Jul 12, 2012

രായേഷ് കുമാര്‍ AKA മൈദാമൊയ്തു

അന്നൊരു ബസ് സമരം ആയിരുന്നു.കോളേജില്‍ നിന്നും നടന്നു വീട്ടിലേക്കു പോകുകയായിരുന്നു ഞാന്‍. ആന വണ്ടികള്‍ വല്ലപ്പോഴും ആളെ കുത്തി നിറച്ചു വന്നാലും നിര്‍ത്താതെ പോകും. പിന്നെ മണല്‍ കയറ്റി പോകുന്ന ലോറികള്‍ക്ക് ഒക്കെ ആണൊരു പ്രതീക്ഷ. അങ്ങനെ നടക്കുമ്പോഴാണ് പെട്ടെന്നൊരു ഫിയറ്റ് കാര്‍ വന്നു നിര്‍ത്തുന്നത്. നോക്കിയപ്പോള്‍ മൈദാ മൊയ്തു എന്ന് വട്ടപ്പേരുള്ള രായേഷ് കുമാര്‍(പഴയ കഥ ഇവിടെ വായിക്കാം )

കുറേക്കാലം മുന്‍പ് കോട്ടയത്ത്‌ നദിയമൊയ്തു അഭിനയിച്ച പടം ഷൂട്ടിംഗ് നടക്കുന്നുണ്ടായിരുന്നു.ഒരുദിവസം ഞങ്ങള്‍ സുഹൃത്തുക്കള്‍ കുറേപ്പേര്‍ സംസാരിച്ചിരിക്കുമ്പോള്‍ രായേഷ് കുമാര്‍ പാഞ്ഞു വന്നിട്ട് പറഞ്ഞു." എടാ, ഞാനിന്നു മൈദാ മൊയ്തുവിനെ കണ്ടു എന്ന് " അന്നത്തോടെ മൈദാ മൊയ്തു എന്ന പട്ടത്തിനു രായേഷ്കുമാര്‍ അര്‍ഹനായി..


രായേഷ് ഐ.ടി.സി യില്‍ നിന്നും ഇലക്ട്രീഷന്‍ ഒക്കെ പാസായി കോട്ടയത്ത്‌ ഒരു കമ്പനിയില്‍ അപ്രന്റീസ് ആയി പോകുകയായിരുന്നു.അവിടുത്തെ മുതലാളിയുടെ വീട്ടില്‍ എന്തോ ചില്ലറ പണിക്കു വേണ്ടി പോകയായിരുന്നു അവന്.മുതലാളിയുടെ വീട് പുഴക്കക്കരെ. വേറെ ഒരു വഴിയിലൂടെ അവിടെ എത്തിയാല്‍ കടത്തു കടന്നു എനിക്ക് വീട്ടില്‍ എത്താം.നടക്കാതെ കഴിക്കാമല്ലോ എന്നോര്‍ത്ത് ഞാന്‍ രായേഷിന്റെ കൂടി കയറി. കാറില്‍ രായേഷും ഡ്രൈവറും പിന്നെ ഒരാളും കൂടി ഉണ്ടായിരുന്നു. മണി എന്നായിരുന്നു അവന്റെ പേര്. മെലിഞ്ഞു ഉണങ്ങി കണ്ണ് മാത്രം മിഴിച്ചിരിക്കുന്ന ഒരു പയ്യന്‍." മുതലാളീടെ വീട്ടിലൊന്നും പണിക്കു പോകാന്‍ നിനക്ക് പറ്റുകേലാന്നു പറഞ്ഞു കൂടെ "എന്ന് ചോദിച്ചു ഞാന്‍ രായെഷിന്റെ ഒന്ന് കുത്തി.



"എന്റെ പോന്നു മാനെ, ജീവിച്ചു പോട്ടെ. ദേ ഈയിരിക്കുന്ന മണിയുടെ സ്ഥാനത് ഞാന്‍ ആരുന്നേല്‍ ചുമ്മാ വീട്ടില്‍ ഇരുന്നേനെ. ഇവന്റെ അച്ഛന്‍ ലക്ഷ പ്രഭു. റബര്‍ തോട്ടം, മാസം പത്തുമൂവായിരം തേങ്ങ കിട്ടാനുണ്ട്..ഒറ്റ മകന്‍. നമ്മളെ പോലെ അപ്പാവി ആണോ "എന്നൊക്കെ രായേഷ് പറഞ്ഞു .ഞാന്‍ മണിയെ ഒന്ന് സൂക്ഷിച്ചു നോക്കി. നല്ല കറുപ്പ്നിറം, കണ്ണെഴുതാന്‍ പ്രത്യേകിച്ച് കണ്മഷി മേടിക്കേണ്ട ബുദ്ധിമുട്ട് പെങ്ങമ്മാര്‍ക്ക് ഉണ്ടാവില്ല. എല്ലൊക്കെ ആണെങ്കില്‍ ഓരോന്നായി എണ്ണി എടുക്കാം. എന്നാല്‍ അതിന്റെ അഹങ്കാരം തീരെയില്ല .


വലിയ ഒരു തോട്ടത്തിനുള്ളിലായിരുന്നു മുതലാളിയുടെ വീട്. ഞാന്‍ വെളിയില്‍ തന്നെ നിന്നു. കുറച്ചു കഴിഞ്ഞപ്പോ ഒരു പ്രായമായ സ്ത്രീ വന്നു പറഞ്ഞു, "പണിക്കു വന്നിട്ട് പുറത്തു ചുമ്മാ നിന്ന് കാറ്റ് കൊള്ളുവാണോ,അകത്തോട്ടു വാടാ ചെറുക്കാ"എന്ന്.വീട്ടിലേക്കു പോകണമെങ്കില്‍ അവിടുന്ന് മൂന്നു നാല് കിലോമീറ്റര്‍ നടന്നു പോയാലെ കടത്തു എത്തു.അതുകൊണ്ട് , ഞാന്‍ നിങ്ങളുടെ പണിക്കാരനൊന്നുമല്ല എന്ന് പറയാന്‍ എന്റെ നാവു ചൊറിഞ്ഞെങ്കിലും ഞാന്‍ പറഞ്ഞില്ല. പകരം അവരുടെ വീട്ടില്‍ കയറി. രായേഷും മണിയും കൂടി ബള്‍ബ് ഒക്കെ മാറ്റിയിടുന്നു. ഏതായാലും വന്നതല്ലേ എന്നോര്‍ത്ത് ഞാന്‍ രായേഷ് കയറിയ ഏണിയില്‍ പിടിച്ചു കൊടുത്തു. അമ്മച്ചിയെ അടുത്ത് കണ്ടപ്പോഴാ ആളെ മനസ്സിലായെ.മിസ്സിസ് ചാണ്ടി..വല്ല ക്ലാരമ്മാന്നോ താണ്ടമ്മാന്നോ മറ്റോ ആരിക്കും പേരെന്നും, പുറത്തു പറയാന്‍ കൊള്ളാത്ത പേരായകൊണ്ട് കെട്ടിയോന്റെ നാമം പൂജിതമാക്കിയതാണെന്നും പറഞ്ഞു ഞങ്ങള്‍ ചിരിച്ചിട്ടുണ്ട്. അവര്‍ ഒരു പാട് പാചക പുസ്തകങ്ങള്‍ ഒക്കെ എഴുതിയിട്ടുണ്ട്. ലയന്‍സ് ,റോട്ടറി ,പാചക മത്സരം എന്നൊക്കെ പറഞ്ഞുഇടക്ക് പത്രത്തിലൊക്കെ പടം കാണാം.കോട്ടയത്ത്‌ ഫുഡ്‌ എക്സിബിഷന്‍ ഒക്കെ വരുമ്പോള്‍ ഈ അമ്മച്ചി കൂട്ടാന്‍ വെക്കുന്നിടത്തു കൊച്ചമ്മമാരുടെ തിരക്ക് കണ്ടിട്ടുണ്ട്..


പണി ഒക്കെ കഴിഞ്ഞു അമ്മച്ചി ഞങ്ങളെ മൂന്നാളെയും ഒരു മുറിയിലേക്ക് കൊണ്ടുപോയി. അവിടെ ഒരു മേശയില്‍ നിറച്ചു പലതരം പലഹാരങ്ങള്‍. അമ്മച്ചി വായില്‍ കൊള്ളാത്ത ഓരോ പേര് പറയും, ഞങ്ങള്‍ അത് ടെസ്റ്റ്‌ ചെയ്യും. കഴിച്ചു കഴിഞ്ഞാല്‍ ഉടന്‍ അമ്മച്ചി ചോദിക്കും,എങ്ങനുണ്ട് എന്ന്.വായില്‍ വെക്കാന്‍ കൊള്ളൂകേലേലും രായേഷ് പറയും ഭയങ്കര സംഭവം ആണെന്ന്. കൊള്ളത്തില്ല എന്ന് പറഞ്ഞാല്‍ പണി പോകുമോ എന്ന് രായേഷിനു പേടി. ഗോലി കണക്കെ ഇരിക്കുന്ന ഒരു സാധനത്തിനിട്ട് കടിച്ചതും അയ്യോ എന്ന് ഞാന്‍ ഉറക്കെ വിളിച്ചു.അതിനേക്കാള്‍ ഭീകരമായ ഒരു ശബ്ദം എന്റെ വായിലും ഉണ്ടായി..."എന്നാടാ കടിച്ചിട്ട്‌ പൊട്ടിയില്ലേ" എന്ന അമ്മച്ചിയുടെ ചോദ്യത്തിന് " പൊട്ടി , എന്റെ പല്ല്" എന്നും "ഇത് പട്ടിക്കിട്ടു എറിയാന്‍ ബെസ്റ്റാ " എന്നും ഞാന്‍ പറഞ്ഞു.രായേഷ് എന്റെ കാലില്‍ ഒന്ന് ചവിട്ടിയിട്ട്,വേണ്ട എന്ന് കണ്ണ് കാണിച്ചു. " ചാണ്ടി ച്ചായനോട് പറഞ്ഞു നിന്റെ കാര്യത്തില്‍ ഒരു തീരുമാനമാക്കുന്നുണ്ട് "എന്ന് അമ്മച്ചി പറഞ്ഞു.പാത്രം എടുക്കാന്‍ വന്ന വേലക്കാരിയുടെ മുഖത്ത് ഒരു ആശ്വാസ ഭാവം..ഇന്നത്തെ പരീക്ഷണത്തില്‍ നിന്ന് രക്ഷപെട്ടതുകൊണ്ടാവും.

കഴിപ്പ്‌ നിര്‍ത്തി പുറത്തേക്കിറങ്ങിയപ്പോള്‍ ഞങ്ങളുടെ അടുത്തുള്ള കുഞ്ഞപ്പന്‍ ചേട്ടന്‍ നില്‍ക്കുന്നു. കുഞ്ഞപ്പന്‍ ചേട്ടന് അവിടെ പുറംപണി.ഉച്ചയായപ്പോള്‍ കഞ്ഞി കുടിക്കാന്‍ അടുക്കളപ്പുറത്ത് വന്നതായിരുന്നു. വേലക്കാരി ഒരു കുഴിയന്‍ പിഞ്ഞാണത്തില്‍ കഞ്ഞി കൊണ്ട് വെച്ചു . കഞ്ഞി കൊണ്ട് വെച്ചതും,കുഞ്ഞപ്പന്‍ ചേട്ടന്‍ എഴുന്നേറ്റു നിന്ന് മുണ്ട് മടക്കി താറു പാച്ചി."എന്നതാടാ ഈ കാണിക്കുന്നേ" എന്ന അമ്മച്ചിയുടെ ചോദ്യത്തിന്, "പിഞ്ഞാതിനകത്തു വറ്റ് വല്ലതും ഉണ്ടോ എന്ന് ഒന്ന് മുങ്ങിതപ്പാനാ "എന്ന് കുഞ്ഞപ്പന്‍ ചേട്ടന്‍ പറഞ്ഞത് കേട്ട് അമ്മച്ചിയുടെ മുഖം ഒന്ന് കൂടി വലുതായി..

മണിയെ കണ്ടിട്ട് വീട്ടില്‍ കഞ്ഞിവെപ്പൊന്നും ഇല്ലാന്ന് തോന്നിയിട്ടാവണം, പോകാറായപ്പോ അമ്മച്ചി പറഞ്ഞു," എടാ കൊച്ചനെ നീ മൂന്നാല് തേങ്ങാ പൊതിച്ച്‌ കൂടക്കാത്താക്കി വീട്ടില്‍ കൊണ്ടുപോ, തേങ്ങാപ്പുരക്കടുത്തു കുഞ്ഞപ്പന്‍ കാണും, ഞാന്‍ പറഞ്ഞിട്ടുണ്ട്" എന്ന് .സ്വന്തം വീട്ടില്‍ പത്തുമൂവായിരം തേങ്ങാ കിട്ടുന്ന വകുപ്പുള്ള മണിയുടെ മുഖം വിളറി.വേണ്ട എന്ന് പറഞ്ഞാല്‍നിന്റെ പണി മാത്രമല്ല,എന്റെ പണിയും കൂടി പോകും പൊതിഞ്ഞെടുത്തോ , എന്ന് രായേഷ് പറഞ്ഞു.

തേങ്ങ ഒക്കെ പൊതിഞ്ഞെടുത്തു ഞങ്ങള്‍ കാറിന്റെ അടുത്തേക്ക് പോകാന്‍ തുടങ്ങിയപ്പോ അമ്മച്ചി വിളിച്ചു മൂന്നു രൂപ തന്നിട്ട് ബസില്‍ കയറി പൊക്കോളാന്‍ പറഞ്ഞു. അമ്മച്ചിക്ക് കാറ് ആവശ്യമുണ്ടെന്നു.ബസ് സമരമാന്നു പറഞ്ഞിട്ട് അമ്മച്ചി അടുക്കുന്നില്ല..എന്നാ നടന്നു പൊക്കോ എന്ന് അവര്‍ പറഞ്ഞു. രണ്ടു കിലോമീറ്റര്‍ നടപ്പ് ലാഭിക്കാനായി വന്നിട്ടിപ്പോ നാലുകിലോമീറ്റര്‍ നടക്കേണ്ടി വന്നല്ലോ എന്നായിരുന്നു എന്റെ മനസ്സില്‍.

ഇനിയിപ്പോ നടരാജന്‍ മോട്ടോര്‍സ് തന്നെ ശരണം എന്ന് പറഞ്ഞു ഞങ്ങള്‍ മൂന്നുപേരും പുറത്തു വന്നപ്പോള്,മണി പൊതിയഴിച്ചു തേങ്ങ എടുത്തു.അമ്പലത്തില്‍ തേങ്ങയടിക്കുന്നതുപോലെ അവരുടെ മെയിന്‍ ഗേറ്റില്‍ ഓരോന്നായി എറിഞ്ഞുടച്ചു.അതിന്റെയൊപ്പം ഒരു മുട്ടന്‍ തെറി മണി വിളിച്ചപ്പോള്‍, അമ്മച്ചി കഴിക്കാന്‍ തന്ന കൂട്ടത്തില്‍ പെട്ട ഒരു സാധനത്തിന്റെ പേരാല്ലായിരുന്നോ അത് എന്നെനിക്കു സംശയം തോന്നിയെങ്കിലും ഞാന്‍ മിണ്ടിയില്ല. മണി വയലന്റായി നില്‍ക്കുകയല്ലേ..എന്തും സംഭവിക്കാം!

മണിക്ക് തേങ്ങ ആവശ്യമില്ലാത്തതുകൊണ്ട്, തേങ്ങ വീട്ടില്‍ കൊണ്ടുപോകാം എന്നുള്ള രായേഷിന്റെ മോഹം നടക്കാഞ്ഞതുകൊണ്ടാവണം അവന്‍ പറഞ്ഞു..

"എടാ കോപ്പേ, വീട്ടില്‍ പൈസ ഉണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല..ലുക്ക് വേണം ലുക്ക്.."