May 28, 2011

ശ്രീ. ബെന്യാമിന് കുവൈറ്റ്‌ പ്രവാസികളുടെ പുരസ്കാരം.

"ആടുജീവിതം" എന്ന പ്രശസ്ത നോവലിലൂടെ മലയാളികളുടെ മനം കവര്‍ന്ന പ്രശസ്ത നോവലിസ്റ്റും, കഥാകൃത്തുമായ ശ്രീ.ബെന്യാമിനെ യൂത്ത് ഇന്ത്യ കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ മേയ് 27 നു കുവൈറ്റിലെ അബ്ബാസിയയില്‍ വെച്ച് ആദരിച്ചു. ചടങ്ങില്‍ കുവൈറ്റിലെ സാഹിത്യ , സാമൂഹ്യ മേഖലകളില്‍ നിന്നുമുള്ള പ്രമുഖ വ്യക്തികളോടൊപ്പം സാഹിത്യ ആസ്വാദകരും പങ്കെടുത്തു.


"ആടുജീവിതം" എന്ന കൃതിയെ ആസ്പദമാക്കി, രക്തം ചുരത്തുന്ന ആട് ജീവിതങ്ങള്‍ എന്ന പേരില്‍ നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്ത പലരും, ആടുജീവിതത്തിലെ നജീം അനുഭവിച്ച, അല്ലെങ്കില്‍ അതിനോളമോപ്പമോ അനുഭവങ്ങള്‍ നേരില്‍ കണ്ടറിഞ്ഞവര്‍ ആയിരുന്നു. ചര്‍ച്ചക്ക് ശേഷം ശ്രീ.ബെന്യാമിന്‍ തന്റെ മറുപടിപ്രസംഗത്തില്‍ കുവൈറ്റ്‌ പ്രവാസികളുടെ സ്നേഹാദരത്തിന് നന്ദി പറയവേ, താന്‍ നേരിട്ട് കണ്ട, അടുത്തറിഞ്ഞ അനുഭവങ്ങള്‍ തന്നെ ആണ് ഈ കൃതിക്കാധാരമെന്നും ,വരുന്ന ജൂലായ്‌ മാസത്തോടെ പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്ന തന്റെ അടുത്ത പുസ്തകം,എന്നാല്‍ ആടുജീവിതത്തില്‍ നിന്നും പാടെ വ്യത്യസ്തമായിരിക്കുമെന്നും പറഞ്ഞു.

ശ്രീ.ബെന്യാമിന്റെ മറുപടി പ്രസംഗത്തിന് ശേഷം സദസ്യരുമായി പ്രസ്തുത പുസ്തകത്തെ ആസ്പദമാക്കി ഒരു സംവാദം നടന്നു. പുസ്തകത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തന്റെ സ്വത സിദ്ധമായ നര്‍മ്മം കലര്‍ന്ന മറുപടി നല്‍കുമ്പോള്‍,ആസ്വാദകരുടെ പുരസ്കാരങ്ങളെ മറ്റു മത്സരങ്ങളില്‍ പങ്കെടുത്തു നേടിയ പുരസ്കാരങ്ങളെക്കാള്‍ താന്‍ വിലമതിക്കുന്നു എന്ന് അദ്ദേഹം പറയുകയുണ്ടായി .

വളരെ വ്യതസ്തമായ ഈ പരിപാടി അവതരിപ്പിച്ച യൂത്ത് ഇന്ത്യ പ്രവര്‍ത്തകര്‍ക്ക് അനുമോദനങ്ങള്‍.





വേദിയുടെ ഒരു വീക്ഷണം




ശ്രീ. ബെന്യാമിന് പ്രശംസാ പത്രം









സദസ്സിന്റെ ഒരു കാഴ്ച





പ്രവാസി സാഹിത്യ പുരസ്കാര സമര്‍പ്പണം



ശ്രീ. ബെന്യാമിന്റെ മറുപടി പ്രസംഗം



May 24, 2011

രണ്ടു കെ.പി കള്‍ !


അച്ഛാ ..അച്ഛാ..എന്നാണ് അച്ഛന്‍ എന്നെ സ്കൂളില്‍ നിന്നും പിക്ക് ചെയ്യാന്‍ വരുന്നേ ?എല്ലാ കുട്ട്യോളേം അവരുടെ അച്ഛനും അമ്മേം വന്നു കൊണ്ടോവും..ഞാന്‍ മാത്രം എന്നും ഷിബു അങ്കിളിന്റെ കൂടെ..എല്‍ കെ ജിയില്‍ പഠിക്കുന്ന മകന്‍ കരയാന്‍ തുന്ടങ്ങി..

ഹാവൂ..ഇവന് ഇന്നെലും പറയാന്‍ തോന്നിയല്ലോ.കുറെ നാളായി, സ്കൂളില്‍ പോയി കുറെ കളേര്‍സ് കണ്ടിട്ട്!രോഗി ഇശ്ചിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും ക്രിസ്ത്യന്‍ ബ്രദേര്‍സ് എന്ന് പറഞ്ഞ മാതിരി ആയി(തെറ്റിദ്ധരിക്കരുത് ..സിനിമയാ ഉദ്ദേശിച്ചത്. മദ്യപ്യാനം ഒരു സാമൂഹിക വിപത്ത്എന്നാണു എന്റെ അഭിപ്രായം )അച്ഛന് സന്തോഷം ആയല്ലോ എന്ന് കേട്ടപാതി ഭാര്യ ഒന്ന് കുത്തി!

ഇവന്‍ അപ്പു..എല്‍ കെ ജി ക്ലാസ്സ്‌ തുടങ്ങിയിട്ട് മാസം ഒന്നേ ആവുന്നുള്ളൂ എങ്കിലും നല്ല പുരോഗതി ഉണ്ട് . കുസൃതിക്കേ .എ ബി സി ഡി പഠിപ്പിക്കാന്‍ യു ടുബിന്റെ സഹായം തേടിയത് ഇപ്പോള്‍ പാരയായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.ഇപ്പൊ ഉമ്മ ചോദിച്ചാല്‍ അവന്‍ ചുണ്ടിലെ തരു..കലികാലം ..

ഓഫീസില്‍ നിന്നും ഉച്ചയായപ്പോള്‍ സ്കൂളില്‍ എത്തിയപ്പോള്‍ പ്രതീക്ഷിച്ചതിനെക്കാളും ഒക്കെ കളറുകള്‍ അധികം.മക്കളെ കൊണ്ട് പോകാന്‍ വന്ന അമ്മമാര്‍.കുട്ടികളെ വരിയായി കൊണ്ട് നടുത്തളത്തില്‍ കൊണ്ട് നിര്‍ത്തുന്ന ടീച്ചര്‍മാര്‍.ബീനാ കണ്ണന്റെ ശീമാട്ടീ ചെന്നിട്ടു പട്ടു സാരി തിരഞ്ഞെടുക്കാന്‍ കയറിയപോലെ ആയി പോയി.ഒരു പൂമാത്രം ചോദിച്ചു.ഒരു പൂക്കാലം നീ തന്നു എന്ന മഹാകവി കൈതപ്രത്തിന്റെ പ്രശസ്തമായ കവിത ഞാന്‍ മൂളി. ആഹാ..രണ്ടു ഷിഫ്റ്റ്‌ ഉള്ള ജോലിയായിരുന്നെങ്കില്‍ എന്നും ഈ കലാപരിപാടി നടത്താമായിരുന്നു എന്ന് തോന്നിയെങ്കിലും ഒടുക്കത്തെ ചൂട് ഓര്‍ത്തപ്പോ വേണ്ട എന്ന് വെച്ചു.

ക്ലാസ്സിന്റെ പുറത്തു ചെന്നപ്പോഴേ അപ്പു ചാടി വന്നു. "അച്ഛാ നമ്മുക്ക് കിച്ചുവിനെ കൂടി കൊണ്ടോയാലോ " എന്ന് അപ്പു ചോദിച്ചപ്പോഴാണ് അളിയന്റെ മകനും ഒരേ ട്രാന്‍സ്പോര്‍ട്ടില്‍ ആണ് വരുന്നത് എന്നോര്‍ത്തത്.കിച്ചു അവിടെ തന്നെ യു കെ ജി.യില്‍ പഠിക്കുന്നു. രണ്ടാളും ഒന്നിച്ചാണ് വരവും പോക്കും. ട്രാന്‍സ്പോര്‍ട്ടുകാരനോട് പറഞ്ഞപോള്‍ ആള്‍ക്ക് പെരുത്ത്‌ ഖുശി. ഇന്ന് രണ്ടു കെ.പി കള്‍ ( കുട്ടിപ്പിശാശുക്കള്‍ ) കുറഞ്ഞാല്‍ അത്രേം നല്ലത് എന്ന് ഓര്‍ത്ത് ആവും. നെല്ലിക്കാക്കൊട്ട മറിച്ചത് പോലല്ലേ പിള്ളേര് ഇറങ്ങി ഓടുന്നത്. ആര്‍ക്കായാലും ഭ്രാന്ത് ആകും എന്ന് ഞാന്‍ ഓര്‍ത്തു.

കിച്ചുവിനെ വിളിച്ചോണ്ട് നടന്നപ്പോ ദേ കിച്ചുവിന്റെ ക്ലാസ്സില്‍ നിന്നും ഒരു വിളി.."അപ്പൂ..അപ്പൂ" എന്ന്..നോക്കിയപ്പോള്‍ ഒരു ഗുണ്ട് മണി..സുന്ദരിക്കുട്ടി...അപ്പൂനെ നോക്കി ചിരിക്കുന്നു. ആരാടാ അത് എന്ന് ചോദിച്ചപ്പോ "ആ" എന്ന് രണ്ടും.പേര് ചോദിച്ചിട്ട് രണ്ടിനും അറിയില്ല. ഒരുമിച്ചു സ്കൂള്‍ ട്രാന്‍സ്പോര്‍ട്ടില്‍ വരുന്നതാണത്രെ. ഇതിലെന്തോ കള്ളക്കളി ഉണ്ടല്ലോ എന്ന് കരുതി ഞങ്ങള്‍ വീട്ടിലേക്കു പോന്നു.

വൈകുന്നരം കിച്ചുവിന്റെ സ്കൂള്‍ ആനുവല്‍ഡേ പ്രോഗ്രാം വീഡിയോ കാണുകയായിരുന്നു ഞങ്ങള്‍.റോഡ്‌ റോളറില്‍ കുട്ടിയുടുപ്പു ഇട്ടപോലെ ഒരു ഗോവാക്കാരി ചേടുത്തി ഏതാണ്ടൊക്കെ കിടന്നു അലക്കുന്നു.സിംഹവാലന്‍ കുരങ്ങു തിരിഞ്ഞു നിന്നമാതിരി മുഖത്തൊക്കെ എന്തോ പെയിന്റ് അടിച്ചിട്ടുണ്ട്. കിച്ചു പാട്ടൊക്കെ പാടി തകര്‍ക്കുന്നു. നോക്കിയപ്പോള്‍ ഉച്ചക്ക് കണ്ട സുന്ദരിക്കുട്ടി ദേ പിങ്ക് ഡ്രസ്സ്‌ ഒക്കെ ഇട്ടോണ്ട് നിന്ന് പാട്ടുപാടുന്നു. ഞാന്‍ ഭാര്യയോട്‌ ഉച്ചക്ക് നടന്ന സംഭവം വിവരിച്ചു..അപ്പുവിനോട് അവള്‍ ചോദിച്ചു..."ആരാ മോനെ അത്" ?

"ഓ അതോ..അതെന്റെ വൈഫ്‌ ആണ്"...അപ്പുവിന്റെ നിഷ്കളങ്കമായ വാക്കുകള്‍ കേട്ട് ഞങ്ങള്‍ രണ്ടും ചിരിച്ചു മറിഞ്ഞു..എത്ര ശ്രമിച്ചിട്ടും ചിരി നിര്‍ത്താന്‍ കഴിയുന്നില്ല. അപ്പുവിനു എന്തോ പന്തികേട്‌ തോന്നി എന്ന് തോന്നുന്നു . അവന്‍ ഉടനെ പ്ലേറ്റ് മാറ്റി.." അത് കിച്ചുവിന്റെ വൈഫ്‌ ആണ് " എന്ന് !

ഞങ്ങള്‍ വീണ്ടും ചിരി തുടങ്ങി..ഏക പുത്രന്റെ കല്യാണം കഴിഞ്ഞ ഗുഡ് ന്യൂസ്‌ അളിയനോട് പറഞ്ഞേക്കാം എന്ന് കരുതി ഫോണ്‍ എടുത്തതും ദേ വരുന്നു അടുത്തത്."അച്ഛാ.മാമനോട് പറയല്ലേ.മാരിയെജു കഴിഞ്ഞിട്ടില്ല കേട്ടോ..പറഞ്ഞാല്‍ കിച്ചു ആന്ഗ്രി ആകും".

ഇനി നിങ്ങള്‍ പറയു...എവന്‍ ഒക്കെ എവിടെ ചെന്ന് നില്‍ക്കും ?

May 16, 2011

തിരക്കുകള്‍ ജീവിതത്തിന്റെ നിറം കെടുത്തുമ്പോള്‍

"സത്യം പറയണം.എന്നോടുള്ള ഇഷ്ട്ടം കുറഞ്ഞു വരുന്നുണ്ടോ"? ഭാര്യയില്‍ നിന്നും അപ്രതീക്ഷിതമായി വന്ന ചോദ്യം കേട്ട് രാംദാസ് ഒന്ന് പകച്ചു. എന്താ ഇപ്പോള്‍..ഇങ്ങനെ ഒരു ചോദ്യം ?ഇന്നത്തെ ദിവസം അരുതാത്തതായി ഒന്നും തന്നെ പറഞ്ഞിട്ടില്ലലോ എന്ന് അയാള്‍ സ്വയം ഉറപ്പു വരുത്താന്‍ ശ്രമിച്ചു. വൈകുന്നേരത്തെ ഭക്ഷണത്തിന് ശേഷം വെറുതെ ഫേസ്ബുക്കില്‍ കൂടി അലയുകയായിരുന്നു രാംദാസ്.


പെട്ടെന്ന് ഒരു ഉത്തരം കൊടുക്കാന്‍ രാംദാസിന് സാധിച്ചില്ല. കാരണം തിരക്കുകള്‍ തങ്ങളുടെ ഇടയിലെ ബന്ധത്തിന് പോറല്‍ വരുതിയിട്ടുണ്ടായിരുന്നില്ലെങ്കിലും, പഴയ ഊഷ്മളത നഷ്ടപ്പെട്ടു എന്നുള്ള ഒരു സന്ദേഹം അയാള്‍ക്ക്‌ തന്നെ പലപ്പോഴും തോന്നിയിരുന്നു. പരസ്പരം തുറന്നു സംസാരിക്കാനുള്ള സമയം കുറവ് വന്നത് തന്നെ ആയിരുന്നു കാരണം. ജോലി-വീട് എന്നിങ്ങനെ മാത്രം ഉള്ള ഒരു ലോകത്തായിരുന്നു അയാള്‍. ജോലിക്ക് ശേഷം ഒരു ചെറിയ പാര്‍ട്ട് ടൈം ജോലി. അതുകഴിഞ്ഞാല്‍ നേരെ വീട്. അധ്യാപികയായ ഭാര്യക്ക് കുറച്ചു കുട്ടികളുടെ ട്യുഷന്‍ ഉണ്ടായിരുന്നു. അതിനു ശേഷം കുട്ടികളുടെ പഠിപ്പ് ഒക്കെ ആയി അവര്‍ക്കും തിരക്ക്. മൂത്ത മകള്‍ പത്താംക്ലാസില്‍ ആയതിനാല്‍ അവള്‍ക്കും തിരക്ക്.രണ്ടു ചെറിയവര്‍ അവരുടേതായിട്ടുള്ള കളികളും ഒക്കെ ആയി.എല്ലാ തിരക്കുകളും കഴിയുമ്പോള്‍ നേരെ കാണാന്‍ തന്നെ സമയം ഉണ്ടായിരുന്നില്ല. പിറ്റെന്നെക്കുള്ള തയാറെടുപ്പുകള്‍. കാലത്തെ ഉണര്‍ന്നു ഓരോരോ ചില്ലയിലേക്ക് ചാടിയും ഓടിയും കയറുന്ന പ്രവാസി പക്ഷികള്‍. അതിനിടയില്‍ എവിടെ ഇഷ്ട്ടം പ്രകടിപ്പിക്കാന്‍ സമയം ? തിരക്കുകള്‍ ജീവിതത്തിന്റെ നിറം കെടുത്തുന്നുവോ ?


സുഹൃത്തുക്കള്‍ ഒരു ബലഹീനത ആയിരുന്ന അയാള്‍, എന്നാല്‍ പ്രവാസ ലോകത്ത് എത്തി ചേര്‍ന്ന ശേഷം സുഹൃത്തുക്കളെ ഉണ്ടാക്കി എടുക്കുന്നതില്‍ പാടെ പരാജയപ്പെട്ടു. ആത്മാര്‍ഥമായ സുഹൃത്ത് ബന്ധങ്ങള്‍ ഗള്‍ഫില്‍ തുലോം കുറവാണല്ലോ. എല്ലാരെക്കാളും മുന്‍പന്‍ എന്ന് സ്വയം അഹങ്കരിച്ചു നടക്കുന്ന ഒരു പറ്റം ആള്‍ക്കാരുടെ ഇടയില്‍ പൊങ്ങച്ചം കാണിക്കാനും മറ്റും അയാള്‍ക്ക്‌ സാധിച്ചിരുന്നില്ല. പ്രവാസി സംഘടനകളില്‍ ആളായി നടന്നു സ്വന്തം പടം പത്രങ്ങളില്‍ വരുന്നത് കണ്ടു ആനന്ദിക്കാനുള്ള ഒരു സ്വഭാവ വിശേഷത്തിനു അടിമ അല്ലായിരുന്നു അയാള്‍ . നിരോധനം മൂലം മദ്യപാന ശീലം നാട്ടില്‍ മാത്രമായി ചുരുങ്ങിയതും, ചില സുഹൃത്തുക്കളുടെ ഇടയില്‍ എങ്കിലും, അയാള്‍ സ്വീകാര്യനല്ലാതെ ആയി തീര്‍ന്നു.


തിരക്ക് എന്ന വാക്ക് ആയിരുന്നു അയാള്‍ ഏറ്റവും കൂടുതല്‍ കേട്ടിരുന്നത്. ഓഫീസില്‍, വീട്ടില്‍, പരിചയക്കാരെ വിളിക്കുമ്പോള്‍, ജോലി സംബന്ധമായ സംഭാഷണങ്ങളില്‍ എല്ലാം. തിരക്കില്ല എന്ന് പറയുന്നവരെ ഒന്ന് കാണാന്‍ പറ്റിയിരുന്നെകില്‍ എന്ന് രാംദാസ് പലപ്പോഴും കൊതിച്ചിരുന്നു.ഫോണ്‍ വിളിച്ചാല്‍ എടുക്കാത്ത പരിചയക്കാര്‍.പിന്നീട് തിരക്കിലായിരുന്നു എന്ന് ജാഡ പറഞ്ഞു തിരിയെ വിളിക്കുമ്പോള്‍ ഗൂഡമായ ഒരു ചിരി വരുന്നത് പലപ്പോഴും അയാള്‍ക്ക്‌ അനുഭവപ്പെട്ടിരുന്നു. പ്രവാസ ജീവിതത്തിന്റെ ഇടയിലെ ചെറിയ ചെറിയ അവധി ദിവങ്ങളില്‍ നാട്ടില്‍ എത്തുമ്പോഴും,തിരക്ക് എന്ന് വാക്ക് ഒരുപാട് കേട്ടു. പഴയ സുഹൃത്തുക്കളെ ഒക്കെ വിളിച്ചാല്‍ കിട്ടാതായി തുടങ്ങിയതിനാല്‍, അവധി ദിവസങ്ങളില്‍ തിരക്കില്ലാത്ത ഏക ആളായി മാറാന്‍ കഴിയുന്നതില്‍ അയാള്‍ ഒരു രസം കണ്ടു തുടങ്ങിയിരുന്നു.



ഭാര്യ അല്ലാതെ മറ്റൊരു സ്ത്രീ അയാളുടെ ജീവിതത്തില്‍ ഇല്ലായിരുന്നു.പതിനാറു വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ തന്നില്‍ പക്ഷെ ചില കുറവുകള്‍ വന്നിട്ടുണ്ട് എന്ന് അയാള്‍ക്ക്‌ തോന്നി.ഒരു പുതിയ ഡ്രസ്സ്‌ വാങ്ങുമ്പോള്‍, അത് ധരിക്കുമ്പോള്‍ ഭാര്യയെ പുകഴ്ത്താന്‍ ഒക്കെ മറന്നു പോയിരിക്കുന്നു. അവര്‍ അത് ആഗ്രഹിക്കുന്നുണ്ടാവുമോ ? ഒരു സമ്മാനം ഭാര്യക്ക് കൊടുത്ത കാലം മറന്നിരിക്കുന്നു.ഫേസ് ബുക്കില്‍ അപ്ഡേറ്റ് വരുമ്പോള്‍ മാത്രം ഓര്‍മ്മ വരുന്ന ജന്മ ദിനങ്ങള്‍ .


ഓഫീസില്‍ ഇരിക്കുമ്പോഴും രാംദാസിന്റെ ചിന്ത എങ്ങനെ ജീവിതത്തില്‍ പഴയ ഊഷ്മളത കൊണ്ടുവരാം എന്നായിരുന്നു. വൈകുന്നേരം ഭാര്യയുമായി ഒന്ന് നടക്കാന്‍ പോകാമെന്നും, പുറത്തു നിന്നാവട്ടെ ഇന്നത്തെ ഭക്ഷണം എന്നും അയാള്‍ തീരുമാനിച്ചു. പാര്‍ട്ട്‌ ടൈം ജോലി ചെയ്യുന്ന സ്ഥലത്ത് വിളിച്ചു വരില്ല എന്ന് പറഞ്ഞു. ഭാര്യക്ക്‌ ഒരു സര്‍പ്രയ്സ് ആവട്ടെ എന്ന് കരുതി മനപൂര്‍വം പറയാതെ ഇരിക്കുമ്പോഴും ഇത് പറയുമ്പോള്‍ ഉണ്ടാവുന്ന സന്തോഷം കുറച്ചു നാളുകള്‍ക്കു ശേഷം എങ്ങനെ ഉണ്ടാവും എന്ന് അയാള്‍ ഓര്‍ത്തു.

ക്ഷീണിതന്‍ ആയിട്ടാണ് വീട്ടില്‍ എത്തിയതെങ്കിലും വൈകുന്നേരത്തെ പ്രോഗ്രാം മാറ്റാന്‍ അയാള്‍ക്ക്‌ തോന്നിയില്ല. പതിവിനു വിപരീതമായി ചായക്ക്‌ പകരം രാംദാസിനു ഇഷ്ട്ടപ്പെട്ട അടപ്പായസം ഭാര്യ കൊടുത്തപ്പോള്‍ എന്താണ് വിശേഷം എന്ന് ചോദിക്കാതിരിക്കാന്‍ പറ്റിയില്ല. ഹാപ്പി ബര്‍ത്ത്ഡേ എന്ന് ആര്‍ത്തു വിളിച്ചു കൊണ്ട് മക്കള്‍ വന്നപ്പോഴായിരുന്നു താന്‍, തന്റെ തന്നെ ജന്മദിനം മറന്നുവല്ലോ എന്ന് ഓര്‍ത്തത്‌. രാത്രി ഭക്ഷണം പുറത്താണെന്നും അമ്മ നമുക്കായി അഞ്ചു സീറ്റുകള്‍ മുഗള്‍ മഹാള്‍ ഹോട്ടലില്‍ റിസര്‍വ് ചെയ്തിരിക്കുന്നു എന്നും മൂത്ത മകള്‍ പറഞ്ഞു. ഭാര്യ കൈയ്യിലേക്ക് കൊടുത്ത കവറിനുള്ളിലെ ഷര്‍ട്ടിന്റെ നിറം തന്റെ പ്രിയ നിറമായ ഇളം നീല തന്നെ ആണെന്ന് കണ്ണുകള്‍ ചെറുതായി നിറഞ്ഞിരുന്നിട്ടും രാംദാസിനു മനസ്സിലായി.

May 8, 2011

കൊച്ചു തോമായുടെ വ്യഥകള്‍ ..

കൊച്ചു തോമ കുറെ പെണ്ണ് കണ്ടു നടന്നെങ്കിലെന്താ.അവസാനം സിപ്പു തന്നെ തലേല്‍ വന്നു കേറിയില്ലേ.എല്‍ദോചായന്‍ കേറി ഉടക്കിട്ടിട്ടും കല്യാണം നടന്നു.അല്ലെങ്കിലും വരാന്‍ ഉള്ളത് വഴിയില്‍ തങ്ങുമോ.എന്നിട്ട് കല്യാണം കഴിഞ്ഞു വന്നപോ അവിടെ ഷേയറിങ്ങില്‍ താമസിപ്പിക്കാന്‍ എന്തൊരു ഉത്സാഹം ആരുന്നു..ഷീല അമ്മാമ്മേം അവിരാച്ചയനും പിന്നെ വിട്ടുകൊടുക്കുമോ.വാടക ഒന്നും വേണ്ട എന്ന് പറയുമേലും നമ്മക്ക് അറിയരുതോ ഉള്ളിലിരുപ്പ്. ഈ കാശും കൂടി ഓര്‍താരിക്കും പുതിയ ഒരു വേലക്കാരിയെ പാര്‍ട്ട്‌ ടൈം വെച്ചിട്ടുണ്ട്.അത് ഏതായാലും നന്നായി.സിപ്പുനു വല്ലോം വെക്കാന്‍ അറിയാമോ.ചുമ്മാതിരുന്നു തിന്നു വീങ്ങി ഇരിക്കുവല്ലേ.അപ്പനും അമ്മേം കൂടെ പുന്നാരിച്ചു വഷളാക്കി വെച്ചിരിക്കുകയല്ലേ.

 
ഒരു കണക്കിന് സിപ്പുവിനെ കെട്ടിയത് നന്നായി. പെണ്ണ് കാണല്‍ ഫീല്‍ഡില്‍ ഇറങ്ങിയപ്പോഴല്ലേ കളി മനസ്സിലായത്‌. പെണ്ണുങ്ങള്‍ക്ക്‌ മിക്കവാറും എല്ലാത്തിനും കോമ്പാ. പത്രത്തില്‍ നോക്കുമ്പോള്‍ കാണാം സുന്ദരിയായ ക്രിസ്ത്യന്‍ യുവതി ,അമേരിക്കയില്‍ ജോലി,എന്നിട്ട് ബ്രാക്കറ്റില്‍ എഴുതും . കൊണ്ട് പോകും. കൊണ്ട് പോകുമത്രേ..എങ്ങോട്ട്...നരകത്തിലെക്കായിരിക്കും. അവിടെ ചെന്നാല്‍ പണി കിട്ടിയില്ലെങ്കില്‍ പണി ആകും എന്ന് കുന്നെലെ സജിയുടെ അനുഭവം കേട്ടപോ മനസ്സിലായി. അവനിപ്പോ നന്നായിട്ട് ബിരിയാണി വരെ വെക്കുമെന്ന്. പിന്നെ കുവൈറ്റില്‍ പോകാന്‍ മിക്കതിനും താല്പര്യം ഇല്ല. അവിടെ ലൈഫ് ഇല്ലെന്നു. ദുബായ് ആണേല്‍ നോക്കാന്നു. പിന്നെ, ഉള്ള പണി കളഞ്ഞേച്ചും, ഇതിനെ ഒക്കെ കെട്ടാന്‍ വേണ്ടി ഇനി ഞാന്‍ ദുബൈക്ക് പോകാം. കുവൈറ്റില്‍ തന്നെ ഉള്ള നേഴ്സ് പെണ്ണുങ്ങളുടെ കാര്യം പറയേണ്ട. ആലോചന വന്നപ്പോള്‍ തന്നെ അവറ്റക്കൊക്കെ ഒടുക്കത്തെ ഡിമാണ്ട്. ലൈസന്‍സ് ഉണ്ടോ, കാര്‍ ഉണ്ടോ , ഫ്ലാറ്റ് ഉണ്ടോ. പിന്നെ.. ഇതെല്ലാം ആയിട്ടല്ലേ ആള്‍ക്കാരു കുവൈറ്റിലോട്ടു വരുന്നേ.

വിവാഹത്തിന്റെ ആദ്യ നാളുകളില്‍ ഭര്‍ത്താവു ഭാര്യയെ ഇമ്പ്രെസ്സ് ചെയ്യാന്‍ ശ്രമിക്കും എന്നത് ഒരു നാട്ടു നടപ്പാ..എന്നാലും ഇങ്ങനെ ഒരു അക്കിടി പറ്റാനുണ്ടോ. ഇന്റര്‍നെറ്റ്‌ നോക്കിയത് കൊണ്ട് മാത്രം ലോകത്താരും ഇന്നേ വരെ സാമ്പാര്‍ ഉണ്ടാക്കിയിട്ടില്ല എന്ന സത്യം ആരറിഞ്ഞു..വെച്ചുപോയ സാമ്പാര്‍ പിന്നെ ഒരാഴ്ച ഓടിക്കാതെ പറ്റുമോ.പിന്നെ എടുത്തു വെക്കാന്‍ വലിയ അണ്ടാവു പോലത്തെ ഫ്രിഡ്ജും ചൂടാക്കാന്‍ ഓവനും ഉള്ളതുകൊണ്ടാണല്ലോ ഗള്‍ഫിലൊക്കെ ഒരുമാതിരി വീടുകളില്‍ ആഴ്ചയില്‍ ഒരിക്കല്‍ കൂക്കിംഗ് എന്നാ അത്ഭുതം സംഭവിക്കുന്നത്‌.


ഇന്നലെ പറ്റിയത് ഓര്‍ത്താല്‍ ഇനി മേലാല്‍ ചപ്പാത്തി ഉണ്ടാക്കാന്‍ തോന്നുകേല..വളരെ കഷ്ടപെട്ടാ പത്തു പതിനെട്ടു ചപ്പാത്തി ഉണ്ടാക്കിയത്..ചപ്പാത്തിയെല്ലാം വട്ടത്തില്‍ ഇരിക്കുന്നതിനു പകരം ചതുരോം ഒക്കെ ആയതു പോട്ടെ..അത് ബട്ടര്‍നാന്‍ ‍ ഷെയ്പില്‍ ഉണ്ടാക്കിയതാ എന്നും പറഞ്ഞു സിപ്പുന്റെ അടുത്ത് രക്ഷപെട്ടു..കുറെ എണ്ണം എടുത്തു പാത്രത്തില്‍ അടച്ചു വെച്ചു..നാളേം കഴിക്കണമല്ലോ..കഷ്ടകാലം എന്നല്ലേ പറയാന്‍ പറ്റു.ചപ്പാത്തിക്കൊന്നും ഒരു ഗ്ലാമര്‍ ഇല്ലാഞ്ഞിട്ടാരിക്കും ആ വേലക്കാരി ശിങ്കാരി അതെല്ലാം കൂടി വേസ്റ്റില്‍ എടുത്തിട്ടു. അതുപോട്ടെ..സിപ്പു നാട്ടില്‍ വിളിച്ചു പറഞ്ഞു ചിരിക്കുന്നത് കേട്ടു...തോമാച്ചായന്‍ ഉണ്ടാക്കിയ ചപ്പാത്തി വായില്‍ വെക്കാന്‍ കൊള്ളുകേല എന്ന്.എന്ന് വെച്ചാ കൊച്ചു തോമ എന്ജിനീയരിങ്ങിന് ചപ്പാത്തി പരത് അല്ലെ പഠിച്ചത്. പിന്നെ പറച്ചില് കേട്ടാ അമ്മായി അമ്മ നല്ലത് വല്ലോം ഉണ്ടാക്കി കൊടുക്കുന്ന പോലാ . അമ്മായി അമ്മയുടെ കാര്യം പറയാതെ ഇരിക്കുവാ ഭേദം. വിരുന്നിനു ചെന്നപ്പോ കേക്ക് ആണെന്ന് പറഞ്ഞു ഒരു സാധനം.ഒന്ന് കടിച്ചതെ ഉള്ളു .പല്ല് അടര്‍ന്നു പോകാഞ്ഞത്‌ ഭാഗ്യം. അമ്മായി അമ്മ കേക്കിന്റെ റിസള്‍ട്ട്‌ അറിയാന്‍ ആകാംക്ഷയോടെ നില്‍ക്കുവാ.എങ്ങനെ ഉണ്ട് മോനെ എന്ന് ചോദിച്ചപോ പട്ടിക്കിട്ടു എറിയാന്‍ ബെസ്റ്റ് ആണ് എന്ന് അറിയാതെ പറഞ്ഞു പോയി.പുള്ളിക്കാരീടെ മുഖം കടന്നല് കുത്തിയതുപോലെ ആരുന്നു രണ്ടു ദിവസം..

പിന്നെ എന്നും വൈകുന്നേരം വിരുന്നു എന്നും പറഞ്ഞു കെട്ടി ഒരുങ്ങി പോകണം. സിപ്പൂന്റെ ആള്‍ക്കാരു മാത്രേ ഉള്ളു അബ്ബസ്സിയായില്‍ താമസം എന്നാ തോന്നുന്നേ.എല്ലാ ദിവസവും ഓരോരുത്തര്‍ ബുക്ക്‌ ചെയ്തെക്കുവല്ലേ. വൈകുന്നേരം കഴിക്കാന്‍ പോകുന്ന വീടിലെ പിള്ളാര്‍ക്ക് ചോക്ലേറ്റും വാങ്ങി ഒരിറക്കം ആണ്. പിന്നെ അവരുടെ വീട്ടില്‍ പോയി കുറെ ജാഡ വര്‍ത്തമാനം സഹിക്കണം. ഓഫീസിലെ വീര കഥകള്‍ കേള്‍ക്കണം. എല്ലാവരും പുലി ആണല്ലോ. പിന്നെ കഴിപ്പിന് മുന്‍പ് അച്ചായന്‍ കണ്ണ് കാണിക്കും.."എടുക്കട്ടോ" എന്ന് ഇവന്റെ ഒക്കെ ജാഡ കഥകള്‍ സഹിക്കുന്നതിനു രണ്ടെണ്ണം പോര, നാലെണ്ണം വേണം.. പക്ഷെ സിപ്പുവിന്റെ സ്റാന്റിംഗ് ഓര്‍ഡര്‍ ഉണ്ടല്ലോ. ചെല്ലുന്ന വീട്ടില്‍ അടിച്ചു പാമ്പാകാന്‍ ആക്രാന്തം കാട്ടരുത് എന്ന്. അതുകൊണ്ടൊക്കെ സഹിക്കുന്നു. പിന്നെ ഈ പോക്കിന് ഒരു ഗുണമുണ്ട്. വീട്ടില്‍ കഞ്ഞിം കറീം വെക്കണ്ടല്ലോ.ഉച്ചക്ക് പിന്നെ കാന്റീന്‍ ഉണ്ടല്ലോ ഭാഗ്യം !.കാലത്തേ ബ്രെഡും ജാമും. പെണ്ണ് കെട്ടിയാലെങ്കിലും മര്യാദക്ക് ബ്രേക്ക്‌ ഫാസ്റ്റ് കിട്ടും എന്ന് വിചാരിച്ചു..എവിടെ.

ഒരു വിധത്തില്‍ കഴിഞ്ഞു പോരുകയായിരുന്നു. അന്നെരമല്ലേ കഷ്ടകാലത്തു പല്ല് തേച്ചോടിരുന്നപോള്‍ പല്ല് സെറ്റ് അടര്‍ന്നു വാഷ്‌ ബേസിനില്‍ പോയെന്നു പറഞ്ഞപോലെ ആയത്. വെറുതെ വൈകുന്നേരം വീട്ടില്‍ കിടന്നുറങ്ങുവാരുന്നു. അന്നേരം പെണ്ണിന് സുല്‍ത്താന്‍ സെന്ററില്‍ പോണം. സെയില്‍ ഉണ്ടത്രേ. പെണ്ണുങ്ങളെ പറ്റിക്കാന്‍ ആയിട്ട് ഓരോ ദ്രോഹികള്‍ ഓരോ പരിപാടി ആയിട്ടു ഇറങ്ങും. വെറുതെ ഒരു വണ്ടീം തള്ളി സുല്‍ത്താന്‍ സെന്ററില്‍ കൂടി ഓരോന്ന് നോക്കി നടക്കുവായിരുന്നു. നോക്കിയപ്പോ നേരെ നടന്നു വരുന്നു ജി . എം . കൂട്ടത്തില്‍ ഓഫീസിലെ റിസപ്ഷനില്‍ ഇരിക്കുന്ന ഫിലിപ്പീനി തള്ളയും.ചാള്‍സും ഡയാനയും നടക്കുന്നപോലെ അങ്ങേരുടെ കൈക്കുള്ളിലൂടെ കൈ കോര്‍ത്ത് ഒക്കെയല്ലേ ആയമ്മ നടക്കുന്നെ. പുറകോട്ടു പോകാനും മേല. എന്തോ ചെയ്യാനാ. ഏതായാലും പെട്ടു, അടുത്ത് ചെന്നപ്പോള്‍ ചുമ്മാ തല ഒന്ന് താഴ്ത്തി. അങ്ങോരും ഒന്ന് തല താഴ്ത്തി. കൈയും കാലും വിറച്ചതും കടയില്‍ നിന്ന് ഇറങ്ങി ഓടിയതും മാത്രമേ ഓര്‍മയുള്ളൂ.

ജി എമ്മിന്റെം ഗേള്‍ ഫ്രെണ്ടിന്റെം കോപ്പര്‍ ഔട്ട്‌ ആയതു കൊണ്ട് പണി പോകുമോ ?
പുണ്യാളാ...നീ തന്നെ തുണ !