Nov 9, 2016

ചാച്ചപ്പന് ഇത് ചരിത്ര നിമിഷം

പ്രസിഡണ്ട്  പദവിയിലേക്കു മുതലാളി  നടന്നു  കയറുമ്പോൾ    സുവർണ്ണ  നിമിഷത്തിനു  സാക്ഷ്യം  വഹിക്കാൻ  ചാച്ചപ്പനും  ഉണ്ടാവും.റാന്നി മരോട്ടിച്ചുവട്   കുന്നന്താനം വീട്ടിൽ  ചാച്ചപ്പൻ   വൈറ്റ് ഹൗസിലേക്കു  താമസം  മാറ്റുമ്പോൾ   ഒരു  നാടുമുഴുവൻ  പ്രാർത്ഥനാ നിർഭരമായി  നിൽക്കുകയാണ്.


കഴിഞ്ഞ   നാൽപ്പതു    വർഷമായി   നിഴലുപോലെ   കൂടെ  നിൽക്കുന്നു എന്ന് പറയുമ്പോഴും  ചാച്ചപ്പൻ  വിനയാന്വിതനാണ്.രാജ്യത്തെ ഒന്നാമത്തെ   പൗരന്റെ  അടുക്കളക്കാരൻ    ആവുക  എന്ന   ഭാരിച്ച  ഉത്തരവാദിതത്വം നൽകുന്ന സമ്മർദ്ദത്തിലും  തന്റെ  കർത്തവ്യങ്ങൾ  കൃത്യമായി  ചെയ്തു  തീർക്കുക   എന്നതിൽ മാത്രമാണ്  അദ്ദേഹത്തിന്റെ  ശ്രദ്ധ .

മുതലാളിയുടെ    ഭക്ഷണ ശീലങ്ങളെ  കുറിച്ച്   പറയുമ്പോൾ  ചാച്ചപ്പന്   നൂറു നാവാണ്.പുട്ടും കടലയും  കണ്ടാൽ   സ്വയം മറക്കും  എന്ന്  പറയുമ്പോൾ  കേരളത്തിന്റെ    അഭിമാനം വാനോളം  ഉയരുകയാണ്.തന്റെ  കുക്കിങ്   ജീവിതത്തിലെ    മറക്കാനാവാത്ത  ഒരു  സംഭവം    ഏതു   എന്ന  ചോദ്യത്തിന് ഒരിക്കൽ  താൻ ചക്കപ്പുഴുക്ക്  ഉണ്ടാക്കിയപ്പോൾ   അടിയിൽ  പിടിച്ചതും,   അതറിയാതെ  മുതലാളി   വാരി   വലിച്ചു   തിന്നതും   പിന്നെ കക്കൂസിൽ  മൂന്നു   ദിവസം സ്ഥിരതാമസമാക്കിയതുമായ   രസകരമായ  സംഭവം  അദ്ദേഹം   വിവരിച്ചു.ഈ  വകയിൽ  തന്റെ  നിത്യശത്രുവായ   പാലാക്കാരൻ  തോമാച്ചന്റെ  ചീട്ടു  കിറിക്കളഞ്ഞതിൽ   ഒട്ടും  ഖേദം  പ്രകടിപ്പിക്കാൻ   തയ്യാറായില്ല   എന്നത്   അദ്ദേഹത്തിന്റെ   മനസ്സിന്റെ  വലിപ്പം  എത്ര  എന്ന്  വെളിവാക്കുന്നു .


മുതലാളിയുടെ  കൂടെ  നാൽപ്പതു  വര്ഷം  പൂർത്തീകരിക്കുന്ന   ഈ  വേളയിൽ  രാജ്യത്തിന്റെ  പരമോന്നത  അടുക്കളക്കാരൻ  ആകുക  എന്നത്   കേരളത്തിന്റെ   അഭിമാനം  വാനോളം  ഉയർത്തുമ്പോഴും   താൻ  കടന്നു   വന്ന വഴികൾ  മറക്കാൻ  ചാച്ചപ്പന്   ആകുന്നില്ല.ക്ളീനിങ്  ആൻഡ് വാഷിങ്  ഡിപ്പാർട്ടുമെന്റിൽ   ഒരു  സാധാരണ  തൊഴിലാളി   ആയി   തന്റെ  ഔദ്യോഗിക    ജീവിതം ആരംഭിക്കുകയും  പടിപടിയായി  ഉയർന്നു   മുതലാളിയുടെ അടുക്കളയുടെ  പൂർണ്ണ  ചുമതല  നിർവഹിക്കുന്നത്  വരെ  എത്തിയ  ചാച്ചപ്പന്   നന്ദി പറയാനുള്ളത്   തന്നെ  കല്യാണം   കഴിച്ചു  ഇവിടെ  എത്തിച്ച   ഭാര്യ  മറിയാമ്മക്കു  മാത്രം.  മറിയാമ്മയുടെ  അഭാവത്തിൽ  ശീലിച്ച  പാചക പരീക്ഷണങ്ങൾ  ഇല്ലായിരുന്നു  എങ്കിൽ  താൻ  ജീവിതത്തിൽ  ഒന്നുമായിത്തീരില്ലായിരുന്നു  എന്ന് പറയാൻ  ചാച്ചപ്പന്  ഒരു  മടിയുമില്ല. ഈ  വലിയ  നിലയിൽ  എത്തുന്ന  നേരത്തു  അത്  കാണാൻ  മറിയാമ്മയുടെ  മാതാപിതാക്കൾ  ജീവിച്ചിരിപ്പില്ല  എന്നത്  മാത്രമാണ്  ചാച്ചപ്പന്റെ  ദുഃഖം. ചാച്ചപ്പന്റെ   മാതാപിതാക്കൾ കേരളത്തിലെ  പുരാതനമായ  ഒരു  വൃദ്ധസദനത്തിൽ  സന്തോഷപൂർവം  വസിക്കുന്നു .

ഹ്യുസ്റ്റണിൽ  സ്ഥിരതാമസമാക്കിയ  ചാച്ചപ്പനും മറിയാമ്മക്കും   മൂന്നു മക്കൾ.മൂത്ത പുത്രൻ  ആർനോൾഡ്  ചാച്ചപ്പൻ  കേറ്ററിംഗ്  പഠിക്കാനായി  മൂന്നാറിൽ   എത്തി   അവിടെ സ്ഥിരതാമസമാക്കിയിരിക്കുന്നു.രണ്ടാമൻ   ലിയനാർഡോ  വിവാഹിതൻ .ഭാര്യ  സൂസമ്മ. മകൾ മാർട്ടിന  ചാച്ചപ്പൻ  വിവാഹിത. ഭർത്താവ്  മാത്തച്ചൻ  ചാച്ചപ്പനെ  ക്ളീനിങ്  ആൻഡ്  വാഷിങ്ങിൽ  സഹായിക്കുന്നു .


ഒഴിവു സമയങ്ങളിൽ  പല പല  റസ്റ്റോറന്റുകൾ   സന്ദർശിക്കയും  സ്വാദിഷ്ടമായ  ഭക്ഷണം   ആവോളം  കഴിക്കയുമാണ്   തന്റെ  ഹോബി  എന്ന്  പറഞ്ഞ  ചാച്ചപ്പൻ തന്റെ   മറ്റൊരാഗ്രഹം കൂടി  ഈ  ലേഖകനോട് പങ്കു  .വെച്ചു .  ഭാര്യ  മറിയാമ്മയുടെ  കൈകൊണ്ടു   ഉണ്ടാക്കിയ  ഒരു  വിഭവം   രുചിക്കണം എന്ന   ആഗ്രഹം.

( 10.11.16 ൽ  മഞ്ഞരമ  ദിനപത്രത്തിൽ   വന്നേക്കാവുന്ന  ഒരു   ലേഖനം )



7 അഭിപ്രായ(ങ്ങള്‍):

സുധി അറയ്ക്കൽ said...

ഹാ ഹ ഹ.ഇത്തവണ എങ്ങും കൊള്ളിച്ചില്ലെങ്കിലും എവിടെയെങ്കിലും കൊണ്ടാലോ????

Dis Man said...
This comment has been removed by the author.
എം.എസ്. രാജ്‌ | M S Raj said...

സമാനമായ ചില തമാശകൾ സോഷ്യൽ മീഡിയയിൽ വായിച്ചതു കൊണ്ട് അത്ര ഗുമ്മ് വന്നില്ല. എന്നാലും ഇത്ര വിശദമായി എഴുതിയത് പ്രത്യേകം അഭിനന്ദനം അർപ്പിക്കുന്നു.

എം.എസ്. രാജ്‌ | M S Raj said...

സമാനമായ ചില തമാശകൾ സോഷ്യൽ മീഡിയയിൽ വായിച്ചതു കൊണ്ട് അത്ര ഗുമ്മ് വന്നില്ല. എന്നാലും ഇത്ര വിശദമായി എഴുതിയത് പ്രത്യേകം അഭിനന്ദനം അർപ്പിക്കുന്നു.

Bipin said...

മഞ്ഞരമ പത്രത്തിന്റെ ലേബൽ ഇല്ലാതെ കുറേക്കൂടി നന്നായി അവതരിപ്പിക്കാമായിരുന്നു.

Villagemaan/വില്ലേജ്മാന്‍ said...

നന്ദി ..സുധി അറക്കൽ ,

നന്ദി എം എസ് രാജ് ..ഈ വാട്സ്ആപ്പിനെ കൊണ്ട് തോറ്റു !

നന്ദി .ബിപിന് ..മഞ്ഞരമ ആണല്ലോ ഈ മാതിരി വാർത്തകളുടെ ഒരു ഉറവിടം !

Muralee Mukundan , ബിലാത്തിപട്ടണം said...

മലയാളിയുടെ ഗുമ്മ്
വെളിപ്പെടുത്തുന്ന ഒരു വാർത്തശകലം ,,!