Mar 5, 2012

എന്റെ ഗള്‍ഫ് പരീക്ഷണങ്ങള്‍ ( സണ്ണിയുടെതും )

ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ആയിരുന്നു എന്റെ കൂടെ പഠിച്ച സണ്ണി ബഹറിനില്‍ നിന്നും ആദ്യമായിട്ട് അവധിക്കു വരുന്നത് . പത്താം ക്ലാസ് തോറ്റു പഠിത്തം നിര്‍ത്തി നാട്ടില്‍ ചില്ലറ ജോലി ഒക്കെയായിട്ട്‌ നടക്കുകയായിരുന്നു സണ്ണി.പിന്നെ കുറെ നാളത്തേക്ക് ഒരു വിവരവും ഇല്ലായിരുന്നു. രണ്ടുവര്‍ഷം കഴിഞ്ഞു ഒരു കത്ത് വന്നപ്പോഴായിരുന്നു സണ്ണി ഗള്‍ഫില്‍ എത്തിയത് അറിഞ്ഞത്.സണ്ണിയുടെ അമ്മാച്ചനാണ് സണ്ണിയെ ഗള്‍ഫില്‍ എത്തിച്ചത്.എല്ലാ മാസവും അവന്‍ കത്തയക്കും.ഗല്‍ഫിനു കത്തയക്കല് നല്ല ചിലവുള്ള പരിപാടിയാതതുകൊണ്ട് ഞാന്‍ വല്ലപ്പോഴും മറുപടി എഴുതും .


സണ്ണി വന്നതറിഞ്ഞ് ഞാനും സുമേഷും കൂടി സന്ധ്യയായപ്പോള്‍ അവന്റെ വീട്ടിലെത്തി. വീട്ടില്‍ ചെന്നപ്പോള്‍ ഉത്സവപ്പറമ്പ് പോലെ നിറച്ചു ആള്‍ക്കാര്‍. സണ്ണി അഞ്ചു പെങ്ങമ്മാര്‍ക്ക് ഒരേ ഒരു ആങ്ങള. അഞ്ചു പെങ്ങമാരും, അവരുടെ ഭര്‍ത്താക്കന്മാരും അവരുടെ ഒന്നര ഡസന്‍ പിള്ളേരും പിന്നെ മറ്റു ബന്ധുക്കളും എല്ലാം ചേര്‍ന്ന് ആകെ ബഹളം. മൂത്ത പെങ്ങള്‍ മേരിക്കുട്ടിയുടെ ഭര്‍ത്താവ് ബിജു ഞങ്ങളെ കണ്ടു ഇരുത്തി ഒന്ന് മൂളി.

ഞങ്ങള്‍ ചെന്നപ്പോള്‍ സണ്ണി കുളി ഒക്കെ കഴിഞ്ഞു ദേഹത്ത് എന്തോ പുരട്ടുകയായിരുന്നു. കുഴംബാണോ എന്ന് ചോദിച്ചപ്പോ സണ്ണി ആക്കി ഒരു ചിരി ചിരിച്ചിട്ട് പറഞ്ഞു , അവിടെ ഒക്കെ ഞങ്ങള്‍ കുളി കഴിഞ്ഞാല്‍ ദേഹത്ത് ക്രീം പുരട്ടും, അല്ലെങ്കില്‍ ദേഹം ഡ്രൈ ആകും എന്ന്. അതിനിപ്പോ നീ അവിടല്ലല്ലോ എന്ന് സുമേഷ് ഒന്ന് താങ്ങിയെങ്കിലും സണ്ണി മൈന്‍ഡ് ചെയ്തില്ല. "മസ്കിന്‍ നഫര്‍ "എന്ന് പറഞ്ഞു അത് പിന്നീട് " പൂവര്‍ ഫെല്ലോസ്" എന്ന് പരിഭാഷപ്പെടുത്തിയിട്ട് മേലാസകലം ക്രീം തേച്ചു പിടിപ്പിച്ചു.അവന്‍ അവിടത്തെ ഒരു വലിയ ഹോട്ടലിന്റെ മാനേജര്‍ ആണെന്നും അവന്റെ ബോസ്സിനോട് ഇംഗ്ലിഷില്‍ ആണ് സംസാരിക്കുന്നതെന്നും,ബോസ്സ് എത്ര വേണെങ്കിലും ശമ്പളം എടുതുകൊള്ളാന്‍ അനുവദിച്ചിട്ടുണ്ട് എന്നും ഒക്കെയുള്ള പേര്‍ഷ്യന്‍ പൂളുകള്‍ ഞങ്ങള്‍ കേട്ടിരുന്നു.ഗള്‍ഫില്‍ പോകും മുന്‍പ് ഇന്ദ്രന്‍സിനെ പോലെ ഇരുന്ന സണ്ണി, ചുമന്നു തുടുത്ത് ജയറാമിനെ പോലെ ആയി . കവിള്‍ ഒക്കെ ചാടിയത് കാരണം ചിരിക്കാന്‍ ബുധിമുട്ടുണ്ടോടാ എന്ന് ഞാന്‍ അസൂയയോടെ ചോദിച്ചു. രണ്ടു ദിവസമായി നെയ്ച്ചോറും ചിക്കന്‍ കാലും ഇല്ലാത്തതിനാല്‍ അല്‍പ്പം ക്ഷീണമാ എന്ന് സണ്ണി പറഞ്ഞു. പോകാറായപ്പോള്‍ സണ്ണി പറഞ്ഞു,പിന്നിലത്തെ ജനലിനടുത്തു വരാന്‍.ഞങ്ങള്‍ക്ക് രണ്ടു പാന്ട് പീസ്‌ തരാം,അതും കൊണ്ട് ഇറങ്ങണ്ട, അളിയന്മാര്‍ക്കു കലിപ്പാകും എന്ന്.ഇതേ ബിജു അളിയന്‍ തന്നെ അല്ലെ നിനക്ക് വിസക്ക് കൊടുക്കാന്‍ കാശ് ചോദിച്ചപ്പോ തരാഞ്ഞത് എന്ന് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ഞാന്‍ ചോദിച്ചില്ല.വീടിനു പിന്നില്‍ എത്തിയപ്പോള്‍ സണ്ണി ജനല്‍ തുറന്നു രണ്ടു പാന്റ് പീസുകള്‍ എറിഞ്ഞു തന്നു. ഇതേ തരാന്‍ പറ്റിയുള്ളൂ ഇനി ചെന്നിട്ടു നിങ്ങള്ക്ക് എന്തെങ്കിലും കൊടുത്തു വിടാം എന്ന് സണ്ണി പറഞ്ഞു. പത്താം ക്ലാസ് തോറ്റ സണ്ണി വലിയ മാനേജരും വലിയ പരീക്ഷകള്‍ പാസ്സായ (അമ്മൂമ്മ പറയുന്നതാ കേട്ടോ)ഞങ്ങള്‍ പെരുവഴിയിലും എന്നത് വിധിയുടെ വിളയാട്ടം എന്നോര്‍ത്ത് ഞങ്ങള്‍ നടന്നു.തിരിച്ചു പോകുന്ന സമയത്ത് സുമേഷ് പറഞ്ഞു സണ്ണിക്ക് ഭയങ്കര ജാടയാനെന്നു. പൊക്കിവിടാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഏതു പട്ടിക്കും ചന്ദ്രനില്‍ പോകാം എന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റീന്‍ പറഞ്ഞിട്ടുണ്ട് എന്ന് ഞാന്‍ അവനോടു പറഞ്ഞു.




കൊണ്ടുപിടിച്ചു ആലോചന നടന്നെകിലും ആഗ്രഹിച്ചതുപോലെ ഒരു ടി. ടി. സിക്കാരിയെ കല്യാണം കഴിക്കാന്‍ സാധിക്കാതെ സണ്ണി തിരിച്ചു പോയി. രണ്ടു മാസം കഴിഞ്ഞപ്പോള്‍ ആലപ്പുഴയില്‍ ഉള്ള ഒരു കൂട്ടുകാരന്‍ വശം എനിക്കും സുമെഷിനും ഓരോ ക്യാമറ കൊടുത്തു വിടുന്നു എന്ന് സണ്ണിയുടെ കത്ത് വന്നു. പൈസ കടം ഒക്കെ വാങ്ങി ഞാനും സുമേഷും ആലപ്പുഴക്ക് പോയി. കൃത്യമായി വഴി ഒക്കെ കത്തില്‍ ഉണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ തേടി പിടിച്ചു അന്ധകാരനനഴി എന്ന സ്ഥലത്ത് എത്തി.ഞങ്ങള്‍ ചെന്നപോള്‍ കുറെ ചേട്ടന്മാര്‍ വീട്ടില്‍ ഇരുന്നു ‍ചീട്ടുകളിക്കുന്നു..കൂട്ടത്തില്‍ ഒരു തടിയന്‍ ചെയിന്‍ ഇട്ടിരിക്കുന്ന ആളായിരുന്നു സണ്ണിയുടെ സുഹൃത്ത്‌. കാര്യം പറഞ്ഞതും അയാള്‍ പറഞ്ഞു. സാധനം സണ്ണി കൊണ്ടുവന്നാരുന്നു , പക്ഷെ പായ്ക്ക് ചെയ്തപ്പോള്‍ മിസ്സ്‌ ആയി പോയി എന്ന്."ആരേലും എന്തേലും കൊടുത്തു വിട്ടു എന്ന് കേള്‍ക്കുമ്പോഴേ വണ്ടിയും ബോട്ടും ഒക്കെ കേറി കോട്ടയത്ത്‌ നിന്ന് വരുന്നതിനു മുന്‍പേ ഒന്ന് ഫോണ്‍ വിളിച്ചിട്ട് വന്നു കൂടെ " എന്ന് അയാള്‍ ചോദിച്ചു. അതിനു ഇവിടെ ഫോണ്‍ ഉണ്ടോ എന്ന് സുമേഷ് ചോദിച്ചപോ അയാള്‍ ഒരു വളിച്ച ചിരി ചിരിച്ചു. ക്യാമറ കിട്ടാത്തതിന്റെ വിഷമത്തില്‍ ബോട്ട് പിടിച്ചു ഞങ്ങള്‍ മടങ്ങി. തിരിച്ചു പോരുന്ന വഴി ഞങ്ങള്‍ ഒരു തീരുമാനത്തില്‍ എത്തി.എങ്ങനെയും ഗള്‍ഫില്‍ പോണം.


സര്‍ക്കാര്‍ സ്ഥാപനമായ ഓഡേപെകില്‍ നിന്നും ഇന്റര്‍വ്യൂ കാര്‍ഡ് വന്നപ്പോള്‍ സ്വപ്നങ്ങള്‍ക്ക് ചിറകു മുളച്ചു.ജോലി സെയില്‍സ് എക്സിക്യുട്ടീവ്‌.പക്ഷെ ഡ്രൈവിംഗ് അറിയണം.ലൈസന്‍സും വേണം.ആകെ കൈയില്‍ ഉള്ളത് ഒരു ലേണേര്സ്. തിരുവനന്തപുരത്ത് എത്താന്‍ ഒരാഴ്ച മാത്രം.വീടിനടുത്തുള്ള ആശാന്‍ രണ്ടു ദിവസം കൊണ്ട് ഓടിക്കാന്‍പഠിപ്പിക്കാം എന്നേറ്റു.ഏതെങ്കിലും എജെന്റുമാര്‍ വഴി പണം കൊടുത്തു ലൈസന്‍സ് എടുക്കാനും പറഞ്ഞു. കോട്ടയത്ത്‌ ഡ്രൈവിംഗ് ടെസ്റ്റ്‌ നടക്കുന്ന സ്ഥലത്ത് ചെന്ന് ദേവസ്യ എന്ന വയസ്സായ ഒരു എജെന്റിനെ കണ്ടു. അയാള്‍ പറഞ്ഞു എല്ലാം ഇന്ന് തന്നെ ശരിയാക്കാം, വണ്ടി ഓടിക്കാന്‍ അറിയുമോ എന്ന് ചോദിച്ചു.വണ്ടി ഓടിച്ചു ലൈസന്‍സ് എടുക്കാനാണേല്‍ എജെന്റിന്റെ ആവശ്യം ഉണ്ടോ എന്ന് ഞാന്‍ ചോദിച്ചില്ല. എന്റെ പേപ്പറും എല്ലാം ആയി ദേവസ്യാച്ചന്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഇരിക്കുന്ന ബസ്സില്‍ കയറിഎന്തോ പറയുന്നതും, വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കാലെടുത്തു ചവിട്ടുന്നതും കണ്ടു.ദേവസ്യാച്ചനു ഇത് നിത്യതൊഴില്‍ ആയതിനാലാവണം,വളരെ വിദഗ്ധമായി ചവിട്ടില്‍ നിന്ന് ഒഴിഞ്ഞു മാറി. ലൈസന്‍സ് ഇല്ലാത്തതുകൊണ്ട് ഇന്റര്‍ വ്യുവിനു പോയില്ല. അങ്ങനെ ആ സ്വപ്നം പൊലിഞ്ഞു.


അടുത്തതായി ഞാനും സുമേഷും പോയത് ബോംബെക്ക് ആയിരുന്നു.ദുബായ് ഇന്റര്‍വ്യൂ ആയിരുന്നു.രണ്ടു അറബികളും ഒരു ഇന്ത്യക്കാരനും ആയിരുന്നു ഇന്റര്‍വ്യു ബോര്‍ഡില്‍. "നാടോടിക്കാറ്റ്" ഒരുപാട് തവണ കണ്ടത് കൊണ്ട് അറബികളോട് ഞാന്‍ സലാമു അലൈക്കും, വലൈക്കും ഉസ്സല്ലാം എന്ന് ആദ്യമേ വെച്ച് കാച്ചി.എന്നെ സെലക്ട്‌ ചെയ്തത് അതുകൊണ്ടായിരുന്നു എന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു. സുമേഷിനെ എടുത്തില്ല.എന്നാല്‍ പാസ്പോര്‍ട്ട്‌ നോക്കിയപ്പോള്‍ അതിന്റെ കാലാവധി തീര്‍ന്നു മൂന്ന് മാസം ആയിരിക്കുന്നു. അവര്‍ പറഞ്ഞു അടുത്ത തവണ വരാന്‍ .സുമേഷിനു സന്തോഷമായി. ഇന്നത്തെ ചെലവ് എന്റേത് എന്ന് അവന്‍ പറഞ്ഞു .ഞങ്ങള്‍ ഒരു ബാറില്‍ കയറി. രണ്ടു ബിയര്‍ പറഞ്ഞു. അവിടെ ഒരു പെണ്ണ് കിടന്നു ഡാന്‍സ് കളിക്കുന്നു. കുറെ ആള്‍ക്കാര്‍ നൂറു രൂപ നോട്ടുകള്‍ ഒക്കെ എടുത്തു കാണിക്കുന്നു. അവള്‍ അവരുടെ അടുത്ത് വന്നു പണം വാങ്ങിയിട്ട് ഡാന്‍സ് ചെയ്യുന്നു. ഞാന്‍ ഒരു അഞ്ചു രൂപ എടുത്തു പൊക്കി കാട്ടി. അവള്‍ മൈന്‍ഡ് ചെയ്തില്ല. സുമേഷ് ഉടനെ പത്തു എടുത്തു കാണിച്ചു.നോ രക്ഷ. ഈ പേട്ടു സാധനത്തിന്റെ ഡാന്‍സ് കാണാനാണോ ഇവന്മാര്‍ നൂറു രൂപ ഒക്കെ എടുത്തു കൊടുക്കുന്നത് എന്ന് പറഞ്ഞു കൊതിക്കെറുവ് തീര്‍ത്തിട്ട് ഞങ്ങള്‍ ഇറങ്ങി . ഒരു രൂപ ടിപ് കൊടുത്തപ്പോള്‍ ബാറിലെ ജോലിക്കാരന്‍ മലയാളി ഞങ്ങള്‍ക്ക് ഹിന്ദി അറിയില്ല എന്ന ഉത്തമവിശ്വാസത്തില്‍ ഒരു മുട്ടന്‍ തെറി ഹിന്ദിയില്‍ വിളിച്ചു.


എറണാകുളത്തായിരുന്നു അടുത്തത്. ഒരു സായിപ്പ് ദുബായിലേക്ക് ഇന്റര്‍വ്യു എടുത്തു. കാര്യങ്ങള്‍ എല്ലാം ചോദിച്ചിട്ട് അയാള്‍ പറഞ്ഞു. എന്‍സൈക്ലോപീടിയ ആണ് വില്‍ക്കേണ്ടത്. അവിടെ ആരെങ്കിലും ബന്ധുക്കള്‍ ഒക്കെ ഉണ്ടോ എന്ന് ചോദിച്ചു. അവര്‍ക്ക് ഈ സാധനം വില്ക്കാമെന്നാണോ ഉദ്ദേശിക്കുന്നെ എന്ന് ഞാന്‍ തുറന്നു ചോദിച്ചു. അതെ എന്താ ചോദിച്ചേ എന്ന് സായിപ്പ്. ഒരു പരിചയക്കാരന്‍ ഈ സാധനം വില്‍ക്കാന്‍ ദുബായിക്ക് പോയതും മൂന്ന് മാസത്തിനകം ബൌന്സായതും എനിക്കറിയാമായിരുന്നു.അതുകൊണ്ട് ‍ ഞാന്‍ പറഞ്ഞു, അവര്‍ക്കൊക്കെ അത്യാവശ്യം വിവരം ഉള്ളവരാ അതുകൊണ്ട് ജോലി വേണ്ട എന്ന്. എന്റെ സമയം ലാഭിച്ചു തന്നതിന് നന്ദി എന്ന് പറഞ്ഞു സായിപ്പ് ഷേക്ക്‌ഹാന്‍ഡ്‌ തന്നു. സായിപ്പിനോട്‌ അഹങ്കാരം പറഞ്ഞതുകൊണ്ടാണോ എന്നറിയില്ല,ബൈക്കില്‍ തിരിച്ചു വരുമ്പോള്‍ പെട്ടെന്ന് മഴ പെയ്തു, പാസ്സ്പോര്‍ട്ട് നനഞ്ഞു ഡാമേജ് ആയി. വില മൂവായിരം രൂപ !


സ്റ്റാമ്പ് ചെയ്യാന്‍ കൊടുത്തിരുന്ന പാസ്പോര്‍ട്ടും വിസയും ട്രാവല്‍ എജന്സിയില്‍നിന്നും നഷ്ട്ടപ്പെട്ടെങ്കിലും മറ്റൊരു വിസയുമായി ദൈവത്തിന്റെ കൃപകൊണ്ടും, പിതൃ സഹോദരന്റെ ദയകൊണ്ടും, ഒടുവില്‍ ഞാന്‍ ഗള്‍ഫില്‍ എത്തി. പിന്നീട് വിസ മാറ്റത്തിനായി ബഹറിനില്‍ പോകുന്ന നേരത്ത് ഞാന്‍ സണ്ണിയെ വിളിച്ചു. അവിടെ വന്നിട്ട് കാണാം എന്നവന്‍ പറഞ്ഞു. എട്ടു ദിവസം ഞാന്‍ ഒരു ഹോട്ടലില്‍ കഴിയവേ ഒരുപാട് തവണ അവനെ വിളിച്ചെങ്കിലും കിട്ടിയില്ല. സണ്ണി തിരക്കിലാണെന്ന് ഫോണ്‍ എടുക്കുന്നയായാള് ‍ പറയും. ഒരു ബന്ധുവിന്റെ കൂടെ എല്ലാ ദിവസവും വൈകുന്നേരം ഞാന്‍ കറങ്ങാന്‍ പോകും. പോകുന്നിടത്തെല്ലാം സണ്ണി ഉണ്ടോ എന്ന് നോക്കും.ഒരു ദിവസം രാത്രി ഞങ്ങള്‍ ഒരു ഡാന്‍സ് ബാറില്‍ പോയി. അവിടെ കുറെ പെണ്ണുങ്ങള്‍ സ്റ്റേജില്‍ നിന്ന് ഹിന്ദി പാട്ടുകള്‍ പാടുന്നു. കേള്‍ക്കാന്‍ ഇരിക്കുന്നവര്‍ ഒരു ബഹറിന്‍ ദിനാര്‍ കൊടുത്താല്‍ അതിനൊരു മാല കിട്ടും..ആ മാലയും ഇട്ടോണ്ട് അവള്‍ കുറെ നേരം നമ്മളെ നോക്കി ചിരിച്ചു പാടും. പരസഹായം ഇല്ലാതെ ഒറ്റയ്ക്ക് എഴുന്നേറ്റു നില്‍ക്കാന്‍ കഴിയാത്ത ഒരു വല്യപ്പന്‍ കുടിച്ചു കൂത്താടി , കുറെ മാല ഒരു പെണ്ണിന് കൊടുത്തത് കൊണ്ട് അന്ന് മുഴുവന്‍ അവള്‍ അങ്ങേരെ നോക്കി പാടി. ബോംബെ അനുഭവം ഉള്ളത് കാരണം ഞാന്‍ ആര്‍ക്കും മാലയിടാന്‍ ശ്രമിച്ചില്ല. പെണ്ണിന്റെ കഴുത്തില്‍ മാല നിറഞ്ഞപ്പോള്‍ യൂണിഫോം ഇട്ട ഒരാള്‍ അതെല്ലാം ഊരി വാങ്ങിച്ചു. കുറച്ചു കഴിഞ്ഞു ഒരു കൈയില്‍ കുപ്പിയും മറുകൈയില്‍ ഒരട്ടി മാലയുമായി അയാള്‍ വല്യപ്പന്റെ അടുത്ത് വന്നപ്പോള്‍ ഞാന്‍ ആ പരിചിത മുഖം തിരിച്ചറിഞ്ഞു..സണ്ണി..എന്നെ കണ്ടതും ഒരു വളിച്ച ചിരി ചിരിച്ചിട്ട് സണ്ണി ചോദിച്ചു .

"അപ്പൊ നീ ഇതുവരെ തിരിച്ചു പോയില്ലേ ? "