Sep 25, 2014

വിപിൻദാസ് വറുഗീസ്!

പ്രീഡിഗ്രി ക്ലാസുകൾ  തുടങ്ങിയിട്ട്   രണ്ടോ   മൂന്നോ  ദിവസം മാത്രം   .കറുകച്ചാലുകാരനായ  വറുഗീസ് ആയിരുന്നു ക്ലാസ്സിൽ  താരം.
 
 
വറുഗീസ് ഞങ്ങൾ എല്ലാരെക്കാൾ  പ്രായം കൂടി    കട്ടി മീശയും ഒക്കെ ഉള്ള  ഒരാൾ  ആയിരുന്നുപത്താംക്ലാസ് കഴിഞ്ഞു  കുറച്ചുനാൾ,  സിനിമയിൽ  ക്യാമറാമാൻ ആയ   വിപിൻദാസിന്റെ  അസിസ്റ്റന്റ്‌ ആയിരുന്നു എന്നതായിരുന്നു,ക്ലാസിൽ വറുഗീസിനെ താരമാക്കിയത്.സ്ലോമോഷൻ എടുക്കുമ്പോൾ, ഫിലിം പതുക്കെ ഓടുമോ,ഡബിൾ റോൾ  എടുക്കുന്നത് എങ്ങനെ     തുടങ്ങിയ സാങ്കേതിക   ചോദ്യങ്ങൾ ഉൾപ്പെടെ  ഉണ്ണിമേരിക്ക് ശരിക്കും അത്ര സൌ ന്ദര്യമുണ്ടോ?ശങ്കരാടി എന്താണ് കല്യാണം കഴിക്കാത്തത്? ജയന്റെ ഒഴിഞ്ഞ സിംഹാസനത്തിൽ ഭീമൻരഘു കയറി ഇരിക്കുമോ, എന്നുവരെയുള്ള  ങ്ങളുടെ നിഷ്ക്കളങ്കമായ സംശയങ്ങൾ,തന്റെ നീണ്ട മുടി പുറകോട്ടു വലിച്ചു വെച്ച് വറുഗീസ്  തീർത്തുപോന്നു.നാന,സിനിമാ മാസിക  എന്നീ പ്രസിദ്ധീകരണങ്ങൾ  ആദ്യമായി  കാണുന്നതും വറുഗീസിലൂടെ ആയിരുന്നു .ഇടക്കൊക്കെ രണ്ടു കൈകളും ഏതാണ്ട്"എൽ"ഷേപ്പിൽ ഒക്കെ കൂട്ടിവെച്ച് വറുഗീസ് ഞങ്ങളെ  നോക്കും.വറുഗീസിനെ ഞങ്ങൾ സ്നേഹപൂർവ്വം "വിപിൻദാസ് വറുഗീസ് "എന്ന്  വിളിച്ചു .
 

അങ്ങനെ   ഇരിക്കവേയാണ്  പുതുതായി  ഏഴുപേർ വന്നത്.അടുത്ത്  തന്നെയുള്ള സെമിനാരിയിൽ അച്ചൻ പട്ടത്തിനു  ചേർന്ന  ഏഴു ബ്രദേർസ്.ഇവർ മറ്റുള്ളവരോട്  മിണ്ടാൻ  താൽപര്യം  കാട്ടിയില്ല. വിപിദാസിന്റെ  അസിസ്സ്റ്റന്റ് ആണെന്നൊക്കെ വറുഗീസ്  പറഞ്ഞിട്ടും   ആർക്കും   ഒരു  മൈൻഡ് ഇല്ല.പോരാഞ്ഞിട്ട്  കൂട്ടത്തിൽ സുന്ദരനായ ജോണിക്കുട്ടി അച്ചൻ  ആരാണീ വിപിദാസ്  എന്ന് ചോദിക്കുക കൂടി ചെയ്തപ്പോൾ  വറുഗീസ് തകർന്നു  പോയി.
 
 
അച്ചന്മാർ  തമ്മിൽ  തമ്മിൽ  എപ്പോഴും  ഇംഗ്ലീഷിൽ സംസാരിക്കും.ഇംഗ്ലീഷ്മാത്രമേ സെമിനാരിയിൽ സം  സാരിക്കാൻ  അനുവാദമുള്ളത്രെ.മലയാളം മീഡിയത്തിൽ നിന്നും എങ്ങനെയോ പത്തു പാസായ,"യെസും നോയും"മാത്രം അറിയാവുന്ന ഞങ്ങളൊക്കെ അച്ചമ്മാരുടെ "യാ  യാ" കേട്ട്  വാ പൊളിച്ചു.വീട്ടുകാർ എങ്ങാനും  അച്ചൻ  പട്ടത്തിനു വിട്ടിരുന്നേൽ "യാ  യാ"ക്ക് പകരം"അയ്യോ"എന്ന് പറയേണ്ടി വന്നേനെ   എന്ന് തോമസ്‌ കുരിയൻ പറഞ്ഞു.  


 
പതുക്കെപ്പതുക്കെ  ജോണിക്കുട്ടി  അച്ചൻ   നമ്മുടെ കൂടെ  കൂടാൻ  തുടങ്ങി.ഒരുദിവസം  ജോണിക്കുട്ടി ആ  ഞെട്ടിക്കുന്ന രഹസ്യം  വറുഗീസിനോട് പറഞ്ഞു. വീട്ടുകാരുടെ  നേർച്ച  കാരണമാണത്രേ സെമിനാരിയിൽ ചേർന്നത്‌.വലുതാകുമ്പോൾ എസ്.ഐ ആകണമെന്നും,വഴിയരുകിലെ  കലുങ്കിൽ ഇരിക്കുന്ന പൂവാലമാരെ  ജീപ്പിൽ    വന്നു ചവിട്ടണമെന്നും  ആയിരുന്നു   ആഗ്രഹം  എന്ന് പറഞ്ഞു  ജോണിക്കുട്ടി  കരഞ്ഞു.വറുഗീസിന്റെ സിനിമാ പൂളുകൾ  ഒക്കെ  കേൾക്കാൻ  താല്പര്യപ്പെടാനും,മറ്റു  അച്ചന്മാരെ ഒളിച്ചു സിഗരട്ട് വലിക്കാനും ജോണിക്കുട്ടി തുടങ്ങി.ജോണിക്കുട്ടിക്ക് ഞങ്ങൾ സ്നേഹപൂർവ്വം  ഒരു പേര് നല്കി..കന്നുകാലിയച്ചൻ!
 
ജോണിക്കുട്ടി   ക്ലാസുകൾ  ബങ്ക്  ചെയ്യാൻ തുടങ്ങി.എന്നും  എക്കണോമിക്സ്   ക്ലാസിന്റെ സമയത്ത്  അമ്പലത്തിന്റെ  ആൽത്തറയിൽ  വറുഗീ സുമൊത്ത്  പോയിരിക്കും.താല്പര്യം  ഉണ്ടെങ്കിൽ സിനിമയിൽ  അഭിനയിപ്പിക്കാം  എന്ന്  വറുഗീസ് വാക്കുകൊടുത്തു.കെ.ജി. ജോര്ജ്  യവനികയിലേക്ക് പുതുമുഖങ്ങളെ   തേടുന്നുണ്ടത്രേ!വിപിൻദാസ് ആണല്ലോ  കൂടെ  ഉള്ളത്  !
 
 
 
മറ്റു  ബ്രദെർസ്  ജോണിക്കുട്ടിയോട് മിണ്ടാതായി.ജോണിക്കുട്ടി  പൂർവാധികം ധൈര്യവാനായി   അവരുടെ  മുന്നില്  വെച്ച്   തന്നെ പുക  വലിച്ചു   വളയം  വിടാനും,വറുഗീസ്  കൊണ്ടുവരുന്ന    സിനിമാമാസിക, നാന മുതലായ  ആഴ്ച്ചപ്പതിപ്പുകളിലെ  സെന്റർ സ്പ്രെഡ്  ഒക്കെ നോക്കാനും   തുടങ്ങി.ഇംഗ്ലീഷ്  ഒക്കെ  നിർത്തി അത്യാവശ്യം  തെറി  വാക്കുകൾ  ഒക്കെ  പഠിച്ചു. 
 
 
 
അങ്ങനെ  ഇരിക്കെ  മിഥുൻ  ചക്രവർത്തി അഭിനയിച്ച  ഡിസ്ക്കോ  ഡാൻസർ എന്ന ഹിന്ദി പടം കോട്ടയത്ത്‌ വന്നു. ഡിസ്ക്കോ ഡാൻസർ-ന്റെ വാർത്തകൾ  ഒക്കെ   നാനയിൽ വായിച്ചു ഞങ്ങൾ പോകാൻ  പ്ലാനിട്ടു.ബസ് കൂലിയും, വല്ലപ്പോഴും കഴിക്കാൻ   തരുന്ന പൈസയും  ഒക്കെ മിച്ചം  വെച്ച് വേണം ഒരു സിനിമയ്ക്ക് പോകാൻ.ക്ലാസ് ബങ്ക്  ചെയ്യുമെങ്കിലും,ജോണിക്കുട്ടി സിനിമക്കൊന്നും  പോയിരുന്നില്ല.കാരണം അച്ചനു കോട്ടയം അത്ര പരിചയമില്ല."എന്നെക്കൂടി സിനിമക്ക് കൊണ്ടുപോകാമോ"എന്ന് ജോണിക്കുട്ടി ചോദിച്ചപ്പോൾ വറുഗീസ് പറഞ്ഞു.ടിക്കറ്റുമെടുത്തു കാപ്പിയും  വാങ്ങി തന്നാൽ  കൊണ്ട്പോകാം എന്ന്.അച്ചന്റെ ചിലവിൽ    ഏറ്റവും  മുന്നിൽ ഇരുന്നു ഞങ്ങൾ സിനിമ  കണ്ടു.അതിനുശേഷം ആര്യഭവനിൽ നിന്നും കന്നുകാലി അച്ചൻ ഞങ്ങൾക്ക്  മസാലദോശ വാങ്ങി തന്നു.പിരിയാൻ നേരം  ഞങ്ങളെ കെട്ടിപ്പിടിച്ചു കരഞ്ഞു.നിങ്ങൾ ഒന്നും ഇല്ലായിരുന്നെങ്കിൽ ഇന്നത്തെപോലെ ഒരു  ദിവസം  എന്റെ  ജീവിതത്തിൽ ഉണ്ടാകുമായിരുന്നില്ല എന്നുപറഞ്ഞു നിർത്താതെ കരഞ്ഞപ്പോൾ ഞങ്ങൾക്കും   വിഷമം ആയി.

അപ്പോഴേക്കും ക്ലാസ്   കഴിഞ്ഞു  മറ്റു   അച്ചന്മാരും ബസ് സ്റ്റാൻഡിൽ  എത്തിയിരുന്നു.ജോണിക്കുട്ടി ധൈര്യപൂർവ്വം അവരോടു  പറഞ്ഞു   സിനിമക്ക് പോയി  എന്ന്.


പിറ്റേന്ന്  ജോണിക്കുട്ടി  വന്നില്ല.വല്ല   പനിയും ആയിരിക്കും എന്ന്  ഞങ്ങൾ  വിചാരിച്ചു. അതിന്റെ പിറ്റേന്നും കൂടി   വരാഞ്ഞപ്പോൾ വറുഗീസ്  മറ്റൊരച്ചനോട്  "ജോണിക്കുട്ടി   എവിടെ എന്ന്  ചോദിച്ചു".അച്ചൻ ദഹിപ്പിക്കുന്ന ഒരു  നോട്ടം നോക്കി.ജോണിക്കുട്ടി സെമിനാരി  വിട്ടു   വീട്ടില് പോയി  എന്ന  അച്ചന്റെ മറുപടി  സത്യത്തിൽ ഞങ്ങള്ക്ക്  ഒരു ഷോക്ക്  ആയിരുന്നു  .


പ്രീഡിഗ്രി  കഴിഞ്ഞു.വറുഗീസ്  തോറ്റു.മാർക്ക്   ലിസ്റ്റ് വാങ്ങാൻ  വന്നപ്പോൾ വറുഗീസ് പറഞ്ഞു. പൂനയിൽ  ഛായാഗ്രഹണം   പഠിക്കാൻ  പോകുന്നു എന്ന്.  

ഓരോ  സിനിമയും  കാണുമ്പോൾ  ഞാൻ നോക്കും.ഛായാഗ്രഹകൻ, അസിസ്റ്റന്റ്‌എന്നിങ്ങനെ എവിടെങ്കിലും വറുഗീസിന്റെ  പേരുണ്ടോ എന്ന്.


വർഷങ്ങൾ  കടന്നു  പോയി.അവിചാരിതമായി ഒരിക്കൽ വറുഗീസിനെ  ഒരു  സിനിമാ  തീയേറ്ററിൽ വെച്ച്  കണ്ടു മുട്ടി. ഞാൻ ചോദിച്ചു.ഈ പടത്തിന്റെ  ക്യാമറ വറുഗീസിന്റെയാ ?


തന്റെ  നീണ്ട മുടി  പുറകോട്ടു വലിച്ചു  വെച്ച് വറുഗീസ് പറഞ്ഞു."എന്റെ   പൊന്നു സഹോദരാ,ജീവിതത്തിൽ ഇന്നേവരെ ഞാൻ  ഒരു സിനിമാ  ക്യാമറപോലും     കണ്ടിട്ടില്ല" എന്ന് ! 
അപ്പോൾ   വിപിൻ ദാസ് ?പൂന ഫിലിം ഇൻസ്റ്റിട്ട്യുട്ട് ?

അത്   കേൾക്കാത്ത  മട്ടിൽ പണ്ടേപ്പോലെ  തന്നെ വറുഗീസ് പറഞ്ഞു."നീ ടിക്കറ്റ് എടുക്ക്.സിനിമ കഴിഞ്ഞു   കാപ്പിയും വാങ്ങിച്ചു   തരണം കേട്ടോ !"

ഞങ്ങൾ   കണ്ട  സിനിമയുടെ പേര് "  പറയാനും വയ്യ പറയാതിരിക്കാനും   വയ്യ " 

Aug 3, 2014

ഒരു അധ്യാപന പരീക്ഷണത്തിന്റെ കഥ

പി.ജി  ഒക്കെ  കഴിഞ്ഞു  റിസൾട്ട്  കാത്തു  നില്ക്കുന്ന കാലം.പ്രത്യേകിച്ച് പണിയൊന്നും  ഇല്ലാത്തതിനാൽ, ഒരേ തൂവൽ  പക്ഷികളായ ഞങ്ങൾ  നാല് പേര് കവലയിൽ  കാലത്തെ  കാപ്പികുടി  ഒക്കെ   കഴിഞ്ഞു  ഒത്തു കൂടും. കാലത്തെ   പിള്ളേരെ  ഒക്കെ  ബസ് കേറ്റി  വിടുക  എന്ന  ഭാരിച്ച ഉത്തരവാദിത്വം നിറവേറ്റി കഴിഞ്ഞു   രണ്ടു   സൈക്കിളുകളിൽ ആയി  രണ്ടു കിലോമീറ്റർ    അകലെ  ഉള്ള   ക്ലബ്ബിൽ കാർപ്പൊവും  കാസ്പറോവും  ആകും. ഉച്ചക്ക് കൃത്യമായി  ഉണ്ണാൻ  വീട്ടിലെത്തും. ഊണ് കഴിഞ്ഞാൽ  വീണ്ടും ഇറങ്ങുകയായി. അപ്പോഴേക്കും  ക്ലബ്ബിൽ  ഇരുപത്തെട്ടു  കളിക്കാൻ   ആള് റെഡി  ആയിട്ടുണ്ടാവും. മണിക്കൂറുകളോളം കുണുക്ക്    വെച്ച്  വെച്ച്   വീട്ടില് എത്തിയാലും,ചെവിയിൽ  കുണുക്ക്   ഇരിക്കുന്നത് പോലെ  ഒരു തോന്നലുണ്ടാകും !

അങ്ങനെ  ഒരു  ദിവസം  കൂട്ടുകാരെ  കാത്തു നിൽക്കുമ്പോൾ   റോഡിനു എതിരുവശം   നിന്ന് ഒരാള്  ചിരിക്കുന്നു.ഞാൻ  തിരിച്ചും  ഒരു  ചിരി പാസാക്കുന്നു.കാമുകിയുടെ  പച്ചക്കൊടി   കിട്ടിയ കാമുകനെ മാതിരി അദ്ദേഹം  നേരെ  അടുത്തേക്ക്. വന്നയുടൻ   ഒരു  ചെറിയ  സംശയം ചോദിക്കുന്നു.പോസ്റ്റ്‌  ഗ്രാജുവേറ്റ് ആണല്ലേ ..ഞാൻ ഒരു  ചെറിയ പരുങ്ങലോടെ പറയുന്നു ..അത് വന്ത്...റിസൾട്ട് വന്നിട്ടില്ല. വന്നാലെ പറയാനൊക്കൂ (റിസൾട്ട് വരാൻ  എന്തിരിക്കുന്നു പൊട്ടും എന്നുറപ്പല്ലേ എന്ന് ഞാൻ മനസ്സില് പറഞ്ഞു ) അദ്ദേഹം  സ്വയം പരിചയപ്പെടുത്തി.  ഞാൻ സുധാകരൻ   ഡബിൾ  എം എ ആണ്.ഏറ്റുമാനൂര് ഒരു കോളേജ്  നടത്തുന്നു. ആട്ടെ...പഠിപ്പിക്കാൻ  കഴിയുമോ (സ്വന്തമായിട്ട് പഠിക്കാൻ കഴിവില്ല.പിന്നെയാ എന്ന് ഞാൻ ഞാൻ മനസ്സില് )അത് സാറേ...ഞാൻ ഇതേ വരെ ആരെയും...അത്  സാരമില്ല..നമുക്ക് ശരിയാക്കാം...പിന്നെ  മറ്റൊരു കാര്യം ഉണ്ട്. സാർ രണ്ടു വശത്തേക്കും നോക്കി ആ  വലിയ  രഹസ്യം പറഞ്ഞു...പിന്നെ  കോളേജ്  തുടങ്ങിയതെ ഉള്ളു...പിള്ളേരൊക്കെ  ആയി വരുന്നു. അതുകൊണ്ട്  ശമ്പളം  ഒന്നും  ഉടനെ പ്രതീക്ഷിക്കരുത് .(അത് ശരി...പഠിപ്പിക്കുന്നതും പോരാഞ്ഞിട്ട് വണ്ടിക്കൂലിയും കൈയീന്നു ).അന്ന് ഏറ്റുമാനൂർ   പോയി  വരാൻ  രണ്ടു രണ്ടര  രൂപ വേണം. അങ്ങോട്ട്‌  പൈസ ചിലവാക്കി വായിട്ടലക്കാൻ  പോകാൻ   തലയ്ക്കു വട്ടൊന്നുമില്ല എന്ന് പറയണം  എന്ന് തോന്നിയപ്പോൾ  സാർ  രണ്ടു കൈകളും   കൂട്ടി  പിടിച്ചു പറഞ്ഞു..."വരണം.ഞാൻ വണ്ടിക്കൂലി തരാം"  എന്ന് !

കാലത്തെ  തന്നെ  ഞാൻ കോളേജിൽ  ജോയിൻ ചെയ്തു. കോളേജ്  കെട്ടിടം ഒക്കെ അടിപൊളി.ഒരു  പലചരക്ക് കടയാണ് ലോകത്തിലെ  ആദ്യത്തെ  യൂനിവേർസിറ്റിയുടെ  പേരൊക്കെ  ഇട്ടു വെച്ചിരിക്കുന്നത്.രണ്ടു കടമുറികൾ.ഒരു ചായിപ്പിൽ ടീച്ചേർസ്  റൂം.അവിടെ പിന്നെ  ഞാനും സുധാകരൻ സാറും  മാത്രം   ഉള്ളത് കൊണ്ട് ആവശ്യത്തിനു ഇടം.കൊരിക്കുടിക്കാൻ   മുന്നില്  തന്നെ  ഇഷ്ട്ടം പോലെ വെള്ളമുള്ള പഞ്ചായത്ത് കിണർ.പത്താംക്ലാസ് തോറ്റിട്ട്    പഠിക്കുന്ന ഒരു ബാച്ച്.പിന്നെ രണ്ടു മൂന്ന് പിള്ളേർ  റ്റ്യുഷനും വരും.മൊത്തത്തിൽ  ഒരു ഒലവക്കോടൻ   യൂണിവേർസിറ്റി  സെറ്റപ്പ് !

ആദ്യത്തെ  ക്ലാസിൽ  എന്നെ  സുധാകരൻ  സാർ പരിചയപ്പെടുത്തി.ഇത് നിങ്ങളുടെ  പുതിയ  സാർ ആണ്.ഭയങ്കര  പഠിപ്പീരുകാരൻ  ആണ്.സാറിനെ കിട്ടിയത്  നിങ്ങളുടെ  ഭാഗ്യം..ഈത്തവണ  നിങ്ങൾ എല്ലാവരും  പാസാകും, നോക്കിക്കോ ! അടുത്ത മാസം ഒരു  ലേഡീ  ടീച്ചർ   കൂടി  ജോയിൻ  ചെയ്യും എന്ന് കൂടി കേട്ടപ്പോൾ  ആണ്‍ കുട്ടികൾ  കയ്യടിച്ചു. അത്ഭുതം കൂറിയ  എന്നെ നോക്കി സുധാകരൻ സാർ  " ഉം "  എന്ന പറയുന്ന മാതിരി  തലയാട്ടി !.   


പിള്ളേർ കോറസായി  ഗുഡ്മോര്നിംഗ് പറഞ്ഞു.ഞാൻ സാറായിചാർജെടുത്തു  .ആദ്യം ബോർഡിൽ   അന്നത്തെ ഡേറ്റ്  എഴുതി. പിന്നെ പിള്ളേരെ ആകെ  ഒന്ന്  നോക്കി...നാലാണും  മൂന്നു പെണ്ണും.  എന്റെ ഇരട്ടി വരും  ഓരോന്നും.പിന്നെ എനിക്കില്ലാത്ത ഒന്ന് കൂടുതലായി ആണ്‍ പിള്ളേർക്ക് ഉണ്ടായിരുന്നു.നല്ല  കട്ടി മീശ !പുസ്തകം പിടിച്ച  കൈ  ചെറുതായി വിറക്കുന്നുണ്ടോ എന്ന് ഒരു  സംശയം.എന്നാലും ഒന്നാം  ലോകമഹാ യുദ്ധത്തിന്റെ  കാരണങ്ങൾ  ഞാൻ  വെച്ച്  കാച്ചി. 

ഞാനുമായി  മുന്നാൾ  ഉണ്ടായിരുന്ന   രണ്ടു വിഷയങ്ങൾ -കണക്കും, ഹിന്ദിയും ( നമുക്കീ  ഹിന്ദി പടത്തിൽ  പറയുന്ന,ആജ്  മേരെ  പാസ്  ബംഗ്ലാ ഹേ , ഗാടി ഹേ , ബാങ്ക്  ബാലൻസ്   ഹേ , തുമാരെ  പാസ് ക്യാ ഹേ ...മേരെ പാസ്  മാ  ഹേ മാതിരി  ഹിന്ദി അല്ലെ  ഉള്ളു )  ഒഴിവാക്കി  തരണം   എന്ന് സുധാകരൻ സാറുമായി  കരാർ  ഉണ്ടായിരുന്നത് കൊണ്ട്,ഏതു  പോലീസുകാരനും പഠിപ്പിക്കാവുന്ന,മലയാളം,സോഷ്യൽ,ഹിസ്ടറി ഒക്കെ  ആയിരുന്നു പഠിപ്പീര്.അല്ലെങ്കിലും  മണ്ടന്മാർക്കു  പഠിക്കാൻ പറഞ്ഞിട്ടുള്ളതാണ്  ഹിസ്ടറി  എന്നാണല്ലോ വെപ്പ്.ഹിസ്ടറി  പഠിച്ചവർക്കറിയാം   അതിന്റെ  ബുദ്ധിമുട്ട് ! 

സാറിനു    രാഷ്ട്രീയ  പ്രവർത്തനം  ഒക്കെ ഉണ്ടായിരുന്നത് കൊണ്ട് മിക്കവാറും വരാറില്ല.രണ്ടു  ദിവസം  കൊണ്ട്  പിള്ളേര്  കമ്പനി ആയി.അര മണിക്കൂർ കൂടുമ്പോൾ,പിള്ളേര്   വെള്ളം കുടിക്കാൻ പോകാൻ  ബ്രേക്ക്‌ ചോദിക്കും.എന്നാൽ  വെള്ളം  കുടിക്കാൻ പോകാതെ ഡസ്കിന് മുകളിൽ  കയറി   ഇരുന്നു പെണ്പിള്ളേരുമായി  അരിവറക്കുക എന്നതായിരുന്നു അവരുടെ  സ്ഥിരം കലാപരിപാടി.കാലത്തെ   ചെന്ന് കയറുമ്പോൾ ഓരോരുത്തർ പെണ്ണുങ്ങളുടെ  മടിയിൽ  തല  വെച്ച്   കിടക്കുന്ന അനന്തശയനം ടാബ്ലോ  ഒരു സ്ഥിരം കാഴ്ചയായിരുന്നു. ഇത് പറഞ്ഞപ്പോൾ  സാറോന്നു കണ്ണടച്ചേക്ക്   എന്ന സുധാകരൻ സാറിന്റെ ഉപദേശം  കേട്ട്   കണ്ണ്  തുറക്കാൻ മേലാത്ത സ്ഥിതിയായി.മറ്റൊരു  ദിവസം, മൂന്നു പെണ്ണുങ്ങളിൽ  അല്പ്പം ഫോർവേർഡ് ആയ രത്നമ്മ  "സാറിനു  ലൈൻ വല്ലതും  ഉണ്ടോ"  എന്ന് ചോദിച്ചത്  കേട്ട്   ഞാൻ ഞെട്ടി. എന്താ  പി. കെ ആറെ .നമ്മളൊക്കെ  ഇവിടെ തന്നെ  ഉണ്ട്  എന്ന്   പി കെ  രത്നമ്മയോടു പറഞ്ഞ മനോജ്‌കുമാറിനെ  ഒരു   ചോക്ക് കഷ്ണം  വെച്ച്  എറിഞ്ഞതിൽ പ്രതിഷേധിച്ചു,സാധാരണ ചെയ്യാറുള്ളത്  പോലെ   മനോജ്‌  എന്നെ സൈക്കിളിൽ  ബസ് സ്ടാണ്ടിൽ   കൊണ്ട്  വിട്ടില്ല  .



അങ്ങനെ  ഇരിക്കെ പാർലമെന്റ് ഇലക്ഷൻ പ്രഖ്യാപിച്ചു.കേരളത്തിൽ  നാലും മൂന്നും  ഏഴു പേര്  മാത്രമുള്ള ഒരു  ബോംബെ പാര്ട്ടിയുടെ സ്ഥാനാർഥി ആയി സുധാകരൻ സാർ.നാമനിര്ദേശം കൊടുത്തതിനു  ശേഷം  സാർ  പറഞ്ഞു. ഇനി ഇലക്ഷൻ  കഴിഞ്ഞേ  ക്ലാസ് ഉള്ളു.അമ്മായിഅച്ഛൻ ഇശ്ചിച്ചതും   മരുമകൻ കൊണ്ടുവന്നതും   ഓസീയാർ   എന്ന്  പറഞ്ഞ  മാതിരി  പിള്ളേര് ഹാപ്പി.. കാലത്തേ എല്ലാവരും  കോളേജിൽ  വരും. ഞങ്ങൾ  രണ്ടു "ലക്ച്ചർ"മാരും   നാല് ആണ്‍കുട്ടികളും കൂടി   പ്രചാരണത്തിന് ഇറങ്ങും.പെണ്‍പിള്ളേർ ഉച്ചവരെ സിനിമാക്കഥ പറഞ്ഞും,ശങ്കർ  അംബികയെ  കെട്ടുമോ എന്നതുപോലെയുള്ള   അന്താരാഷ്‌ട്ര  പ്രശ്നങ്ങൾ  ചർച്ച ചെയ്തും,പേൻ നോക്കിയും  ഇരുന്നിട്ട് വീട്ടില് പോകും.പിള്ളേരും ഞാനും   മാറി  മാറി മൈക്കിൽ കൂടി  വോട്ടു   അഭ്യർഥിക്കും. ചെറിയ  കവലകളിൽ നിർത്തി  പ്രൊഫസർ സുധാകരൻ ( അങ്ങനെ ആയിരുന്നു   പോസ്റർ  അടിച്ചിരുന്നത് )   ഒരു   പ്രസംഗം  നടത്തും. മിക്കവാറും  ആരും  ശ്രദ്ധിക്കില്ല. ചിലര് ചിരിക്കും.ഇടതു  വലതു  മുന്നണികളുടെ  സ്ഥാനാർഥികളോട്  മുട്ടാനുള്ള  ഏക്കം  ഇയാൾക്ക് ഉണ്ടോ    എന്ന്  പലരും  നേരിട്ട്  ചോദിച്ചാലും,  അവയൊക്കെ  ഒരു  ചെറു ചിരിയിൽ  ഒതുക്കി  സാർ  വോട്ടു  ചോദിക്കും  .പ്രസംഗം  കഴിഞ്ഞു ഞങ്ങൾ അവിടെ ഉള്ള  എല്ലാ  കടകളും കയറി തിരഞ്ഞെടുപ്പ്  ഫണ്ട് പിരിക്കും.  ചിലര്  അമ്പതു പൈസയോ, ഒരു  രൂപയോ തരും. ചിലര്  പോടാ കോപ്പേ, പണിയെടുത്തു  ജീവിക്ക്   എന്ന്  തന്നെ പറയും. പിരിവു  കഴിഞ്ഞു സാർ  ഞങ്ങള്ക്ക് വയറു  നിറച്ചു  ഫുഡ്‌  വാങ്ങി തരും.ബാക്കി മൈക്കുകാരനും  ജീപ്പുകാരനും  കൊടുക്കും. അങ്ങനെ ഏകദേശം രണ്ടാഴ്ച    കുശാൽ   ആയിരുന്നു.തിരഞ്ഞെടുപ്പ്  കഴിഞ്ഞ  ദിവസം  ഇനി വീണ്ടും പഠിക്കാൻ പറയുമല്ലോ   എന്നോർത്ത്കുട്ടികൾ   സെന്റി  ആയി. സുധാകരൻ സാർ  നല്ല ആത്മവിശ്വാസത്തിൽ   ആയിരുന്നു. ജയിക്കും  എന്ന് തന്നെ പറഞ്ഞു. പെട്ടി പൊട്ടിച്ചപ്പോൾ  ഇരുനൂറിൽ  താഴെ  വോട്ടേ  ഉണ്ടായിരുന്നുള്ളൂ .തിരഞ്ഞെടുപ്പിൽ തോൽവിയും ജയവും സാധാരണയാണ്, വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക്   വേണ്ടിയാണ് തിരഞ്ഞെടുപ്പ് എന്നീ  മഹദ്വചനങ്ങൾ  സാർ പറഞ്ഞു. ഇതേ വചനങ്ങൾ  പരീക്ഷ കഴിഞ്ഞും പറയേണ്ടി  വരും  എന്ന്  ഞാൻ ഓർത്തു.കോളേജിന്റെ  നാലുമാസത്തെ  വാടക  കുടിശ്ശിഖ  ഒന്നിച്ചു  കൊടുക്കാനായി  എന്നതായിരുന്നു   തിരഞ്ഞെടുപ്പിന്റെ  ബാക്കി  പത്രം. 



പരീക്ഷക്ക്‌  ഒരുമാസം  ബാക്കിയുള്ളപ്പോൾ എനിക്ക്    എറണാകുളത്തു ജോലി കിട്ടി.കോളേജിൽ പോയി  വിവരം  പറഞ്ഞപോൾ  സാറിനു നിരാശയായി.പരീക്ഷക്ക്  ഒരുമാസമല്ലേ ഇനിയുള്ളൂ എന്ന്  പറഞ്ഞു  ഞാൻ ആശ്വസിപ്പിച്ചു. വേറെ ജോലികിട്ടി  ഞാൻ  പോകുന്നു   എന്ന് പറഞ്ഞപ്പോൾ പി. കെ.രത്നമ്മ  കരഞ്ഞു.

ഇടക്കൊക്കെ  ഇതുവഴി  വരുമ്പോൾ  കയറണം എന്ന്  സാർ  പറഞ്ഞു. തിരഞ്ഞെടുപ്പിൽ  എന്റെ സേവനങ്ങളെ  സാർ  പുകഴ്ത്തി.ടൈ  കെട്ടുന്ന ജോലിയും  ട്രെയിനിങ്ങും  ഒക്കെ  ആയി എറണാകുളത്തു  രാജാപ്പാർട്ടു ജീവിതം നയിക്കവേ ,മൂന്നു നാല്  മാസത്തിനു  ശേഷം അവിചാരിതമായി   എനിക്കൊരു കാർഡ് കിട്ടി.പ്രൊഫസർ സുധാകരൻ സാറിന്റെ കല്യാണക്കുറി.

വധു  വളരെ  അടുത്തറിയാവുന്ന ഒരാളായിരുന്നു. പി കെ  രത്നമ്മ !

Jul 28, 2014

അക്കൽ ദാമ

മരം കോച്ചുന്ന  തണുപ്പുള്ള  ഒരു രാവായിരുന്നു  അത്. ഉറക്കത്തിൽ നിന്നും   ആരോ വിളിച്ചുണർത്തിയെന്ന  വണ്ണം  ശബ്ദം ഒട്ടും  കേൾപ്പിക്കാതെ വാതിൽ   തുറന്നു ഞാൻ പുറത്തേക്കിറങ്ങി.കാറ്റിൽ വഷ്ണയിലകളുടെ  മണം നിറഞ്ഞു നിന്നിരുന്നു.പുരയിടത്തിന്റെ  വടക്ക് വശത്തു നില്ക്കുന്ന  വാക മരത്തിനടുത്തെക്ക് ആരോ  വിളിച്ചിട്ട് എന്നതു പോലെ  ഞാൻ  നടന്നു  നീങ്ങി. പുൽക്കൊടികളിൽ നിന്ന ജലകണങ്ങൾ  എന്റെ  നഗ്നപാദത്തിൽ  ഉരസി .  


വാകമരത്തിൽ  നിറയെ  ചുവന്ന  പൂക്കൾ  ആയിരുന്നു. കറുത്ത മുഴുനീള കുപ്പായം  ധരിച്ച  ഒരാൾ  താഴെ  വീണ പൂക്കൾക്കിടയിൽ എന്തോ   തിരയുന്നത് ഞാൻ  കണ്ടു. എന്റെ കാല്പ്പെരുമാറ്റം  കേട്ടിട്ടെന്നോണം അയാൾ  തിരിഞ്ഞു നോക്കി.അയാളുടെ കണ്ണുകളുടെ സ്ഥാനത്ത്  ചോരപ്പൂക്കൾ  മാത്രമേ ഉണ്ടായിരുന്നുള്ളൂ.ബോധം മങ്ങുന്നതിനു മുൻപേയുള്ള  നിമിഷങ്ങളിൽ ഏതോ  ഗുഹയിൽ നിന്നും മാറ്റൊലി കൊണ്ടത്‌ എന്നവണ്ണം   ആ  വാക്ക്  ഞാൻ കേട്ടു ".അക്കൽ ദാമ"

നിർത്താതെ ഉള്ള എന്റെ കരച്ചിൽ  കേട്ടായിരുന്നു   അമ്മച്ചി  വന്നത്. പുറത്തു തട്ടി അമ്മച്ചി  എത്ര  ആശ്വസിപ്പിച്ചിട്ടും  എനിക്ക്  കരച്ചിൽ നിർത്താനായില്ല.കരച്ചിൽ  നിർത്തണം   എന്ന്  എനിക്ക്  അതിയായ  ആഗ്രഹം ഉണ്ടായിട്ടും,ഏതോ  വികാരതള്ളിച്ച  എന്റെ മനസ്സിനെ  എന്റെ പിടിയിൽ നിർത്തിയില്ല.അമ്മച്ചിയുടെ  ആശ്വാസവാക്കുകളോ, അയൽക്കാർ  കേട്ടാലോ എന്നുള്ള ആകുലതകളോ  ഒന്നും   എന്നെ സ്പർശിച്ചില്ല. കണ്ണുനീർ വീണ്ടും  വീണ്ടും ധാരയായി വന്നുകൊണ്ടിരുന്നു.ഏങ്ങലടികളും. 

അയൽ  വീട്ടിലെ  ജോർജേട്ടന്റെ  ജീപ്പിൽ   ഞങ്ങൾ   മലയിറങ്ങി. ഇരുപതു കിലോമീറ്ററിന്  അകലെയായിരുന്നു  ഏറ്റവും  അടുത്തുള്ള  ആശുപത്രി. അവിടെ  എത്തിയപ്പോഴും   എനിക്ക്  കരച്ചിലടക്കാൻ  സാധിച്ചില്ല.  ഡോക്ട്ടർ എന്തോ മരുന്ന്  കുടിക്കാൻ  തന്നു . ഞാൻ  ഉറക്കത്തിലേക്കു  മയങ്ങുമ്പോഴും കണ്ണുകൾ  നിറഞ്ഞൊഴുകുകയായിരുന്നു.


കാലത്തെ   എഴുന്നേൽക്കുമ്പോൾ  അടുത്ത്  തന്നെ  ഉണ്ടായിരുന്നു   അമ്മച്ചി.   അക്കൽദാമ  എന്ന്  പറയുന്ന   ആ  ഭീകര രൂപത്തെ നാലാമത്തെ തവണ ആയിരുന്നു  ഞാൻ  സ്വപ്നം  കണ്ടത്. ഓരോ തവണയും  സ്വപ്നം കാണുകയും അലറിവിളിച്ചു  ഞെട്ടി എഴുന്നെല്ക്കുകയും ചെയ്യുക പതിവായിരുന്നു. 

ജോർജേട്ടൻ  ആയിരുന്നു  ആ  പുരോഹിതനെ പറ്റി  അമ്മച്ചിയോട്‌ പറഞ്ഞിരുന്നത്.പുരാതന കാലത്ത്  അത്ഭുത പ്രവർത്തികൾ  നടത്തിയിരുന്ന ഒരു അച്ചന്റെ  നാമധേയത്തിൽ  പ്രശസ്തി നേടിയ  ഒരു  പള്ളിയായിരുന്നു അത് . ഇപ്പോഴത്തെ   അച്ചനും പേരുകേട്ട ഒരാളാണെന്ന്  ജോർജേട്ടൻ സൂചിപ്പിച്ചിരുന്നു.അച്ചനെ  കാണാൻ  പോകാം  എന്ന്  അമ്മച്ചി പറഞ്ഞപ്പോൾ മുൻപെന്ന വണ്ണം    ഞാൻ  എതിർത്തില്ല.അക്കൽദാമ അത്രമാത്രം  എന്നെ അസ്വസ്ഥനാക്കാൻ  തുടങ്ങിയിരുന്നു .


പുരാതനമായ  ഒരു  പള്ളിയായിരുന്നു   അത്.പള്ളിയുടെ  മുന്നിലുള്ള   സ്റ്റോപ്പിൽ  ബസിറങ്ങുമ്പോൾ  അസാധാരണമാം വണ്ണം വലിപ്പമുള്ള  രണ്ടു മെഴുകുതിരിക്കൂടുകൾ  ഞാൻ  വാങ്ങി. ഒരു  ചെറിയ കയറ്റത്തിൽ  ആയിരുന്നു ആ  പള്ളി.ഏകദേശം  നാൽപ്പതിൽപ്പരം  പടികൾ കയറുമ്പോൾ  അമ്മച്ചി   വല്ലാതെ കിതച്ചു. 

അച്ചനെ   കാണാൻ  വളരെ  അധികം ആളുകൾ  അവിടെ  ഉണ്ടായിരുന്നു. ഏകദേശം ഒരു  മണിക്കൂറിനു  ശേഷം  അച്ചന്റെ  മുറിയിൽ  എത്തുമ്പോൾ എന്റെ പ്രതീക്ഷകളെ  തകർത്ത്   വളരെ  ചെറുപ്പക്കാരനായ  ഒരു   അച്ചനെ   കണ്ടു. അച്ചൻ  ദയാവായ്പോടെ  എന്നോട് എന്താണ്  കാര്യം  എന്ന്     ചോദിച്ചപ്പോൾ പേടി സ്വപ്‌നങ്ങൾ  ആണ്  എന്റെ  പ്രശ്നം  എന്ന്  ഞാൻ പറഞ്ഞു. അക്കൽ ദാമ എന്ന്  കേട്ടതും  അദ്ദേഹം  ചിന്തയിലാണ്ടു.അക്കൽദാമ എന്ത് എന്നറിയുമോ എന്ന  ചോദ്യത്തിനു   എനിക്ക്  ഉത്തരമുണ്ടായിരുന്നില്ല .

ബൈബിളിൽ  പരാമർശിക്കപ്പെട്ടിട്ടുള്ള  ഒരു  സ്ഥലമാണ്  അക്കൽദാമ എന്നത് എനിക്ക്  ഒരു പുതിയ  അറിവായിരുന്നു.യേശുവിനെ  ഒറ്റു കൊടുത്തതിനു പ്രതിഫലമായ മുപ്പതു  വെള്ളിക്കാശിനു വാങ്ങിയ  ഭൂമി ശ്മശാനത്തിനു ഉപയോഗിക്കുകയായിരുന്നു  എന്ന്  അദ്ദേഹം പറഞ്ഞു. നിങ്ങൾ  താമസിക്കുന്ന സ്ഥലം  ഇനി  ഒരുവേള  ശ്മശാന ഭൂമി  ആയിരിക്കുമോ  എന്ന  സന്ദേഹം അദ്ദേഹം  പ്രകടിപ്പിച്ചു.എന്റെ  തലയിൽ കൈവെച്ചു പ്രാർഥിച്ചതിന്  ശേഷം അദ്ദേഹം  നെറ്റിയിൽ  കുരിശു വരച്ചു.പള്ളിയിൽ മെഴുകുതിരികൾ കത്തിക്കുകയും  പ്രാർത്ഥിക്കുകയും  ചെയ്യണം  എന്ന് അദ്ദേഹം പറഞ്ഞു.സ്വപ്‌നങ്ങൾ  ചിലതിലേക്കുള്ള  ചൂണ്ടുപലകകൾ ആവുമത്രെ. 

ആകാംഷയോടെ  പുറത്തു നില്ക്കുകയായിരുന്നു  അമ്മച്ചി.നമ്മുടെ ഭൂമി ശ്മശാനഭൂമി ആയേക്കാം  എന്ന്  അച്ചൻ  സംശയം പ്രകടിപ്പിച്ചത്  ഞാൻ അമ്മച്ചിയോട്‌ പറഞ്ഞില്ല. ജോലി സ്ഥലത്തിനടുത്ത്  ചുളുവിലക്ക്  ലഭിച്ച ഭൂമിയിൽ  പുതു ജീവിതം  തുടങ്ങിയ  സന്തോഷത്തിൽ  ആയിരുന്നല്ലോ   അമ്മച്ചി.സ്ഥലവും വീടും  ഒരു  സ്വപ്നത്തിന്റെ  പേരിൽ  വിറ്റു തുലക്കാൻ എനിക്ക് മനസ്സുവന്നില്ല.അതുപോലെ തന്നെ    കുഴപ്പം പിടിച്ച ഭൂമി മറ്റൊരാൾക്ക്  കൈമാറുക  എന്നത്  എനിക്ക്  അസാധ്യമായിരുന്നു.ദൈവം മറ്റൊരുമാർഗം കാട്ടി തന്നിരുന്നെങ്കിൽ   എന്ന്  ഞാൻ വെറുതെ ആഗ്രഹിച്ചു..അപ്പച്ചന്റെ മരണശേഷം  ലഭിച്ച  ചെറിയ  തുകയും, വർഷങ്ങളായുള്ള  സമ്പാദ്യവും   പി .എഫ്  ലോണും  ഒക്കെ ചേർത്ത് വാങ്ങിയ ചെറിയ  തുണ്ടിനു  ഒരാളെ കണ്ടെത്തുക  എന്നത്  തന്നെ  ശ്രമകരം  എന്ന തോന്നൽ  എന്റെ  കണ്ണുകളെ നനയിക്കാൻ  തുടങ്ങിയത്,അമ്മച്ചിയിൽ  നിന്നും ഞാൻ  മറച്ചു  പിടിച്ചു. മെഴുകുതിരി കത്തിച്ചു  പ്രാർഥിക്കുമ്പോൾ  എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.വൈകും വരെ  പള്ളിയിൽ  പ്രാർഥനയും മറ്റുമായി ഞങ്ങൾ   കഴിഞ്ഞു .

തിരികെയുള്ള  യാത്രാമദ്ധ്യേ,നമുക്ക്  സ്ഥലം ആർക്കെങ്കിലും കൊടുത്തു കടുത്തുരുത്തിയിൽ  ഉള്ള  വീട്ടിലേക്കു തിരിച്ചുപോയാലോ  ജോയിമോനെ എന്ന്   അമ്മച്ചി  പൊടുന്നനെ ചോദിച്ചപ്പോൾ  എനിക്ക് സങ്കടം  സഹിക്കാനായില്ല. നാളിതുവരെയുള്ള അധ്വാനം പാഴായിപ്പോകുന്നതിലുള്ള  സങ്കടത്തെക്കാളുപരി,എന്റെ മനസ്സമാധാനത്തിന് അമ്മച്ചി  വലിയ  സ്ഥാനം  കൊടുക്കുന്നു   എന്ന തോന്നലിൽ അമ്മച്ചിയുടെ തോളിൽ  തലചായ്ച്ചു  ഞാൻ  പൊട്ടിക്കരഞ്ഞു .    


കുളമാവ്  ടൌണിൽ  എത്തുമ്പോൾ സന്ധ്യയായിരുന്നു . വീട്ടിലേക്കു  തിരിയുന്ന വളവിലുള്ള  വറുഗീസേട്ടന്റെ  കടയുടെ  മുന്നിൽ  കൂടി നിന്നവർക്ക്‌   പറയാൻ ഒരു  വാർത്തയുണ്ടായിരുന്നു .ഡാമിന്  വേണ്ടി  സ്ഥലം  അക്വയർ ചെയ്യുമ്പോൾ സ്ഥലം  നഷ്ട്ടപ്പെടുന്നവരുടെ  കൂട്ടത്തിൽ  എന്റെ  വീടും പെടുമെന്നും, നഷ്ട്ടപരിഹാരമായി  നല്ലൊരു  തുക  കിട്ടുമെന്നും .നെഞ്ചിൽ കൈകൾ  വെച്ച് എപ്പോഴെത്തെതെന്നതുപോലെ  അമ്മച്ചി  ആകാശത്തേക്ക്  പ്രാർഥനാപൂർവ്വം   നോക്കി. 


രാത്രി  ആഹാരം  കഴിക്കവേ  കടുത്തുരുത്തിക്ക്  തിരിച്ചു പോയാലോ എന്ന് ഞാൻ  അമ്മച്ചിയോട്‌ ആരാഞ്ഞു.പിറന്ന  നാടിന്റെ  ഓർമ്മ അമ്മച്ചിയിൽ  ഒരു മന്ദസ്മിതം  വിരിയിരിച്ചു  എന്നെനിക്കു  തോന്നി .


Apr 5, 2014

തങ്കമയൂരം ..(ഒരു ഫേസ് ബുക്ക് ഫെമിനിസ്റ്റ് )


ഫേസ്ബുക്കിലെ  പ്രശസ്തയായ  ഫെമിനിസ്റ്റാണ്  തന്റെ  മുന്നില്  ഇരിക്കുന്നത്  എന്ന്  പ്രശസ്ത  മന:ശാസ്ത്രജ്ഞൻ ഡോ.ഫെർണാണ്ടസിന്  വിശ്വസിക്കാനായില്ല.



ഡോക്റ്റർ  ഞാൻ  തങ്കമ്മഇവിടെ  ഒരു  ബാങ്കിൽ  ജോലി  ചെയ്യുന്നു.

അറിയാം..........തങ്കമയൂരം  എന്ന പേരിൽ  ഫേസ്ബുക്കിലും ബ്ലോഗിലും  ഒക്കെ  എഴുതുന്ന…………എന്താണ്  പ്രശ്നം?


അതെ  ഡോക്റ്റർ..ഞാൻ ഒരുപാട്   പ്രശ്നങ്ങളുടെ  നടുവിലാണ്.ഒരു  ഫെമിനിസ്ടാകണം  എന്നായിരുന്നു   ചെറുപ്പത്തിൽ  എന്റെ  ആഗ്രഹം..

അതെന്താ.. സാധാരണ  പെണ്ണുങ്ങളെ  പോലെ  പഠിക്കണം ,ജോലി  നേടണം, കല്യാണം  കഴിക്കണം, കുട്ടികൾ  ഉണ്ടാകണം  എന്നൊന്നും നിങ്ങൾക്ക്   ഇല്ലായിരുന്നോ ?

അത് ഡോക്റ്റർ,   ഫെമിനിസ്റ്റുകൾക്ക്  മാധ്യമങ്ങളിലും സമൂഹത്തിലും  കിട്ടുന്ന  വില  കണ്ടിട്ടാണ്  ചെറുപ്പത്തിൽ   തന്നെ  എനിക്ക്  അങ്ങനെ ഒരു  മോഹം  ഉണ്ടായത്.

പുരുഷന്മാരോട്  ഒടുങ്ങാത്ത  വിദ്വേഷവും  ആയി  നടക്കുന്നവർ  ആണല്ലോ  ഫെമിനിസ്റ്റുകൾ.കല്യാണം  കഴിക്കാതെ, കുടുംബവും  ഒക്കെ   ആയി  സുഖമായി  ജീവിക്കുന്നവരോട്   ചൊറിച്ചിൽ ഒക്കെ  ആയി  നടക്കുന്നതാന്നല്ലോ  ആധുനിക  ഫെമിനിസം. അതൊരു .തെറ്റല്ല..ഒരു  അവസ്ഥയാണ് ..ദുരവസ്ഥ !ആട്ടെ …. എന്നാണ്  നിങ്ങൾ  ഫെമിനിസ്റ്റായതു ?

ചേട്ടൻ കല്യാണം  കഴിച്ചു,അവർ  സുഖമായി   ജീവിച്ചത്  കണ്ടപ്പോഴാണ്    ഞാൻ  ആദ്യമായി  ഫെമിനിസ്റ്റായതു.ഇടയ്ക്കു അമ്മയും  ഫെമിനിസ്റ്റാകുമായിരുന്നു.ആളുകൾ    അതിനെ  നാത്തൂൻ -അമ്മായിയമ്മ പോര്  എന്നൊക്കെ  വിളിക്കുംഞങ്ങളുടെ ആളുകൾ  അതിനെ   സ്ത്രീ സ്വാതന്ത്ര്യം,സമത്വം,വിമോചനം  എന്നൊക്കെ  ഉള്ള  പരിപ്രേക്ഷ്യങ്ങളിൽ അറിയപ്പെടാനാണ്  ആഗ്രഹിക്കുന്നത്.

എന്താണ്     പരിപ്രേക്ഷ്യം.? എന്താണ്    ഫെമിനിസത്തിന്റെ ഗുണം ?

എന്തോ  വലിയ  അർത്ഥമുള്ള  വാക്കാണ്‌.ഇതൊക്കെ  ഇടക്ക്  വെച്ച്  കാച്ചിയില്ലെങ്കിൽ   വിവരമില്ല എന്ന്  ജനം  വിചാരിക്കും.പിന്നെ ഫെമിനിസം ഉണ്ടായാൽ  ആണിന്  പെണ്ണിന്റെ  മേൽ   ഇപ്പോഴുള്ള   ആധിപത്യം  നഷ്ട്ടപ്പെടും.ലിംഗ സമത്വം  എന്നത്  ഉണ്ടാകും. സ്വന്തമായി  ജോലി ചെയ്യുമ്പോൾ,അച്ഛന്റെയോ ആങ്ങളയുടെയോ ഭർത്താവിന്റെയൊ   സംരക്ഷണയിൽ  കഴിയേണ്ടി  വരില്ലല്ലോ.സ്ത്രീക്ക്  ആരുടേയും  തണൽ  ആവശ്യമില്ല.


സഹോദരീ...ഇന്നത്തെ  കാലത്ത്  ഭാര്യക്ക്‌  ജോലി  ഉണ്ടെങ്കിലും  ഇല്ലെങ്കിലും  തുല്യ  അവകാശം  കൊടുക്കുന്ന  ഒരു  സമൂഹമാണ്‌   ഉള്ളത്.അച്ഛന്റെയോ  ഭർത്താവിന്റെയൊ തണൽ  വേണ്ടാത്ത സ്ത്രീകൾ  രാത്രി  തമ്പാനൂരു  നിന്നും   കിഴക്കെ കോട്ട   വരെ ഒന്ന്  നടന്നു  നോക്കട്ടെ. വിവരം  അറിയും !ഏതായാലും പ്രശ്നത്തിലേക്ക്  കടക്കൂ.


ഡോക്റ്റർ , ഫെമിനിസ്റ്റാകാനുള്ള  അദമ്യമായ  ആഗ്രഹവുമായി  ഓർക്കുട്ടിൽ ചെന്നപ്പോൾ     അവിടം അടച്ചുപൂട്ടി.അപ്പോഴാണല്ലോ   സുക്കർ  സാഹിബ്  ഫേസ് ബുക്ക്‌  സൂകര പ്രസവം  നടത്തിയത്. അങ്ങനെ ഞാനും  ഒരു  ഫേസ്ബുക്ക്ഫെമിനിസ്റ്റായി.ആദ്യമൊന്നും  ആളുകള്  ശ്രദ്ധിച്ചില്ലെങ്കിലും  പിന്നെ  പിന്നെ ഞാൻ  എന്ത്  ചാണാപ്പോളി  പോസ്റ്റ്‌  ഇട്ടാലും  കിഴങ്ങന്മാരായ  കുറെ  ആണുങ്ങൾ  വന്നു  അപാരം  എന്നൊക്കെ പറയും. 1000    ലൈക്ക് ഒക്കെ  അടിക്കും .എനിക്കെതിരെ  പറയുന്ന  പുരുഷന്മാരെ  അവർ  തന്നെ  നാറ്റിക്കും. പക്ഷെ  ഈയിടെയായി  ഫെമിനിസ്റ്റുകളുടെ സമയം  വളരെ  മോശമാണ്. പഴയപോലെ  ഇപ്പോൾ  സ്ത്രീ  ശാക്തീകണതിനോന്നും   മാർക്കറ്റില്ല . ഈയിടെ  ഒരു  പെണ്ണ്  പ്രേമിച്ചവന്റെ  കൂടെ  ഇറങ്ങിപ്പോയതിന്   സ്ത്രീകൾ  തന്നെ  പറഞ്ഞു  അവൾക്കു   അങ്ങനെ  തന്നെ  വരണം എന്നൊക്കെ.ഇതിനെതിരെ  ഒന്ന്  പ്രതികരിച്ചതിന്,എനിക്ക്  കിടക്കപ്പൊറുതി ഇല്ല .അതുപോലെ തന്നെ  സ്ത്രീകളുടെ  ആക്രമണം വളരെ   കൂടുതലാണ്ഓരോ കമന്റുകൾ  വായിച്ചാൽ  ശരീരം  തളരുന്നപോലെ  തോന്നും. ഇന്ന് കാലത്തെ  ഒരച്ചായത്തി  എഴുതിയ  കമന്റു  വായിച്ചിട്ട്  തലകറങ്ങുന്ന പോലെ തോന്നി. ഉടനെ  ഞാൻ ബ്ലോക്കി. എന്നാലും  രണ്ടായിരം രൂപയ്ക്കു  പകരം  ഇരുപതിനായിരം  രൂപ  ബാങ്കിൽ  വെച്ച് കൊടുത്തുപോയി . 

ഇത് മാനസികരോഗം ചികിത്സിക്കുന്ന സ്ഥലമാണ്.പ്രഷറിനു   ചികിത്സിക്കുന്നതിനു  കുറച്ചു തെക്കോട്ട്‌  പോകണം. നിങ്ങൾ  ഇവിടെ ഇരുന്നു  എന്റെ  പ്രഷർ   കൂട്ടാതെ ..

അതല്ല   ഡോക്ട്ടർഎന്റെ  മാനസികനില  ആകെ  തകരാറിലാണ് . പെട്ടെന്ന്  ദേഷ്യം  വരുന്നു.എതിർത്ത്  വരുന്ന കമന്റുകൾ  വായിക്കാനെ പറ്റുന്നില്ലഫെമിനിസ്റ്റ് എന്നുള്ള  വേഷം  കെട്ടിയത്  കാരണം  വിവാഹം  ചെയ്താൽ  ആളുകൾ   എന്ത്  പറയും  എന്ന  പേടി.ഇത്രകാലവും  ,വിമോചനം ,സ്വാതന്ത്ര്യം എന്നതൊക്കെ പറഞ്ഞിട്ട്.വെക്കുക ,വിളമ്പുക, പ്രസവിക്കുക എന്ന പഴയ കാലത്തിന്റെ  തിരുശേഷിപ്പുകൾ ഇപ്പോഴും ഈസമൂഹത്തിൽ  അലയടിക്കുകയാണ് എന്നൊക്കെ  പറഞ്ഞിട്ട് …..

കുടുംബമായി   ജീവിക്കുക  എന്ന്  മര്യാദക്കു  പറഞ്ഞാൽപോരെ ?

അതല്ല  ഡോക്ട്ടർ .. ഈ സ്വാതന്ത്ര്യം..സമത്വം..പുരുഷമേല്‍ക്കൊയ്മ...

ഒലക്കേടെ മൂട്... സഹോദരീ  ..നിങ്ങള്ക്ക്  എന്തിൽ  നിന്നാണ്  സ്വാതന്ത്ര്യം  വേണ്ടത്പുരുഷൻ    ഇല്ലാതെ  സ്ത്രീ  പൂർണ്ണയാവില്ല. അതുപോലെ  തന്നെ  സ്ത്രീ  ഇല്ലാതെ  പുരുഷനുംനിങ്ങള്ക്ക്  വേണ്ടത്  തറുതല പറയുമ്പോൾ  ചെപ്പക്കുറ്റിക്ക് ഒറ്റയെണ്ണം   തരുന്ന പുരുഷനാണ്മാന്യനായ  ഒരു  പുരുഷനും  സ്ത്രീയെ  തല്ലില്ല..  എന്നാലും   ചില  അവസരങ്ങളിൽ  സ്ത്രീകൾ   അടി  ഇരന്നു  വാങ്ങും  .

 അപ്പോൾ  ഡോക്റ്റർ  എന്റെ  മരുന്ന്..

നിങ്ങള്ക്ക്  വേണ്ടത്  മരുന്നല്ല. എന്റെ  പൊന്നു  പെണ്ണുംപിള്ളേ …  സ്ഥലം കാലിയാക്കിയാട്ടെ ..


ഡോ.ഫെർണാണ്ടസിന്റെ   ഭാവമാറ്റം  കണ്ടു  ഭയന്ന   തങ്കമ്മ   എഴുന്നേറ്റു  പുറത്തിറങ്ങി.ഫെസ് ബുക്കിൽ  ഇന്ന്  തന്നെ  ഇദ്ദേഹത്തിനു  ഒരു പണി  കൊടുക്കണം   എന്നു  കരുതി  പുറത്തിറങ്ങി  ക്ലിനിക്കിന്റെ  ഒരു  ഫോട്ടോ  എടുത്തു.

സമയം  ഡോ.ഫെർണാണ്ടസിന്റെ ഭാര്യ, ഫെമിനിസ്റ്റുകളുടെ   ആസ്ഥാന  വേഷം  എന്ന് മലയാള  സിനിമ  കല്പ്പിച്ച    സ്ലീവ് ലെസ്സ്  ബ്ലൗസും  ഇട്ടു,  പട്ടിക്കുട്ടിയെയും  കൊണ്ട്  പുറത്തിറങ്ങുകയായിരുന്നു.വൈകിട്ടു  ഇന്ന്     ചപ്പാത്തിയാണ്,കാൻഡിൽ  ലൈറ്റ് ഡിന്നറിൽ താൽപര്യം ഉണ്ടെങ്കിൽ വരുമ്പോൾ,മെഴുകുതിരി വാങ്ങി  വരണം  എന്ന്      എന്ന്  വാട്സ്ആപ്പിൽ   മെസ്സേജ്  അയച്ചപ്പോൾ   മിസ്സിസ്  ഫെർണാണ്ടസ്   ഒന്ന്  മന്ദഹസിച്ചു .

മെസ്സേജ്  വായിച്ച  ഡോ.ഫെർണാണ്ടസ്‌ ഉടനെ   മറുപടി  അയച്ചു...ചപ്പാത്തിഞാൻ  പരത്തണോ  ഡാർലിംഗ് ?