്ങനെ എന്ന് വ്യക്തമാക്കും ,ഞാന്‍ ഉള്‍പ്പെടെ ഉള്ള സാധാരണ വായനക്കാരുടെ കാര്യം ആണ് പറഞ്ഞത്.

വായനക്കാരുടെ വിശദീകരണം ഉണ്ടെങ്കില്‍ വായിക്കാന്‍ എളുപ്പമാണ് എന്നതിനോട് ഞാനും യോജിക്കുന്നില്ല. വിശദീകരണം ആവശ്യം ഉള്ള പോസ്റ്റ്‌ ഒരു പരാജയം ആണെന്നാണ് എന്റെ അഭിപ്രായം. പക്ഷെ കമന്റുകള്‍ പലതും വായിക്കുമ്പോള്‍ നമ്മള്‍ കാണാത്ത ഒരു തലം കൂടി ആ പോസ്റ്റില്‍ മറ്റൊരാള്‍ കാണുമ്പോള്‍ ചിലപ്പോള്‍ ചില പോസ്റ്റുകള്‍ ആസ്വാദ്യം ആകാറുണ്ട് എന്ന് പറയാതെ വയ്യ.


കമന്റുകളില്‍ കൂടെ ആണ് പലരെയും പരിചയപ്പെടുന്നതും.നിലവാരം ഉള്ള കമന്റുകള്‍ ആളുകള്‍ ശ്രദ്ധിക്കും എന്ന് തന്നെ ആണ് വിശ്വാസം. ബ്ലോഗ്‌ വായിക്കുന്നവര്‍ കമന്റുകളും നോക്കാറുണ്ട് എന്ന് ഞാന്‍ കരുതുന്നു.ആരോഗ്യകരമായ സംവാദങ്ങള്‍/ പ്രതികരണങ്ങള്‍ മറ്റുള്ള വായനക്കാര്‍ വായിക്കുന്നതിനെ ഭയപെടുന്നവര്‍ക്കല്ലേ മറ്റാരും കമന്റു കാണരുത് എന്ന് തോന്നു ?

കമന്റു ബോക്സ്‌ ഇല്ലാത്ത ബ്ലോഗ്‌ ഉപ്പില്ലാത്ത കഞ്ഞി പോലെയല്ലേ..ഒരു വേര്‍ഡ്‌ വെരിഫികേഷന്‍ പോലും അരോചകം ആയി തോന്നുന്ന ഈ കാലത്ത്,വായിച്ച ബ്ലോഗില്‍ അഭിപ്രായം പറയാന്‍ ആവാതെ ബ്ലോഗറുടെ മെയിലിലേക്ക് മെയില്‍ അയക്കാനുള്ളതിനും മാത്രം വ്യക്തി ബന്ധം പലര്‍ക്കും ഉണ്ടാവില്ലല്ലോ. പിന്നെ ജിമെയിലില്‍ സൈന്‍ ഇന്‍ ചെയ്തു ആണ് ബ്ലോഗ്‌ വായിക്കുന്നതും കമന്ടുന്നതും എന്ന വാദം.പലരും ഫോളോ ചെയ്യുന്ന ബ്ലോഗ്‌ ലിങ്ക്, ബ്ലോഗര്‍ ഡാഷ് ബോര്‍ഡില്‍ നിന്നും തന്നെ ആണ് കാണാറ്.വായിച്ചു അന്നേരം അവിടെ നിന്നും തന്നെ കമന്ടുന്നതാണ് എളുപ്പം. പ്രത്യേകിച്ചും ബ്ലോഗിനികല്‍ക്കൊക്കെ മെയില്‍ ചെയ്യുന്നത് ( അത്ര അടുത്തവര്‍ അല്ലെങ്കില്‍ ) ഒരു ആശാസ്യമായ പ്രവണത ആണെന്ന് തോന്നുന്നില്ല.

ഇനി വാദത്തിനു വേണ്ടി അഭിപ്രായം ബ്ലോഗര്‍ മാത്രം അറിഞ്ഞാല്‍ മതി,മറ്റു വായനക്കാര്‍ അറിയണ്ട മെയില്‍ മാത്രം മതി എന്ന രീതി സ്വീകരിക്കുന്നുവെങ്കില്‍, മറ്റു ബ്ലോഗുകളില്‍ എന്തിനു കമന്റുന്നു ? അത് തന്റെ ഇഷ്ട്ടം,സ്വാതന്ത്ര്യം എന്നാവാം മറുപടി!എങ്കില്‍ അത് എന്തുകൊണ്ട് മറ്റു വായനക്കാര്‍ക്ക് നിഷേധിക്കുന്നു ?

നന്മയും തിന്മയും കാണാനല്ല കഥയും കവിതയും വായിക്കുന്നത്..സമ്മതിച്ചു.കഥകളില്‍ നന്മയും തിന്മയും ഉണ്ടാവില്ലേ ? കവിതയില്‍ അറിയില്ല. പോസ്റ്റില്‍ അടങ്ങിയിരിക്കുന്ന നല്ല കണ്ടെന്റ് എന്നെ ഉദ്ദേശിച്ചിട്ടുള്ളൂ.കഥയില്‍ അടങ്ങിയിരിക്കുന്ന ഒന്പതു നല്ല വശങ്ങള്‍ കാണാതെ പത്താമത്തെ ചീത്ത വശം എന്ന് മാറ്റാം..അപ്പോഴോ ?വിമര്‍ശനം മോശമാണ് എന്ന് ഉദ്ദേശിച്ചിട്ടില്ല..കാതലായ വിമര്‍ശനങ്ങള്‍ ബ്ലോഗറെ നന്നാക്കും, വിമര്‍ശനം വിമര്‍ശനത്തിനു വേണ്ടി മാത്രം ആകുമ്പോഴാണ് കുഴപ്പം.പിന്നെ പറയുന്ന രീതിയും വളരെ പ്രധാനമാണ്.ബ്ലോഗ്‌ എഴുതുന്നതില്‍ ഭൂരി ഭാഗം പേരും, വലിയ എഴുത്തുകാര്‍ അല്ല. ഈ ഒരു മാധ്യമം വന്നതിനു ശേഷം എഴുത്ത് തുടങ്ങി പോയവര്‍ ആണ്. നന്നായി എഴുതുന്ന പലരും ഉണ്ട്. പുകഴ്ത്തിയ കമന്റുകള്‍ ചിലപ്പോള്‍ അവരെ ചീത്തയാക്കിയെക്കാം.എന്നാല്‍ അനാവശ്യമായ കമന്റുകള്‍ ആത്മവിശ്വാസം തകര്‍ക്കില്ലേ ?ഇനി അതാണ്‌ ഈ തരം കമന്റുകളുടെ ഉദ്ദേശം എന്ന് ചിലപ്പോഴെങ്കിലും തോന്നിയാല്‍ വായനക്കാരെ കുറ്റം പറയാന്‍ ആവുമോ ?

കമന്റു ബോക്സ്‌ അടക്കുന്നത് മാന്യമായ അറിയിപ്പ് കൊടുത്തിട്ട് തന്നെ ആവണം. പക്ഷെ ആ അറിയിപ്പില്‍ അഹന്തയും, അമിത ആത്മവിശ്വാസവും, നിറഞ്ഞു നിന്നാലോ ? അറിയിപ്പ് കൊടുത്ത രീതി ആണ് മോശമായിപ്പോയത് എന്ന് എന്റെ തോന്നലില്‍ നിന്നാണ് മേല്പറഞ്ഞ പോസ്റ്റ്‌ ഉണ്ടായത്.ചിലര്‍ക്ക് അത് വളരെ മാന്യമായി തോന്നിയേക്കാം.വ്യത്യസ്ഥമായി ചിന്തിക്കുന്ന ചിലര്‍ എങ്കിലും ഉണ്ടാവില്ലേ ഈ ബൂലോകത്ത് ?

പിന്നെ പ്രതികരണങ്ങള്‍, പണി കൊടുത്തു എന്ന മട്ടില്‍ ഉള്ളതിനെ പ്രോല്സാഹിപ്പിച്ചിട്ടില്ല.വായിച്ചവര്‍ക്ക് കൂടുതല്‍ വിശദീകരണം കൊടുത്തിട്ടുമില്ല..അങ്ങനെ ഉള്ള അഭിപ്രായങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ തോന്നിയില്ല.കമന്റുകള്‍ ഡിലീറ്റ് ചെയ്യാന്‍ അതില്‍ അശ്ലീലം ഒന്നും ഉണ്ടായിരുന്നില്ലല്ലോ.

ഇത്രയൊക്കെ എഴുതിയിട്ടും സുഹൃത്ത് എന്ന് സംബോധന ചെയ്തതില്‍ വളരെ സന്തോഷം.ശത്രുതയുടെ ആവശ്യം ഇല്ലല്ലോ!ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത, ഒരിക്കല്‍ പോലും മെയിലില്‍ കൂടി പോലും സംവദിക്കാത്ത ഒരാളിനോടു എനിക്കും ഇല്ല ശത്രുത.പോസ്റ്റുകള്‍ ചിലത് വായിച്ചിട്ടുണ്ട്. വളരെ നന്നായി തോന്നിയ ഒരു പോസ്റ്റില്‍ ഹൃദയത്തിന്റെ ഉള്ളില്‍ നിന്നും തന്നെ എഴുതിയ ഒരു കമന്റും ഇട്ടിടുണ്ട്..എന്നാല്‍ മേല്‍ പറഞ്ഞ പോസ്റ്റ്‌ ഇട്ടതു എനിക്ക് ദഹിക്കാതതായി തോന്നിയ നിലപാടുകള്‍ക്ക് എതിരെ മാത്രം എന്ന് പറഞ്ഞു കൊള്ളട്ടെ.


വായനക്കാരുടെ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു.


Jul 19, 2011

ഒരു (സ്ഥിരം മദ്യപാനിയുടെ) അയല്‍വാസിയുടെ ആശങ്കകള്‍


പഴയ സുഹൃത്തുക്കളുടെ ഒരു ചേരലിന് വേണ്ടി ആയിരുന്നു കൊച്ചിയില്‍ ഒരു മുറി എടുത്തു കൂടിയത്.എല്ലാവരും വന്നിട്ട് "സാധനം" വാങ്ങാം എന്ന് കരുതി....ബ്രാന്‍ഡ് അറിയണമല്ലോ ! എല്ലാവരും വന്നപ്പോഴല്ലേ അറിഞ്ഞത് സീസറിനുള്ളത്* സീസറിനു തന്നെ ആണെന്ന്!മണി എട്ടു.ഇനി ബീവരെജസില്‍ പോയി ക്യു ഒക്കെ നിന്ന് സാധനം വാങ്ങാന്‍ സമയം ഇല്ല എന്നോര്‍ത്ത് റൂം ബോയിയോടു ചോദിച്ചു, ഒരു രാജാവിനെ* കൊണ്ട് തരുമോ എന്ന്. രാജാവ് പോയിട്ട് ഒരു തേനീച്ച* പോലും ഇല്ല എന്നും ,ഇവിടെ നിക്കുന്നവര്‍ പുറത്തു പോയി സാധനം വാങ്ങി കൊടുക്കാത്ത ഡീസന്റ് പാര്‍ട്ടിക്കാരും ആണെന്ന് ആ സാര്‍ പറഞ്ഞപ്പോള്‍ രോമാഞ്ചം വന്നു.ഇന്നത്തെ കാലത്തും ഇതേ പോലെ ഉള്ള ആള്‍ക്കാരോ!പക്ഷെ ഒരു ഉപകാരം ചെയ്തു..ഷിപ്‌യാര്‍ഡിനടുത്ത് എവിടെയോ തറവാട് ഉണ്ട് എന്നുള്ള ഒരു വിക്കി ലീക്സ് !

ഷിപ്‌യാര്‍ഡു എങ്കില്‍ അത്,എന്നും പറഞ്ഞു എല്ലാവരും കൂടി വെച്ചടിച്ചു.( മദ്യപ്യാനം ഒരു സാമൂഹിക വിപത്താണ് . എന്നാലും ).ഷിപ്‌യാര്‍ഡിന്റെ അടുത്ത് ചെന്നിട്ടെങ്ങും ആരും ക്യു നില്‍ക്കുന്നത് കണ്ടില്ല.ക്യു എവിടെ ഉണ്ടോ അവിടെ സാധനം കിട്ടും എന്നാണല്ലോ പണ്ട് ഭരതമുനി നാട്യ ശാസ്ത്രത്തിലൂടെ പറഞ്ഞത് . അപ്പോള്‍ അവിടുന്ന് ഒരു ചേട്ടന്‍ നടന്നു വരുന്നു.കണ്ടിട്ട് ഒരു കുടിയന്‍ ഷേപ്പ് ഉണ്ട് എന്ന് പ്രകാശന്‍ പറഞ്ഞു.ഊഹം തെറ്റിയില്ല..അങ്ങേരു കൃത്യം വഴി പറഞ്ഞു തന്നു. അടുത്ത വളവീന്നു ഉള്ളിലോട്ടെന്നു ! സ്ഥിരം പാര്‍ടി ആരിക്കും . വളവു വളഞ്ഞിട്ടും ഒരു രക്ഷയും ഇല്ല.കുറച്ചു കൂടി ചെന്നപ്പോള്‍ മറ്റൊരാള്‍ ഒരു മരത്തില്‍ പിടിച്ചു നില്‍ക്കുന്നു ..തമിഴന്‍ ആണ്.. "തണ്ണി എവിടെ കിടയ്ക്കും "എന്ന ചോദ്യത്തിന് " ആ നില്‍ക്കുന്നത് ആലാണോ അരശാണോ" എന്ന മറു ചോദ്യം ആണ് ഉണ്ടായത്( പാവം വെള്ളം അടിച്ചു പാമ്പായപ്പോള്‍ ഷേപ്പ് മാറി തമിഴന്‍ ലുക്ക്‌ ആയി പോയതാണ് എന്ന് അപ്പോഴാ മനസ്സിലായെ ) "ആല്‍ ആണ്" എന്ന് പറഞ്ഞപ്പോള്‍ "നിനക്കൊക്കെ ആലും അരശും കണ്ടാല്‍ തിരിച്ചറിയില്ലേ" എന്ന് വീണ്ടും അങ്ങേരു.(ഇവിടൊക്കെ എങ്ങനാ അന്താക്ഷരി കളിച്ചാലേ വഴി പറഞ്ഞു കൊടുക്കുക ഉള്ളോ എന്ന് കറിയാപ്പി)"അപ്പൊ അരശാല്ലേ" എന്ന് പ്രകാശന്‍.തമിഴന്‍ ലുക്ക്കാരന്‍ പറഞ്ഞു" അല്ല ആല് തന്നെ".എന്നിട്ട് പറഞ്ഞു "അവിടുന്ന് ഇടത്തേക്ക് തിരിഞ്ഞാല്‍ മതി എന്ന്." കടയില്‍ ചെന്നപോള്‍ ക്യുവില്‍ ഒരു മുപ്പതു പേര് വരും .അച്ചടക്കത്തോടെ എല്ലാവരും. മുന്നില്‍ നിന്ന ചേട്ടന്‍ പറഞ്ഞു..."ഇവിടെ എല്ലാവരും ഭയങ്കര ഡീസന്‍റ്റ് ആണ് കേട്ട. കലിപ്പായാല്‍ കടയടക്കും..പിന്നെ നുമ്മ എങ്ങനെ രണ്ടെണ്ണം അടിക്കും.നിങ്ങ പറ".ഞാന്‍ "ശരി " എന്ന് മാത്രം പറഞ്ഞു. അപ്പൊ അതാണ്‌ സീക്രട്ട്!ചേട്ടന്റെ മുന്നില്‍ നില്‍ക്കുന്ന പയ്യന്മാര്‍ക്ക് പതിനാറോ പതിനേഴോ വരും. ജെട്ടി ഇട്ടിട്ടുണ്ട് എന്നറിയിക്കാന്‍ ആണെന്ന് തോന്നുന്നു രണ്ടു പേരും അതിന്റെ പേര് വലുതായിട്ട് എഴുതിയേക്കുന്നത് കാണിച്ചു നില്‍ക്കുന്നു. ഇതിലും ഭേദം പട്ടിയുടെ കഴുത്തേല്‍ കേട്ടുന്നപോലെ കെട്ടുന്നപോലെ എലാസ്ടിക് മാത്രം കെട്ടുന്നതായിരുന്നു നല്ലത് എന്ന് ഞങ്ങള്‍ അടക്കം പറഞ്ഞു.



സാധനം വാങ്ങി തിരിച്ചു മുറിയില്‍ വന്നു .രാജാവ് പെട്ടെന്ന് തീര്‍ന്നു. വീണ്ടും ഒരെണ്ണം വാങ്ങാം എന്ന് കരുതി ചെന്നപ്പോള്‍ കുറഞ്ഞത്‌ ഒരു അറുപതു പേര്‍ ക്യുവില്‍." ഇന്ന് വാങ്ങിച്ചു അടിച്ചതുപോലെ തന്നെ" എന്ന് തിരോന്തോരംകാരന്‍ അവിനാഷ് പിറുപിറുത്തു. സാധനം കിട്ടാത്ത വിഷമത്തില്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തതും, "നിനക്കൊക്കെ വല്ല പാലും വാങ്ങി കുടിക്കാന്‍ മേലെടാ" എന്ന് ഉറക്കെ പറഞ്ഞിട്ട് വിട്ടു പോന്നതും മാത്രം ഓര്‍മ്മയുണ്ട്. സാന്ട്രോയുടെ പിന്നില്‍ ഒരു കല്ല്‌ വന്നു വീണ ഒച്ച വണ്ടിയുടെ ഓണര്‍ കറിയാപ്പികേള്‍ക്കാതെ ഇരിക്കാന്‍ പ്രകാശന്‍ ഒന്ന് ഉറക്കെ കൂവി ! ഇന്‍ഡികേറ്ററിനൊക്കെ എന്താ ഇപ്പൊ വില !



അടുത്ത സംഭവം മൂന്നാറില്‍ നിന്നും വരുന്ന വഴി ആയിരുന്നു .സാറന്മാര്‍ കൈ കാണിച്ചു. ഊതിപ്പിച്ചാല്‍ " കോലക്കുഴല്‍ വിളി കേട്ടോ.. സാറേ" എന്ന പാട്ട് മുഴുവന്‍ പാടുന്ന അവസ്ഥയില്‍ ആയിരുന്നു എല്ലാരും. ഏമാന്‍ പറഞ്ഞു "ഊതെടാ"..ഊതി...കോലക്കുഴല്‍ നാദം കേട്ടു. എമാന് സമാധാനം ആയി. നേരെ സ്റെഷനിലേക്ക്. കേസ് ചാര്‍ജു ചെയ്യുമ്പോ മുട്ടന്‍ കുറ്റം എഴുതാതെ ഇരിക്കാന്‍ ഹേഡിനു ഒരു മുന്നൂറു വേണം എന്ന് പാറാവുകാരന്റെ ഉപദേശം. അല്ലെങ്കില്‍ മദ്യപിച്ചു മദോന്‍മത്തരായി മദിരാശിയും ( ചെന്നൈ അല്ല ) ആയി ജനങ്ങളുടെ ജീവന് മനപൂര്‍വ്വം ആപത്തു സംഭവിക്കും വിധം അപകടകരമായും, അലക്ഷ്യമായും, വണ്ടി ഓടിച്ചതിന് തൂക്കിക്കൊല വരെ കിട്ടാവുന്ന ചാര്‍ജു ഒക്കെ എഴുതി പിടിപ്പിക്കും എന്ന് പറഞ്ഞപോ മുന്നൂറു രൂപയ്ക്കു ഇത്ര മാത്രം കാര്യങ്ങള്‍ മായിച്ചു കളയാനുള്ള ശക്തി ഉണ്ടോ എന്ന് ഓര്‍ത്തു . ഇനി മൂന്നാറില്‍ അഞ്ഞൂറ് രൂപ നോട്ടു നിരോധിച്ചിട്ടുണ്ടോ ആവോ. മുന്നൂറിന്റെ ശക്തിയില്‍ തല്ക്കാലം ഇറങ്ങി, പിഴ രണ്ടാഴ്ച കഴിഞ്ഞു മൊബൈലില്‍ വിളിച്ചു പറയാം എന്ന് ഏമാന്‍. രണ്ടാഴ്ച കഴിഞ്ഞു വീട്ടുകാരുടെ കൂടെ ഇരിക്കുമ്പോള്‍ ഒരു വിളി. സ്റ്റെഷനീന്നാ .രണ്ടായിരം ആണ് പിഴ .നാളെ കാശു പിരിക്കാന്‍ ആളു കൊച്ചിയില്‍ എത്തും. വന്നേക്കണം എന്ന്. എപ്പ വന്നു എന്ന് ചോദിച്ചാ മതി. നാളെ കാണാം എന്ന് പറഞ്ഞു കൂട്ടുകാരനോട് പറയുന്നമാതിരി ചിരിച്ചു .ഏമാന്‍ ഫോണ്‍ വെച്ച് എന്ന് ഉറപ്പായതിനു ശേഷം നിന്നെ എത്ര നാളായി കണ്ടിട്ടെടാ എന്ന് കൂടി ഒരു കാച്ചു കാച്ചി...വീട്ടുകാര്‍ അറിയരുതല്ലോ രണ്ടു ലാര്‍ജു വിട്ട വകയില്‍ രൂപാ രണ്ടായിരത്തി മുന്നൂറു പോയ കഥ.



മൂന്നാമത്തെ കഥയിലെ നായകന്‍ നാട്ടുകാരന്‍ തന്നെ. രാത്രി എട്ടുമണിക്ക് ഏകദേശം ഒരു ഫുള്ളിന്റെ മുക്കാല്‍ കയറ്റി നല്ലൊരു മുറുക്കും മുറുക്കി പോകവേ ആയിരുന്നു ഏമാന്മാര്‍ കൈ കാണിച്ചത്. "മുറുക്കാന്‍ തുപ്പെടാ @#$% മോനെ ആദ്യം" എന്ന് പറഞ്ഞപോള്‍ തന്നെ കെട്ടു മുഴുവന്‍ വിട്ടു. തുപ്പി...ഊതി. കോലക്കുഴല്‍ വിളി നാദം കേട്ടു. ഉടനെ അറിയാവുന്ന പോലീസുകാരെ എല്ലാം മൊബൈലില്‍ കറക്കി. കഷ്ട്ടകാലത്തിനു ആരും ഫോണ്‍ എടുത്തില്ല...ഇനി എടുത്താല്‍ തന്നെ ഏമാന്‍ വിടത്തില്ല എന്ന് ഏമാന്റെ ഡ്രൈവര്‍ പറഞ്ഞു..ഇന്ന് ആരെയും കിട്ടിയില്ലത്രേ..നേരെ ജീപ്പിലേക്കു. ബ്ലഡ് എടുക്കാന്‍ ജില്ല ആശുപത്രിയില്‍ ചെന്നപോള്‍ ഡോക്ടര്‍ ചോദിച്ചു " സത്യത്തില്‍ അടിച്ചിട്ടുണ്ടോ " നായകന്‍ പറയുന്നു, "ഒരു ഫുള്‍ മുഴുവനായി അടിച്ചിട്ടില്ല, അതോണ്ട് ബ്ലഡ് എടുത്തു ഡോക്ടര്‍ വിഷമിക്കണ്ട, കുറുപ്പടി തന്നേക്ക്‌ എന്ന് " കുറുപ്പടി കിട്ടി, നായകന്‍ സ്ലോ മോഷനില്‍ സ്റ്റെഷനിലേക്ക്. പിന്നെ രണ്ടു ജാമ്യക്കാരുടെ അകമ്പടിയോടെ വീട്ടിലേക്കു.പിഴ എത്രയാണ് എന്നറിയാന്‍ ഇനി രണ്ടു മാസം കാക്കണം.ഇനി കോടതി വിളിക്കും .സമന്‍സ് വന്നാലായി...സമന്‍സ് മുക്കി വാറണ്ട് ആക്കുന്ന കലാപരിപാടി ഉണ്ടെങ്കില്‍ അവിടെയും നേര്ച്ച...മിനിമം അഞ്ഞൂറ്...



ഇനി നാലാമത്തെ സംഭവം. സുഹൃത്തിനെ കാണാന്‍ വേണ്ടി പോലീസ് ക്യാമ്പില്‍ ചെന്നതായിരുന്നു ഞാന്‍. ആളുടെ പേര് പറഞ്ഞപ്പോള്‍ ഒരു പോലീസുകാരന്‍ പറഞ്ഞു സാറ് "മാട്ടായില്‍"*ണ് എന്ന് .അതെവിടാ സ്ഥലം എന്ന് ചോദിച്ചപ്പോള്‍ അയാള്‍ എന്നെ ഒന്ന് ക്രുരമായി നോക്കി. ഇനി ഇയാളെങ്ങാനും ആണോ ഈ സിനിമേലൊക്കെ പറയുന്ന ഇടിയന്‍ കുട്ടന്‍പിള്ള എന്ന് ഞാന്‍ ഓര്‍ത്തു. അയാള്‍ എന്നെ വയര്‍ലസ് റൂമിന്റെ വെളിയില്‍ കൊണ്ട് നിര്‍ത്തി.അവിടെ കണ്ട പോലീസുകാരനോട്‌ "ഈ മാട്ടാ എന്നാല്‍ എന്താ "എന്ന് ചോദിച്ചു .അയാള്‍ക്ക്‌ പിന്നെ മീശ ഇല്ലാത്ത കൊണ്ട് എനിക്ക് ചോദിക്കാന്‍ പേടി ഇല്ലാരുന്നു. പുതിയ റിക്രുട്ട് ആയ കൊണ്ടാരിക്കും മീശ ഇല്ലാതെ എന്ന് ഞാന്‍ ഓര്‍ത്തു. അയാള്‍ പറഞ്ഞു,"ഈ മാട്ടാ മാട്ടാ എന്ന് പറഞ്ഞാല്‍...ജില്ലയിലെ എല്ലാ ഏമാന്മാരും വയര്‍ലസ്സിലൂടെ വല്യ ഏമാന്റെ തെറി കേള്‍ക്കുന്ന ഒരു പരിപാടി ആണെന്ന്. ഞാന്‍ പയ്യെ ഒരു ജനല്‍ തുറന്നു നോക്കി. അപ്പോള്‍ എന്റെ സുഹൃത്ത്‌ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്ന ഭാഗം ആരുന്നു. ഇന്നലെ എത്ര പെറ്റി കേസ്? അഞ്ചു സാര്‍ ..എത്ര ഹെല്‍മട്റ്റ്.. എട്ടു സാര്‍ ..എത്ര ഡ്രങ്കന്‍ ഡ്രൈവ് ? രണ്ടു സാര്‍...രണ്ടോ...തന്റെ കീഴെ എത്ര ബാറാടോ ? നാല്...അപ്പൊ അവിടെല്ലാം കൂടി ആകെ രണ്ടു പേരാണോ ഇന്നലെ വെള്ളം അടിച്ചിട്ട് വണ്ടി ഓടിച്ചത്....താനൊക്കെ എന്തോന്നിനാടോ തൊപ്പി വെച്ചോണ്ട് നടക്കുന്നെ...ബാക്കി കേള്‍ക്കാന്‍ ഞാന്‍ നിന്നില്ല..ആളു തികയാത്തതിനു ഇനി എന്നെ കൂടി പിടിക്കുമോ.വണ്ടി ഓടിക്കുന്നില്ല എന്നല്ലേ ഉള്ളു... കഷ്ട്ടകാലത്ത് പാലും വെള്ളം കുടിച്ചാലും അത് കോലക്കുഴല്‍ വിളി ആകുന്ന കാലമാണല്ലോ !




മര്യാദക്ക് കേരളത്തില്‍ മദ്യപിക്കാനുള്ള ഒരു സാഹചര്യം ഉണ്ടോ ഇന്ന് ? മദ്യപാനികളെ പീഡിപ്പിക്കുന്നതില്‍ ഇവിടുത്തെ ഭരണ വര്‍ഗം ഒറ്റക്കെട്ടാ.കേരളത്തെ താങ്ങി നിര്‍ത്തുന്നത് താങ്ങ് വില പോലും ഇല്ലാത്ത തേങ്ങ അല്ല എന്നുള്ള നഗ്ന സത്യം ഇവര്‍ അറിയുന്നുണ്ടോ ? കുട്ടികള്‍ പോലും മദ്യപിക്കും എന്നൊക്കെ പത്രക്കാര്‍ എഴുതി വിടുകല്ലേ. ബാറിന്റെ വളവിനു അപ്പുറത്ത് പെറ്റു കിടക്കുവല്ലേ വണ്ടി പിടിക്കാന്‍? പോലീസ് കിടക്കുന്നത് അറിഞ്ഞു നേരത്തെ വിവരം തരുന്ന ഏതോ സോഫ്റ്റ്‌വെയര്‍ അമേരിക്കയില്‍ ഇറങ്ങി എന്ന് കേള്‍ക്കുന്നു. ഇനി അത് വരാതെ എങ്ങനെ സമാധാനമായി മദ്യപാനികള്‍ ജീവിക്കും?

ആശങ്കകളോടെ ,
ഒരു ( സ്ഥിരം മദ്യപാനിയുടെ) അയല്‍വാസി.



NB:പാലും വെള്ളം മാത്രം കുടിച്ചു വളര്‍ന്നവര്‍ക്കായി തര്‍ജമ...>>>രാജാവ് / സീസര്‍ ( സീസര്‍ ബ്രാണ്ടി )
തേനീച്ച..(ഹണീ ബീ ബ്രാണ്ടി )<<<

>>>മാട്ടാ..ഒരു സാങ്കല്പിക പേര്...സത്യമായിട്ടും<<<