May 30, 2013

ഫ്ലാറ്റ് നമ്പർ 13 - വസുന്ധരാ എൻക്ലേവ്

ചില്ലറ കാര്യങ്ങളിൽ തുടങ്ങിയ അഭിപ്രായവ്യത്യാസങ്ങൾ ഒരു വലിയ വഴക്കിലേക്ക് നയിക്കാനും,കല്യാണി ശബ്ദമുയർത്തി സംസാരിക്കുന്നത് അസഹനീയമായി തോന്നാനും  തുടങ്ങിയപ്പോൾ രഘുനാഥൻ ഫ്ലാറ്റ് പൂട്ടി പുറത്തേക്കു നടന്നു.മരിച്ചു കളഞ്ഞാലോ എന്നയാൾക്ക് തോന്നി.
 
 



ഈയിടെയായി കല്യാണി ഇങ്ങനെയാണ്.ചെറിയ ചെറിയ കാര്യങ്ങൾക്ക് വഴക്കുണ്ടാക്കും.ശബ്ദമുയർത്തും,പാത്രങ്ങളെറിഞ്ഞുടക്കും.സാധാരണയായി   അയാൾ പ്രതികരിക്കാത്തതിനു മൂന്നു കാര്യങ്ങൾ ഉണ്ടായിരുന്നു.ഒന്ന്, രണ്ടു കൈകൾ കൂട്ടിയടിച്ചാലെ ശബ്ദം ഉണ്ടാവൂ എന്ന തിരിച്ചറിവ്.രണ്ട്,മിക്കവാറും കല്യാണിയുടെ ഭാഗത്താവും ന്യായം എന്നതു.മൂന്നു അയാൾ കല്യാണിയെ അതിരറ്റു സ്നേഹിക്കുന്നത് കൊണ്ട് .

ഡൽഹിയിലുള്ള വസുന്ധരാ എൻക്ലേവിലെ ഒരു ബിൽഡിങ്ങിൽ,ഫ്ലാറ്റ്  നമ്പർ പതിമ്മൂന്നിൽ  ആയിരുന്നു  അവർ കഴിഞ്ഞ  രണ്ടു വർഷമായി  താമസിച്ചിരുന്നത്.ഫ്ലാറ്റ്നമ്പർ  പതിമൂന്നു  എന്നുള്ളത്  പന്ത്രണ്ടു  ആക്കാത്തതിനായിരുന്നു പുതിയ വഴക്ക്.കുട്ടികൾ  ഉണ്ടാകാത്തത്  പതിമൂന്നിന്റെ  നിർഭാഗ്യം  ആണെന്ന്  അവൾ പറഞ്ഞു.നാല്  വര്ഷം മറ്റു പലയിടങ്ങളിൽ  താമസിച്ചിട്ടും  ഒന്നും സംഭവിച്ചില്ലല്ലോ  എന്നുള്ള അയാളുടെ  ചോദ്യമായിരുന്നു  വഴക്കിനു തിരി കൊളുത്തിയത്. ഒരു  ഫ്ലവർവേസ് പൊട്ടലായിരുന്നു  ആദ്യത്തെ  അതിന്റെ  പ്രതികരണം.
 
 
വിവാഹത്തിന്  ആറു വർഷങ്ങൾക്കു ശേഷവും കുട്ടികൾ ഉണ്ടാവാത്തതാണ് കല്യാണിയുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾക്കു മൂലകാരണം എന്നറിയാമെങ്കിലും,അതിലുള്ള വിഷമത്തിന്റെ കൂടെ മനസമാധാനം നഷ്ട്ടമായുള്ള ഈ ജീവിതത്തിൽ അയാൾക്ക്‌ മടുപ്പ് തോന്നിത്തുടങ്ങിയിരുന്നു.അവധി ദിനങ്ങളെ അയാൾ പേടിച്ചു.ദിവസേനയുള്ള വഴക്കുകളും അതിനുശേഷമുണ്ടാകാറുള്ള അതിഭീകരമായ നിശ്ശബ്ദതയും,  ജീവിതം തന്നെ അവസാനിപ്പിച്ചാലോ എന്നുള്ള ചിന്തയിലേക്ക് അയാളെ ‌  ഇടയ്ക്കിടെ എത്തിച്ചിരുന്നു.എങ്കിലും സ്വയം മരിക്കാൻ അയാൾക്ക്‌ പേടിയായിരുന്നു എന്നതായിരുന്നു സത്യം.
 
 
ദൽഹി തണുത്തുറഞ്ഞു കിടക്കയായിരുന്നു.തന്റെ മാരുതി എണ്ണൂറിൽ തികച്ചും അശ്രദ്ധമായി സഞ്ചരിക്കവേ,ഏതെങ്കിലും ഒരു വാഹനം വന്നു തന്റെ കാര് തകർത്തു തരിപ്പണമാക്കും എന്നയാൾ വ്യാമോഹിച്ചു.പക്ഷെ ഒന്നും സംഭവിച്ചില്ല.   
 
 
മൂന്നുവർഷത്തേക്കുള്ള ഉത്തരേന്ത്യൻ സ്ഥലംമാറ്റം ബാങ്കിൽ നിന്ന് അറിയിച്ചപ്പോൾ,സന്തോഷത്തോടെയായിരുന്നു അയാൾ സ്വീകരിച്ചത്. എന്താണ് കുട്ടികൾ ഉണ്ടാകാത്തത് എന്നുള്ള ചോദ്യത്തെ നേരിട്ട് മടുത്ത അവസരത്തിൽ ഒരു മാറ്റം കൂടി ജീവിതത്തിനു അനിവാര്യതയായിരുന്നു. ഡൽഹിയിൽ വന്നിട്ടും ചികിത്സകൾ തുടർന്നിട്ടും ഫലമുണ്ടാകാത്ത അവസ്ഥയിൽ കല്യാണിയോട് പലവട്ടം ഒരു കുട്ടിയെ ദത്തെടുക്കുന്നതിനെ അയാള് സംസാരിച്ചുവെങ്കിലും കല്യാണി അനുകൂലമല്ലായിരുന്നു. 
 
 
ബാങ്കിലെത്തി അയാൾ   രണ്ടു കത്തുകൾ തയാറാക്കി.ഒന്ന് കല്യാണിക്കും മറ്റൊന്ന് മേലുദ്യോഗസ്ഥനും.രണ്ടും കവറിലാക്കി അയാൾ കാറിൽ തന്നെ വെച്ചതിനു ശേഷം നദിക്കരയിലേക്ക് പൊയി.യമുനാനദിയിലേക്ക് വണ്ടി ഓടിച്ചിറങ്ങാമെന്നും,വേദനാജനകമല്ലാത്ത ഒരു   മരണത്തെ    പുൽകാമെന്നും അയാള് ഓർത്തു.
 

നദിയിലേക്ക് നയിക്കുന്ന ചെറിയ വഴിയിലൂടെ അവിടെ ചെല്ലുമ്പോൾ താടിയും മുടിയും  നീട്ടിവളർത്തിയ  ഒരാൾ   കുളിക്കുന്നുണ്ടായിരുന്നു.അയാള് കയറിപ്പോകട്ടെ എന്നുള്ള വിചാരത്തിൽ വണ്ടി നിർത്തി പിന്നോട്ടു ചാരിക്കിടക്കവേ വീട്ടിലെ നമ്പരിൽ നിന്നും ഫോണ്‍‍ വന്നു.കുറച്ചു നിമിഷങ്ങള്ക്ക് ശേഷം, കല്യാണിയുടെ മൊബൈൽ നമ്പരിൽ നിന്നും ഒരു കാൾ കൂടിയെത്തി.കല്യാണിയോടു സംസാരിച്ചാൽ ചിലപ്പോൾ മരിച്ചേക്കാം എന്നുള്ള തീരുമാനം മാറ്റേണ്ടി വന്നാലോ എന്ന് ഭയപ്പെട്ടതിനാൽ ‍ അയാൾ ഫോണ്‍ ‍ എടുത്തില്ല.
  
 
കുളി കഴിഞ്ഞു താടിക്കാരൻ  വസ്ത്രങ്ങൾ മാറ്റി ധരിച്ചു.ശേഷം,   കൈയിലുണ്ടായിരുന്ന ഭാണ്ടക്കെട്ടുമായി  അടുത്ത് തന്നെയുള്ള ഒരു മരത്തണലിൽ അയാൾ ചാരിയിരുന്നപ്പോൾ,തന്റെ ഇംഗിതം നടക്കണമെങ്കിൽ വേറെ എവിടെ എങ്കിലും പോകണം എന്ന് രഘുനാഥനു തോന്നി.തന്റെ കൈയിൽ മിച്ചമുള്ള പണം അയാൾക്ക്‌  കൊടുക്കാമെന്നും.അല്ലെങ്കിൽ  തന്നെ മരിക്കാൻ പോകുന്നവന് എന്തിനു പണം ?
 
പേഴ്സിൽ ഇരുന്ന പണം മുഴുവൻ അയാളുടെ നേരെ നീട്ടുമ്പോൾ,താടിയും മുടിയും നീട്ടിയ അയാളുടെ മുഖത്ത് എന്തൊരു ശാന്തത എന്ന് രഘുനാഥൻ അതിശയിച്ചു.പണം അയാൾ  വാങ്ങിയില്ല പകരം"നിങ്ങൾ മരിക്കാൻ പോകുന്നോ"എന്നുള്ള ചാട്ടുളി പോലുള്ള ചോദ്യത്തിൽ രഘുനാഥൻ,ഒന്ന് പരുങ്ങി.തന്റെ  മാനസികവ്യാപാരങ്ങൾ  എങ്ങനെ  ഈ  മനുഷ്യൻ മനസ്സിലാക്കി  എന്നയാൾ  അത്ഭുതപ്പെട്ടു."ഈ ലോകത്തിൽ,ഓരോരുത്തര്ക്കും ഓരോ ദൌത്യം ഉണ്ടെന്നും,നിങ്ങളുടേത് എന്ത് എന്ന് നിങ്ങള്ക്കറിയാമോ" എന്നുള്ള അയാളുടെ ചോദ്യത്തിന് ഉത്തരം തേടി രഘുനാഥന്റെ മനസ്സ് അലയവേ ഭാണ്ടക്കെട്ടുമായി അയാൾ നടന്നകന്നു.

വീട്ടിലേക്കു  പോകാൻ  അയാൾക്ക്‌  തോന്നിയില്ല. കരോൾ ബാഗിലുള്ള  ജോസഫേട്ടന്റെ കടയിൽ പോയി എന്തെങ്കിലും  കഴിച്ചാലോ  എന്ന  ചിന്തയിൽ വണ്ടി  തിരിക്കുമ്പോൾ കല്യാണി  എന്തിനായിരിക്കും  വിളിച്ചിരിക്കുക  എന്ന് ഒരു  നിമിഷം അയാള്  ചിന്തിച്ചു.   


ജോസഫേട്ടന്റെ  കടയിൽ  എല്ലാവരും  ടി.വി  കാണുകയായിരുന്നു.ആ കടയുടെ  പിന്നിൽ  തന്നെയുള്ള ഒരു  തെരുവിനെ പറ്റി തന്നെയുള്ള  ഒരു പ്രോഗ്രാം  ആയിരുന്നു  ടി.വിയിൽ  കാണിച്ചുകൊണ്ടിരുന്നത്‌.വളകളിൽ ഡിസൈൻ ചെയ്യുന്ന  ഒരു  കുടുംബം.ഒരു ഡസൻ വളകളിൽ  മുത്തുകൾ ഒട്ടിച്ചാൽ  എത്ര  രൂപ  കിട്ടും  എന്ന  ചോദ്യത്തിന്,പന്ത്രണ്ടോ  പതിനഞ്ചോ  വയസ്സ്  പ്രായമുള്ള  ഒരു പെണ്‍കുട്ടി  രണ്ടു  രൂപ  എന്ന്  മറുപടി  നല്കി.ആറു  അംഗങ്ങൾ  ഉള്ള  അവളുടെ  കുടുംബം  ഒരു  ദിവസം എത്ര ഡസൻ ഉണ്ടാക്കും   എന്ന  ചോദ്യത്തിന് മുപ്പതോ  നാല്പ്പതോ  എന്ന  മറുപടി  കേട്ട്  അറുപതോ  എണ്‍പതോ  രൂപയാണ്,ഒരു ദിവസത്തെ  ആ കുടുംബത്തിന്റെ   വരുമാനം  എന്ന്  തിരിച്ചറിവിൽ രഘുനാഥൻ  സ്ഥബ്തനായി.വീട്ടില് നിന്നും  ബാങ്കിൽ പോകാൻ  വേണ്ടി പെട്രോൾ  അടിക്കാൻ  തന്നെ  ഏകദേശം അത്ര  തന്നെ വേണമല്ലോ എന്നയാൾ  ഓർത്തു.മരണം  എന്ന ഭീകരമായ   അവസ്ഥയിൽ നിന്നും എത്രയോ  മഹത്തരമാണ്  കഷ്ട്ടപ്പാട് നിറഞ്ഞതെങ്കിലും  ജീവിതം എന്ന്  അപ്പോൾ       അയാൾക്ക്‌ തോന്നി.ഒരു സിനിമക്ക് പോയേക്കാം  എന്ന ലാഖവത്തോടെ മരണത്തിലേക്ക്  നടന്നു  ചെല്ലാൻ  തീരുമാനിച്ചതിൽ   ലജ്ജയും.ചെറിയ  ചെറിയ  വഴക്കുകളിൽ  വിഷമിച്ചു  ജീവിതമൊടുക്കാൻ പോയ  തന്റെ ചിന്തയെ  അയാൾ സ്വയം പഴിച്ചു .


വീട്ടിലേക്കു പോകും മുന്നേ,ആ  തെരുവിൽ നിന്നും  ഒന്നോ  രണ്ടോ  ഡസൻ വളകൾ  വാങ്ങിയേക്കാം  എന്നയാൾ തീരുമാനിച്ചു.വളകൾ ഉണ്ടാകുന്ന  ആ  കുടുംബത്തെ  സഹായിക്കുക  എന്നതും ഒരു  കാരണമായിരുന്നു.സ്കൂളിൽ  പഠിക്കുന്ന പ്രായമുള്ള  ഒരു പെണ്‍കുട്ടിയിൽ നിന്നും   രണ്ടു  ഡസൻ  വളകൾ  വില  പേശാതെ  തന്നെ  അയാള്  വാങ്ങി.ബാക്കി  വന്ന  രണ്ടു  രൂപ എടുത്തോളാൻ പറഞ്ഞപോൾ,അയാളെ തികച്ചും അത്ഭുതപ്പെടുത്തി ഒരു ചെറു  ചിരിയോടെ  ഒരു ഡസൻ  കുഞ്ഞു കരിവളകൾ കൂടി അവൾ  നീട്ടി.രഘുനാഥന്റെ കണ്ണിൽ ഒരു ചെറു കണ്ണീർക്കണം ഉരുണ്ടു കൂടി. "യെ നഹി ചായിയെ ബേട്ടി...ഹമേ  ബച്ചേ നഹി ഹേ" എന്നയാൾ വിഷമത്തോടെ  പറഞ്ഞു."ഫികർ  മത് കരോ..ഭഗവാൻ ആപ്കോ ബച്ചേ സരൂർ ദേംഗേ   ചാച്ചാജീ"എന്ന് പറഞ്ഞു    നിര്ബന്ധിച്ചു  അവൾ  വളകൾ  അയാൾക്ക്‌ കൊടുത്തു.

ഫ്ലാറ്റ് നമ്പർ  പതിമൂന്നിൽ  കല്യാണി  ഉണ്ടായിരുന്നില്ല.വാതിൽ പൂട്ടിയിരുന്നു. തന്നോട്  വഴക്കിട്ടു കല്യാണി എന്തെങ്കിലും  കടുംകൈ ചെയ്തിട്ടുണ്ടാവുമോ  എന്ന്  അയാൾ ഭയന്നു.കാലത്തെ  അവളെ  കഠിനമായി  വേദനിപ്പിക്കത്തക്കത് എന്തെങ്കിലും  പറഞ്ഞുവോ  എന്ന്  തന്നോട്  തന്നെ  ചോദിച്ചു കൊണ്ട്    അയാൾ   കല്യാണിയുടെ മൊബൈലിലേക്ക്  ഡയൽ  ചെയ്തു.

നീണ്ട  ബെല്ലുകൾക്ക് ശേഷം കല്യാണിയുടെ ക്ഷീണിച്ചതെങ്കിലും  സന്തോഷം  നിറഞ്ഞ സ്വരം അയാൾ  കേട്ടു. ആശുപതിയിൽ  ആണ് എന്നവൾ പറഞ്ഞു. ദൈവം  നമ്മുടെ  പ്രാര്ത്ഥന  കേട്ടു  എന്നും.

കൈയിലിരുന്ന ചെറിയ കൂട്  തുറന്നു കരിവളകൾ എടുത്തു  ഉമ്മ  വെക്കുമ്പോൾ  അയാളുടെ  കണ്ണുകൾ  നിറഞ്ഞൊഴുകി .



May 16, 2013

അതിവേഗ റെയിൽ വരുമ്പോൾ

 526 കിലോമീറ്റർ ദൂരമുള്ള അതിവേഗ റെയിൽ കേരളത്തിൽ വന്നാൽ  കേരളം വികസിക്കുമോ?ഏക ദേശം ആറായിരത്തിൽ അധികം കുടുംബങ്ങളെ പുനരധിവസിപ്പിച്ചു,1,18,000 കോടി രൂപ ചിലവാക്കി ഈ പദ്ധതി നടത്തിയാൽ ആർക്കാണ് അതിന്റെ യഥാർത്ഥ  പ്രയോജനം എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം.
 
രണ്ടര മണിക്കൂറിൽ   കാസർഗോഡ്‌   നിന്നും തിരുവനന്തപുരത്ത് എത്തുന്ന പൂര്ണ്ണമായും എയർ കണ്ടീഷൻ ചെയ്ത ട്രെയിൻ ആണ് വിഭാവനം ചെയ്തിരിക്കുന്നത്.അതിനു വേണ്ടി ചിലവാക്കുന്ന തുകയിൽ എണ്‍പത് ശതമാനം ജാപ്പനീസ് സഹായത്തോടുകൂടി എന്ന് പറയപ്പെടുന്നു.
 
 
ഈ പണത്തിന്റെ ഒരു വളരെ ചെറിയ ശതമാനം ഉണ്ടായിരുന്നെങ്കിൽ കേരളം മുഴുവൻ പാത ഇരട്ടിപ്പിക്കാമായിരുന്നു.അല്ലെങ്കിൽ നേരത്തെ മുനീർ   മന്ത്രിയായിരുന്നപ്പോൾ വിഭാവനം ചെയ്ത എക്സ്പ്രെസ്സ് ഹൈവേ നിര്മ്മിക്കാമായിരുന്നു. കേരളത്തിന്‌ വേണ്ടത് അതായിരുന്നു.കടം എടുത്താൽ ഇത്രയും പണം എന്ന് കൊടുത്തു തീരും എന്നോ,ഈ പണം എന്ന് ബ്രേക്ക്‌ ഈവൻ ആയി തീരും എന്നോ ഒരു കണക്കു ഉണ്ട് എന്ന് തോന്നുന്നില്ല.അതുപോലെ തന്നെ അതിവേഗ റെയിൽ വരുമ്പോൾ ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക വ്യതിയാനങ്ങൾ എന്തൊക്കെയാണ് എന്നതിലും ഒരു പഠനം നടന്നു എന്ന് തോന്നുന്നില്ല.  
 
 
കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് ഹൈ-സ്പീഡ് റെയിലിൽ എത്താനുള്ള ചിലവ് പരിഗണിച്ചാൽ എത്ര സാധാരനക്കാര്ക്ക് അത് താങ്ങനാകും എന്നതാണ് പ്രധാന കാര്യം.പത്തു ശതമാനം മാത്രം കയറാറുള്ള എ.സി കോച്ചുകൾ പോലും ഒഴിവാക്കുന്ന സാധാരണക്കാരൻ,ഈ വലിയ തുക മുടക്കി കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുമോ ?
 
 
നമ്മുടെ നാട്ടിൽ ഇതേ വരെയായി റെയിൽ പാത ഇരട്ടിപ്പിക്കൽ പോലും പൂർത്തിയായിട്ടില്ല.മുട്ടിനു മുട്ടിനു സ്റ്റോപ്പ്‌ അനുവദിപ്പിച്ചു   തീവണ്ടിയാത്ര ദുരിതത്തിൽ ആക്കുന്ന നമ്മുടെ രാഷ്ട്രീയക്കാർ, ലക്ഷം കോടികളുടെ വികസനം കൊണ്ടുവരാതെ അതിവേഗതീവണ്ടികൾ കൂടുതൽ അനുവദിപ്പിക്കാനാണ് ശ്രമിക്കേണ്ടത്.കേരളത്തിന്‌ എല്ലാ തവണയും അവഗണന മാത്രമാണ് റെയിൽവേ മന്ത്രാലയം തന്നു കൊണ്ടിരിക്കുന്നത്.കേന്ദ്രവും കേരളവും ഒരേ   കക്ഷി ഭരിച്ചിട്ടു പോലും ഒരു പുതിയ തീവണ്ടി പോലും അനുവദിപ്പിക്കുക എന്നത് പോലും നടക്കാതെ വരുമ്പോൾ കൂടുന്നത് സാധാരണക്കാരന്റെ ബുദ്ധിമുട്ടാണ്.
 
 
അടിസ്ഥാന സൌകര്യങ്ങളായ ശുദ്ധജലം,വെളിച്ചം,ആതുര സൌകര്യങ്ങൾ എന്നിവ പോലും,എല്ലായിടത്തും അപ്രാപ്യമായ കേരളത്തിൽ,1,18,000  കോടി രൂപയുടെ ഒരു പദ്ധതി വരുമ്പോൾ അതിന്റെ ഗുണഭോക്താക്കൾ പൊതു ജനങ്ങള് അല്ല,മറ്റു പലരുമാണ്‌.
 
 
വികസനത്തിൽ മുന്നിട്ടു നില്ക്കുന്ന ഗുജറാത്ത്, നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട് എന്നിവിടങ്ങളിൽ ഇല്ലാത്ത ഹൈ-സ്പീഡ് റെയിൽ കൊണ്ട് നമുക്ക് എന്ത് വികസനമാണ് വരാൻ പോകുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രമുഖ കാർ നിര്മാതാക്കലായ ബി.എം.ഡബ്ല്യു  - ഫോർഡ്,  എന്നിവയൊക്കെ കേരളത്തെ പരിഗണിച്ചതിന് ശേഷം    തമിഴ്നാട്ടിലേക്ക് പോയത് അവിടെ അതിവേഗ തീവണ്ടി ഉണ്ടായത് കൊണ്ടല്ല, മറിച്ചു വ്യവസായങ്ങൾ അവിടെ എത്തിച്ചു നാടിനെ പുരോഗതിയിൽ എത്തിക്കാനുള്ള ഇശ്ചാശക്തിയുള്ള ഒരു  നേതൃത്വം  അവിടെ ഉള്ളതുകൊണ്ടാണ് . 
 
പത്തുശതമാനം   പേർക്ക് സുഖമായി സഞ്ചരിക്കാൻ ബാക്കി വരുന്ന തൊണ്ണൂറു ശതമാനം പേരുടെ നികുതിപ്പണം പൊടിക്കണമോ എന്നതാണ് പ്രസക്തമായ ചോദ്യം .